ഇനി ടെറസിലും മുറ്റത്തും കൃഷി ചെയ്യാം; മൺ ചട്ടിയുമായി ഒളവണ്ണ പഞ്ചായത്ത്‌

കോഴിക്കോട്: പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷിയുമായി ഒളവണ്ണ പഞ്ചായത്ത്‌. ‘മട്ടുപ്പാവിൽ മൺചട്ടി’ പദ്ധതിയിലൂടെ ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്.

കൃഷി ചെയ്യാൻ താല്പര്യമുള്ള, എന്നാൽ കൃഷി ചെയ്യാനിടമില്ലാത്ത കർഷകർക്ക് പച്ചക്കറി കൃഷി ചെയ്യാനുള്ള പ്രോത്സാഹനമായി ഈ പദ്ധതി മാറി. ഇത് വരെ പഞ്ചായത്തിൽ 750 കർഷകർക്കാണ് മൺചട്ടിയും നല്ലയിനം വിത്തും വളവും ഉൾപ്പെടെയുള്ള കിറ്റ് വിതരണം ചെയ്തത്.

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിൽ മൂന്ന് ലക്ഷം രൂപ ഗുണഭോക്തൃ വിഹിതമാണ്.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം തന്നെ പച്ചക്കറി കൃഷി പൂർണ്ണമായും പ്രകൃതി സൗഹൃദമാക്കാനുമുള്ള ലക്ഷ്യത്തിലേക്കാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *