കോഴിക്കോട്: സമ്പൂർണ മാലിന്യ മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാതയോരങ്ങളും മാലിന്യ അവശിഷ്ടങ്ങൾ ഇല്ലാതെ ശുചിത്വ പൂർണമാക്കണമെന്ന് കോഴിക്കോട് ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
റോഡരികുകളിൽ ഉള്ള കെട്ടിടാവശിഷ്ടങ്ങൾ, പഴയ വാഹനങ്ങൾ, വിറകുകൾ തുടങ്ങിയവയെല്ലാം രണ്ടാഴ്ചക്കകം നീക്കംചെയ്യാൻ ബന്ധപ്പെട്ട സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു. ഈ മാസം 18ന് ജില്ലാ പ്ലാനിങ് ഓഫീസിൽ ചേരുന്ന സ്പെഷ്യൽ ഡിപിസി യിൽ നൂറ് ശതമാനം വലിച്ചെറിയൽ മുക്തമാക്കിയ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപന മേധാവികൾക്ക് ആദരവും പുരസ്കാരവും നൽകും.
എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ പൂജാലാൽ അധ്യക്ഷത വഹിച്ചു. ഹരിതകേരളം കോർഡിനേറ്റർ പി ടി പ്രസാദ്, ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ഗൗതമൻ, മാലിന്യ മുക്തം നവകേരളം കോ – ഒർഡിനേറ്റർ മണലിൽ മോഹനൻ, വിനു സി കുഞ്ഞപ്പൻ, കെ ജാനറ്റ് സംസാരിച്ചു. പി പ്രകാശ് സ്വാഗതം പറഞ്ഞു.

