പൊതുവിദ്യാഭ്യാസത്തിന്റെ കുതിച്ചുചാട്ടത്തിന് കിഫ്ബി വഴിയൊരുക്കി: മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ കുതിച്ചുചാട്ടത്തിന് കിഫ്ബി പദ്ധതി വഴിയൊരുക്കിയതായി പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടി കിഫ്ബി മുഖേന അനുവദിച്ച 3.9 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ടി എ റഹീം എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കിഫ്ബിക്കുള്ള പങ്ക് വളരെ വലുതാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 386 സ്കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സമഗ്രവികാസം ലക്ഷ്യം വച്ചുകൊണ്ട് ഭൗതിക സാഹചര്യ വികസനത്തോടൊപ്പം അക്കാദമിക മികവ് ഉയർത്തുന്നതും ഒരു ദൗത്യമായാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുവാനും നിർമ്മിത ബുദ്ധിയുടെ മേഖലയിലേക്ക് പഠനത്തെ എത്തിക്കാനും സാധിച്ച ഇന്ത്യയിലെ തന്നെ ഏക സംസ്ഥാനമായി മാറാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ റസാഖ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എ പി മോഹൻദാസ്, പിടിഎ പ്രസിഡൻ്റ് മൻസൂർ മണ്ണിൽ, വിദ്യാലയ വികസന സമിതി ചെയർമാൻ എം ധർമ്മജൻ, എസ്എംസി ചെയർമാൻ സി ഹരീഷ്, ഇ എൻ പ്രേമനാഥൻ, കെ എം അപ്പുക്കുഞ്ഞൻ, എൻ പി അഹമ്മദ്, സി സുരേഷ്, എം എം വിനോദ്, ഒ ചന്ദ്രാഗതൻ, യു സി ശ്രീലത, എ പി മിനി, ഷൈലജ ദേവി, സുരേഷ് പുതുക്കുടി, എൻ സുരേഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ എം ഷബീർ സ്വാഗതവും ഹെഡ്മാസ്റ്റർ പി സുമേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *