ഹരിത പുരസ്‌കാരങ്ങളും സമ്മാനങ്ങളും വിതരണം നാളെ

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് മണ്ണ് പര്യവേക്ഷണ വകുപ്പ് മുഖേന ഗ്രീന്‍ ക്ലീന്‍ കേരള മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹരിത മത്സരങ്ങളുടെ സമ്മാനദാനവും പരിശീലനവും ഡിസംബർ 12 ന് രാവിലെ 10 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം നിര്‍വഹിക്കും. സ്മാര്‍ട്ട് ഫോണ്‍, സ്വര്‍ണ നാണയങ്ങള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സൗജന്യ പെട്രോള്‍ കാര്‍ഡുകള്‍ തുടങ്ങിയവയാണ് സമ്മാനങ്ങള്‍. ഈ വര്‍ഷം മുതല്‍ ഹരിത മത്സരങ്ങളിലെ വിജയികള്‍ക്ക് പ്രൊഫസര്‍ ശോഭീന്ദ്രന്റെ പേരില്‍ ഒരു ലക്ഷം രൂപയുടെ പരിസ്ഥിതി അവാര്‍ഡും നല്‍കും.
വിദ്യാലയങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും എല്‍ എസ് ജി ഡി വാര്‍ഡുകള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നടുന്ന വൃക്ഷത്തൈകള്‍ വേനല്‍ കാലത്ത് സംരക്ഷിക്കുന്നതിന് വേണ്ടിയും ജില്ലയില്‍ ഒരു ഹരിത ശുചിത്വ മുന്നേറ്റം ഉണ്ടാക്കുന്നതിനും വേണ്ടിയുമാണ് പ്രത്യേക ഹരിത മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി വിതരണം ചെയ്ത തൈകളും മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍, മണ്ണ് പര്യവേക്ഷണ വകുപ്പ്, ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, സോഷ്യല്‍ ഫോറസ്ട്രി, കുടുംബശ്രീ, എന്‍എസ്എസ്, എസ്പിസി, ജെ ആര്‍ സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, സേവ്,ജീസം ഫൗണ്ടേഷന്‍ എന്നിവയുടെ കൂട്ടായ്മയായ ഗ്രീന്‍ കേരള മിഷനുമാണ് മത്സരങ്ങളും സമ്മാനങ്ങളും സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *