ഊരാളുങ്കൽ സൊസൈറ്റിയുടെ കോൺക്രീറ്റ് പ്ലാന്റിന്  ബിഐഎസ് സർട്ടിഫിക്കേഷൻ

തിരുവനന്തപുരം ജില്ലയിൽ ആദ്യം; സംസ്ഥാനത്ത് അഞ്ചാമത്തെ സ്ഥാപനം


കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS)യുടെ വിഴിഞ്ഞം നെട്ടത്താണിയിലെ കോൺ‌ക്രീറ്റ് മിക്സിങ് യൂണിറ്റിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അംഗീകാരം. ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്ത് അഞ്ചാമത്തെയും സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി. ഐ‌എസ്/ഐ‌എസ്‌ഒ 9001:2015 ഗുണനിലവാര മാനേജ്മെന്റ് സംവിധാനവും റെഡി മിക്സഡ് കോൺക്രീറ്റിനുള്ള പ്രത്യേക ഇന്ത്യൻ സ്റ്റാൻഡേർഡായ ഐ‌എസ് 4926:2003-ഉം പാലിക്കുന്നതിനുള്ള ഇരട്ടസർട്ടിഫിക്കേഷനാണു ലഭിച്ചത്.


അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച കർശനമാനദണ്ഡങ്ങളാണ് പ്ലാന്റിനുള്ളതെന്ന് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നു. റെഡി മിക്സഡ് കോൺക്രീറ്റ് (ആർഎംസി) നിർമ്മാണപ്രക്രിയക്കുള്ള ഈ സുപ്രധാനലൈസൻസ് ഈ പ്ലാന്റിന്റെ ഉയർന്ന ഗുണനിലവാരവും മാനദണ്ഡങ്ങളും ഭാവിയിലും ഉറപ്പാക്കും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആക്റ്റ് 2016 പ്രകാരമുള്ള ഈ ലൈസൻസ് അനുവദിച്ചതിനെ തുടർന്ന് ഗുണനിലവാര മാനേജ്മെന്റ് സിസ്റ്റംസ് ലൈസൻസികളുടെ ബിഐഎസ് രജിസ്റ്ററിൽ ഊരാളുങ്കൽ സൊസൈറ്റിയെ ഉൾപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *