നിപുൺ പരമേശ്വരൻ
തീരെ അറിയാത്തതും എന്നാൽ അറിയാൻ ഏറെ താൽപ്പര്യവുമുള്ള കാര്യമാണ് നമ്മുടെ സംസ്കാരത്തിൻ്റെ ചരിത്രം. അതിൽ തന്നെ വൈഷ്ണവ ശൈവ ശാഖകളുടെ കൊടുക്കൽ വാങ്ങലുകൾ എന്നെ ഏറെ ഹരം കൊള്ളിക്കുന്ന ഒരു വിഷയം ആണ്. ഐതിഹ്യമാല ആദ്യം വായിച്ചപ്പോഴാണ് നമ്മളെ കാത്തരുളുന്ന ദൈവങ്ങളുടെ പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും കടും നിറങ്ങളിലുള്ള ലോകം പരിചയപ്പെടുന്നത്. പിന്നീട് ഇലിയഡും ഒഡിസിയും വായിച്ചപ്പോൾ ഇത് ലോകം മുഴുവനുമുള്ള പ്രതിഭാസം ആണെന്ന് മനസ്സിലായി. ആ ലോകത്തിനെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത് ഡോ. എം ജി ശശിഭൂഷൻ്റെ പുസ്തകങ്ങൾ വായിച്ചപ്പോഴാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ച ആ മായാ ലോകത്തിനെ അടുത്ത് നിന്ന് മനസ്സിലാക്കാൻ ഒരു അവസരം കിട്ടി.
കുടുംബത്തോടെയുള്ള അവധിയാത്ര ഇന്ന് ഏതൊരു മധ്യവർത്തി പുരുഷനും ഒഴിക്കാൻ പറ്റാത്തതാണല്ലോ. ഇത്തവണ ആ യാത്ര ഞങ്ങൾ തീരുമാനിച്ചത് ഹൈദരാബാദിലേക്കാണ്. ഹൈദരാബാദ് ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമാ ണ്. അവിടെ ചെല്ലുന്നവർക്ക് എന്ത് കാണണം എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോഴേക്കും നാല് ദിവസം കടന്നു പോയിട്ടുണ്ടാകും. അത്ര അധികം സ്ഥലങ്ങൾ സിറ്റിക്കു ചുറ്റുമുണ്ട് കാണാൻ. നടപ്പ് മാതൃകകളിൽ ഒതുങ്ങില്ല എന്ന ഒറ്റ വാശിയാണ് എന്നെക്കൊണ്ട് മാറ്റി ചിന്തിപ്പിച്ചത്. അങ്ങനെയാണ് 5 ദിവസം യാത്രയിൽ 3 ദിവസം ഞാൻ എൻ്റേതായ പരീക്ഷണങ്ങൾക്ക് മാറ്റി വച്ചത്.
ഹൈദരാബാദിൻ്റെ തിരക്കിൽ നിന്നും ബഹളത്തിൽ നിന്നും 10 മണിക്കൂർ ദൂരെ ആന്ധ്രയിൽ ഇന്നും ഒരർദ്ധാലസ്യത്തിൽ കഴിയുന്ന പ്രദേശമാണ് റായ ലസീമ. നോക്കെത്താദൂരത്തോളം പാടങ്ങളും പാറക്കൂട്ടങ്ങളും ആണ് പെട്ടെന്ന് വരയ്ക്കാവുന്ന റായ ലസീമയുടെ ചിത്രം. ഇടയ്ക്ക് റോഡരികിൽ കൂടി വരുന്ന ആട്ടിൻകൂട്ടങ്ങളും ഇടയന്മാരും ആണ് ജനവാസത്തിൻ്റെ ഏക ലക്ഷണം. പബ്ലിക് ട്രാൻ സ്പോർട്ട് ഇല്ലാത്തതു കൊണ്ട് ടാക്സിയിലാണ് ഞങ്ങളുടെ യാത്ര. കടപ്പയിൽ നിന്ന് പരിചയപ്പെട്ടതാണ് ഹരികൃഷ്ണനെ. അല്ലു അർജുൻ സിനിമയിലെ വില്ലൻ്റെ മുഖവും അങ്ങേയറ്റം ശാന്തവും സൗമ്യവുമായ പെരുമാറ്റം. എൻ്റെ അതേ പ്രായം ഏകദേശം. കക്ഷി ഒരു ഐ ടി എൻജിനിയർ ആണ്. 10-12 ഇൻ്റർവ്യൂ അറ്റൻഡ് ചെയ്ത് മടുത്തപ്പോൾ ടാക്സി ഓടിക്കാൻ തുടങ്ങി. ഇപ്പോൾ അനിയനും ഏട്ടനും കൂടി കടപ്പയിലും കർണൂലിലും 7 കാർ ഉണ്ട്. ഹൈദരാബാദിൽ നിന്ന് 13 മണിക്കൂർ ദൂരെ ആണ് യാഗന്തി ക്ഷേത്രം.
ശൈവ വൈഷ്ണവ പാരമ്പര്യത്തിൻ്റെ ഒരു രസകരമായ കഥ ഈ ക്ഷേത്രോൽപ്പത്തിയുമായി ബന്ധപ്പെട്ടുണ്ട്. അഗസ്ത്യമഹർഷി യാഗ ന്തിയിൽ പണ്ട് വെങ്കിടാചലപതിയുടെ ഒരു വിഗ്രഹം പ്രതിഷ്ഠിക്കാനായി തീരുമാനിച്ചു. എന്നാൽ പ്രതിഷ്ഠയ്ക്ക് തൊട്ടുമുമ്പ് വിഗ്രഹത്തിൻ്റെ കാലിലെ നഖം മുറിഞ്ഞതായി കാണപ്പെട്ടു. ഇതിൽ വിഷമിച്ച അഗസ്ത്യൻ തൊട്ടടുത്തുള്ള ഒരു ഗുഹയിൽ പോയി തപസ്സനുഷ്ഠിക്കാൻ തുടങ്ങി. ധ്യാനത്തിൽ അദ്ദേഹത്തിന് പരമശിവൻ ദർശനം കൊടുക്കുകയും അവിടം അദ്ദേഹത്തിന് കൂടുതൽ ഇഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് ഇവിടെ താനും പാർവതീ ദേവിയും ഇരിക്കാം എന്ന് പറഞ്ഞു. അങ്ങനെ അഗസ്ത്യൻ അവിടെ ഒരു ഉമാ മഹേശ്വര ക്ഷേത്രം സ്ഥാപിച്ചു. ആ വെങ്കിടാചലപതി വിഗ്രഹം ഇന്നും തൊട്ടടുത്ത ഗുഹയിൽ ഉണ്ട്. ഒരു 5 നില കെട്ടിടത്തിൻ്റെ ഉയരത്തിൽ പാറയുടെ ഉള്ളിൽ ഇരിക്കുന്ന ഈ ഗുഹ വലിയ ഒരു അത്ഭുതം തന്നെ ആണ്. അത്ഭുതങ്ങൾ വേറെയുമുണ്ട് യാഗന്തിയിൽ. വറ്റാത്ത പുഷ്കരണി, വർഷാ വർഷം വലുപ്പം വയ്ക്കുന്ന നന്തിദേവൻ്റെ വിഗ്രഹം അങ്ങനെ. ഏറ്റവും വിസ്മയിപ്പിക്കുന്നത് പക്ഷെ ഈ കഥ തന്നെ ആണ്.
ഇതേ പോലെ ഹൈദരാബാദിൽ നിന്ന് 100 കി.മീറ്റർ മാറിയാണ് യാദഗിരിഗുട്ട. നരസിംഹം 5 രൂപത്തിൽ ദർശനം കൊടുക്കുന്ന ക്ഷേത്രമാണ് യാദഗിരി ഗുട്ട. ഋഷ്യശൃംഗൻ്റെ മകനായ യാദ മഹർഷി തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തിയതാണ് ഇവിടുത്തെ പ്രതിഷ്ഠ. പിന്നീട് ആചാരങ്ങളിൽ ഭംഗം വന്നപ്പോൾ നരസിംഹം പിണങ്ങിപ്പോയി. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം മലയുടെ ഉള്ളിൽ ഒരു ഗുഹ ഇടുക്കിൽ ഒരു ആദിവാസി സ്ത്രീ കണ്ടെത്തുക ആയിരുന്നു നരസിംഹ സ്വാമിയെ പിന്നീട്. അത്യദ്ഭുതമായി ഇവിടെയും മലയുടെ ഉള്ളിൽ ആണ് പ്രതിഷ്ഠ. പുറത്ത് നിന്ന് സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു ലോകം മലയുടെ ഉള്ളിൽ തീർത്തിരിക്കുന്നു.
പഞ്ച നരസിംഹങ്ങളിൽ ഒരു നരസിംഹം ഗണ്ടഭേരുണ്ടൻ ആണ്. ശൈവ വൈഷ്ണവ കഥാസാഗരത്തിലെ കടും നിറത്തിലുള്ള ഒരു കഥാ പാത്രം ആണ് ഗണ്ടഭേരുണ്ടൻ. കർണാടക സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അടയാളമാണ് ഗണ്ടഭേരുണ്ടൻ. രൗദ്രത്തിൻ്റെ മൂർദ്ധന്യത്തിൽ എത്തിയ നരസിംഹത്തിനെ ഒതുക്കാൻ അവതരിച്ച ശിവൻ്റെ അവതാരമാണ് ശരഭൻ. വളരെ ഭീതി ജനിപ്പിക്കുന്ന ഒരു രൂപമാണത്. ആ ശരഭനെ നേരിടാൻ വൈഷ്ണവരുടെ കണ്ടുപിടുത്തം ആണ് ഗണ്ടഭേരുണൻ. രണ്ട് തലയുള്ള ഒരു പരുന്തിൻ്റെ രൂപമാണ് ഗണ്ടഭേരുണ്ടന്. നമ്മുടെ നാട്ടിൽ വാമൊഴിപ്പാട്ടിൽ ഒതുങ്ങിയ ദേവതാ കഥകൾ വിന്ധ്യന് അടുത്തെത്തിയപ്പോഴേക്കും ക്ഷേത്ര കലകളിലേക്കും ശിൽപശാസ്ത്രത്തിലും എത്തി എന്ന് മാത്രമേ എനിക്ക് ഇതിൽ നിന്ന് മനസ്സിലാവുന്നുള്ളൂ.
എഴുതിയതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.
ഹൈദരാബാദിനെ തൊട്ടറിയാനൊരു യാത്ര

