കോഴിക്കോട്: ക്യാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ ജനകീയ ക്യാമ്പയിന്റെ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ബോധവത്ക്കരണ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെയാണ് ക്യാമ്പയിന്‍.
ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ ഒരുമിച്ചു നടത്തുന്ന ജനകീയ ക്യാമ്പയിന്‍ ആണിത്. ക്യാമ്പയിന്റെ ആദ്യഘട്ടം സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ഈ കാലയളവില്‍ സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം ഗര്‍ഭാശയഗള ക്യാന്‍സര്‍ എന്നിവ നേരത്തെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ്ങും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. 30 ന് മുകളില്‍ പ്രായമുള്ളവരാണ് ക്യാമ്പയിനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗവ. നഴ്സിംഗ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ രാജേന്ദ്രന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സി കെ ഷാജി, നവകേരളം കര്‍മ്മ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ അഖിലേഷ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ മുഹ്സിന്‍, ആരോഗ്യ കേരളം കണ്‍സള്‍ട്ടന്റ് സി ദിവ്യ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

