കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ജില്ലാ ജാഗ്രതാ സമിതിയുമായി ബന്ധപ്പെട്ട് വരുന്ന കേസുകൾ പരിഹരിക്കുന്നതിന് ലീഗൽ പാനൽ രൂപീകരിക്കാൻ തീരുമാനം. ജില്ലാ ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.
തദ്ദേശസ്വയംഭരണ സർക്കാറുകളുടെ സ്ത്രീപക്ഷ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാകുന്ന അതിക്രമത്തിനും വിവേചനത്തിനും
എതിരെ ഇടപെടാനും പരിഹരിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച
ജില്ലാ ജാഗ്രത സമിതിയുടെ മുമ്പാകെ ആറ് പരാതികൾ ലഭിക്കുകയും അവ പരിഹരിക്കുകയും ചെയ്തതായി യോഗം വ്യക്തമാക്കി.
വാർഡ് തലത്തിൽ
ജൂൺ മാസം 231 ജാഗ്രതാ സമിതി അംഗങ്ങളും പഞ്ചായത്ത് തലത്തിൽ 27 യോഗങ്ങളും നടത്തി.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട് ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
ജില്ലാ ജാഗ്രതാ സമിതി അംഗങ്ങളായ
വനിത ശിശു വികസന ഓഫീസർ സബീന ബീഗം എസ്, വനിത സംരക്ഷണ ഓഫീസർ ഷൈനി കെ, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം യശോദ, വി പി ഇന്ദിര ടീച്ചർ, പോലീസ് ഓഫീസർ മിനി സി, അഡ്വ ശരൺ പ്രേം എന്നിവർ പങ്കെടുത്തു.
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഞ്ജന പി എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അടുത്ത ജില്ലാ ജാഗ്രതാ സമിതി യോഗം ആഗസ്റ്റ് 24 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ചേരും.

