മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആദ്യഘട്ട വികസനത്തിന് 28 കോടി

കോഴിക്കോട്: സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ല്‍ സ്ഥാപിതമായതും കുതിരവട്ടത്ത് 20 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ച് കിടക്കുന്നതുമായ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് ഘട്ടമായിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാര്‍ഡിന് നല്‍കിയത്. അതില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കിടത്തി ചികിത്സയ്ക്കായുള്ള ഇന്‍ പേഷ്യന്റ് ബ്ലോക്ക് നിര്‍മ്മാണത്തിനാണ് 28 കോടി രൂപ നബാര്‍ഡ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ആകെ വിസ്തൃതി 6249.25 മീറ്റര്‍ സ്‌ക്വയര്‍ ആണ്. 120 കിടക്കകളുള്ള ഫാമിലി വാര്‍ഡ് ആണ് ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നത്. ഒപി, ചൈല്‍ഡ് ഒപി, ഐപി എന്നിവയാണ് നിര്‍മ്മിക്കുന്നത്.പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഒരു അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള 6 നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *