എം പി വര്‍ഗീസ് പുരസ്‌കാരം എം ടിക്ക്          

കോഴിക്കോട്: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രൊഫ. എം പി വര്‍ഗീസ് പുരസ്‌കാരം  സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 16ന് ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡും സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. മാത്യൂസ് എഫ്രേമും പ്രശസ്തിപത്രം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസും എം ടിക്ക് കൈമാറും.

1953ല്‍ സ്ഥാപിതമായ മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സ്ഥാപകസാരഥിയായ പ്രൊഫസര്‍ എം പി വര്‍ഗീസിന്റെ സ്മരണാര്‍ഥം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷനും കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി എം പി വര്‍ഗീസ് സ്ഥാപിച്ച സംഘടനയായ ഓഫറും (ഓര്‍ഗനൈസേഷന്‍ ഓഫ് ഫാര്‍മേഴ്‌സ് ഫോര്‍ എസ്റ്റാബ്ലിഷ്‌മെന്റ്റ് ഓഫ് റൈറ്റ്സ്) ചേര്‍ന്നാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
2022-ലെ പ്രഥമ എം പി വര്‍ഗീസ് പുരസ്‌കാരം രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രവിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങിനാണ് സമര്‍പ്പിച്ചത്. പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞനും ഭാരതരത്ന അവാര്‍ഡ് ജേതാവുമായ പ്രൊഫസര്‍ സി എന്‍ ആര്‍ റാവുവിനാണ് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം നല്‍കിയത്.

വാര്‍ത്താസമ്മേളനത്തില്‍ മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. വിന്നി വര്‍ഗീസ്, എം എ കോളേജ് ഓഫ് എന്‍ജിനിയറിങ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ദീപക് എല്‍ദോ ബാബു, ഡോ. അശ്വതി ബാലചന്ദ്രന്‍  എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *