കോഴിക്കോട്: ആയുര്‍വ്വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ മാധ്യമ അവാര്‍ഡുകള്‍ക്ക് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ കെ മധു, മലയാള മനോരമ ആരോഗ്യം ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയല്‍ കോ -ഓഡിനേറ്റര്‍ അനില്‍ മംഗലത്ത്, കേരള കൗമുദി തൃശൂര്‍ ബ്യൂറോ ചീഫ് ഭാസി പാങ്ങില്‍ എന്നിവര്‍ അര്‍ഹരായി. ആയുര്‍ വേദ – ഔഷധ രംഗത്തെ പരിപോഷിപ്പിക്കുന്ന വാര്‍ത്തകള്‍ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. ഇ ടി നീലകണ്ഠന്‍ മൂസ്സ്, ഡോ. ഡി രാമനാഥന്‍, ഡോ. വി ജി ഉദയകുമാര്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററായ കെ മധു ഇരിങ്ങാലക്കുട കാറളം സ്വദേശിയാണ്. കേരള കൗമുദി, അമ്യത ടിവി , ജീവന്‍ ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവയിലായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി മലയാള മാധ്യമ മണ്ഡലത്തില്‍ സജീവമാണ്.
മാതൃഭൂമി ന്യൂസിലെ കൃഷി ഭൂമിയുടെ ശില്‍പിയാണ്. രാഷ്ട്രീയം, സാഹിത്യം, കൃഷി, കല തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ സര്‍ഗാത്മകമായ റിപ്പോര്‍ട്ടിംഗ്. മികച്ച റിപ്പോര്‍ട്ടിംഗിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ പുരസ്‌കാരം, സംസ്ഥാന കൃഷി വകുപ്പിന്റെ കര്‍ഷക ഭാരതി പുരസ്‌കാരം, ക്ഷീര വികസന വകുപ്പിന്റെ പുരസ്‌കാരം, ലയണ്‍സ് ക്ലബ്ബ് പുരസ്‌കാരം, നീന ബാലന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
മലയാള മനോരമ അരോഗ്യം ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയല്‍ കോ -ഓഡിനേറ്റര്‍ അനില്‍ മംഗലത്ത് `കൊല്ലം ചടയമംഗലം സ്വദേശിയാണ്. 1997 മുതല്‍ മാതൃഭൂമി ആരോഗ്യ മാസിക സ്ഥാപക പത്രാധിപ സമിതിയംഗമായിരുന്നു. 2006ല്‍ മനോരമ ആരോഗ്യത്തിന്റെ ചുമതല. ഹെല്‍ത്ത് എഡിറ്റേഴ്‌സ് അസോസിയേഷന്‍ ഇന്ത്യയുടെ ആരംഭകാല പ്രവര്‍ത്തകനാണ്. ആരോഗ്യം, സംസ്‌കാരം, സഞ്ചാര സാഹിത്യം തുടങ്ങിയവയില്‍ നൂറു കണക്കിന് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള കൗമുദി തൃശൂര്‍ ബ്യൂറോചീഫായ ഭാസി പാങ്ങില്‍ തൃശൂര്‍ കേച്ചേരി മഴുവഞ്ചേരി സ്വദേശിയാണ്. 19 വര്‍ഷമായി കേരള കൗമുദിയില്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഔഷധ കേരളം മാദ്ധ്യമ അവാര്‍ഡ്, ദയ മീഡിയ ഫെല്ലോഷിപ്പ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ ജില്ലാ-സംസ്ഥാന മാദ്ധ്യമ അവാര്‍ഡ്, പ്ലാറ്റൂണ്‍ പുരസ്‌കാരം, ശ്രീനാരായണസാഹിത്യ പരിഷത്ത് അവാര്‍ഡ്, മലയാളി മുദ്ര പുരസ്‌കാരം, കൊച്ചനിയന്‍ സ്മാരക കഥ അവാര്‍ഡ്, അയനം ഡോട്ട് കോം കഥാ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ‘ഉയരങ്ങളിലേക്കുളള നടപ്പാത’, കഥാകൗതുകം തുടങ്ങിയ പുസ്തകങ്ങള്‍ പുറത്തിറക്കി.


