‘2 മില്യണ്‍ പ്ലഡ്ജ്’ ഇന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജ്’ ഇന്ന് (ജൂണ്‍ 26) നടക്കും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ലഹരിവിരുദ്ധ സന്ദേശം കൈമാറുകയും ചെയ്യും. തുടര്‍ന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുമിച്ച് 20 ലക്ഷം പേര്‍ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലും. ജില്ലാ പഞ്ചായത്തിന്റെ പി ടോക്ക് യു ട്യൂബ് ചാനലിലൂടെയാണ് മുഖ്യമന്ത്രിയുടെ ഉദ്ഘാടനവും ലഹരിവിരുദ്ധ സന്ദേശവും തത്സമയം സംപ്രേഷണം ചെയ്യുക.
പ്രതിജ്ഞയുടെ ജില്ലാതല വേദിയായ കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 10.30ന് പരിപാടികള്‍ക്ക് തുടക്കമാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, എം കെ രാഘവന്‍ എം പി, എംഎല്‍എമാരായ ടി പി രാമകൃഷ്ണന്‍, എം കെ മുനീര്‍, അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയര്‍ സിപി മുസാഫര്‍ അഹമ്മദ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ‘നാടിനായി നാളേക്കായി ഒന്നിക്കാം’ എന്ന സന്ദേശത്തില്‍ നടക്കുന്ന പ്രതിജ്ഞക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പ്രതിജ്ഞ
നമ്മുടെ നാട് നേരിടുന്ന വലിയ വിപത്തുകളിലൊന്നാണ് ലഹരി ഉപയോഗമെന്ന് ഞാന്‍ തിരിച്ചറിയുന്നു.
സ്വപ്നങ്ങളെ തകര്‍ക്കുകയും ഭാവി നശിപ്പിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് ഞാന്‍ ഗൗരവപൂര്‍വ്വം പ്രതിജ്ഞയെടുക്കുന്നു.
വ്യക്തിയുടെ ആരോഗ്യവും കുടുംബങ്ങളുടെ സന്തോഷവും ഇല്ലാതാക്കുന്ന ലഹരിയെന്ന വിപത്തിനെതിരായ പോരാട്ടം ജീവിതദൗത്യമായി ഞാന്‍ ഏറ്റെടുക്കും.
ലഹരിക്ക് ഇരയായിപ്പോയവരും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതങ്ങളെ ഞാന്‍ ഉള്‍ക്കൊള്ളുന്നു.
ലഹരി ഉപയോഗം ഇരുട്ടിലേക്ക് തള്ളിവിട്ടവരെ ജീവിത ലഹരിയുടെ വെളിച്ചത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞാന്‍ പരിശ്രമിക്കും.
നാടിന്റെ കര്‍മശേഷിയെ കെടുത്തിക്കളയുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ ഒറ്റക്കെട്ടായ് ധീരമായി നമുക്ക് മുന്നേറാം.
ഇതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ നടപടികളെ ഞാന്‍ പിന്തുണക്കും.
ലഹരി വിമുക്ത കോഴിക്കോടിനായുള്ള ജില്ലാ പഞ്ചായത്തിന്റെയും മറ്റു തദ്ദേശ സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്ന് ജില്ലയിലെ ലക്ഷക്കണക്കായ മറ്റു സഹോദരങ്ങള്‍ക്കൊപ്പം ഞാന്‍ പ്രതിജ്ഞയെടുക്കുന്നു.
ജീവിതമാകട്ടെ ലഹരി, പ്രതിജ്ഞ പ്രതിജ്ഞ പ്രതിജ്ഞ