ആട് ജീവിതങ്ങൾ എങ്ങനെ തടയാം?


ഡോ. പി കെ ശശിധരൻ

ആട് ജീവിതം സിനിമ കണ്ടു.
ബെന്യാമിന്റെ ആട് ജീവിതം നോവൽ ഒരു കൊല്ലം മുൻപ് വായിച്ചു- ഹൃദയ സ്പർശിയായ ജീവിത കഥ. അത് അങ്ങനെ തന്നെ അതേ രീതിയിൽ ബെന്യാമിൻ, ബ്ലെസി, പൃഥ്വിരാജ് കൂട്ടുകെട്ടിന് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സിനിമ കാണുന്നതിന് മുൻപ് അടുത്ത ദിവസം ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു നിരൂപണവും വായിച്ചു. എന്തെങ്കിലും കുറ്റം പറഞ്ഞാലേ നിരൂപണം ആവുകയുള്ളൂ എന്ന വിശ്വാസത്താലായിരിക്കും നിരൂപകൻ പറയുന്നത്, അഭിനയത്തിൽ ആവർത്തന വിരസത ഉണ്ട് എന്നാണ്. എന്നാൽ അങ്ങനെ ഒന്ന് ഉള്ളതായി എനിക്ക് തോന്നിയിട്ടേ ഇല്ല- ആവർത്തന വിരസത ആണ് ആടു ജീവിതം അനുഭവിക്കുന്നവരുടെ ജീവിതം തന്നെ എന്ന് തിരിച്ചറിയാനുള്ള കഴിവ് പോലും ആ നിരൂപകനില്ലാതെ പോയി. ഒരു ഇരുപതു കൊല്ലം മുൻപ് എന്റെ അടുത്ത് consultation നുവേണ്ടി വന്ന ഒരാളെ എനിക്ക് ഇപ്പോഴും ഓർമ വരുന്നു. ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായ ഒരാൾ വളരെ പ്രതീക്ഷയോടെ ഗൾഫിൽ ജോലിക്കു പോയി – എന്നാൽ അവിടെ അയാൾക്ക്‌ ലഭിച്ച ജോലി വിചിത്രമായിരുന്നു – ഒരു അറബിയുടെ ആടുകളെ നോക്കലായിരുന്നു അയാളുടെ ജോലി എന്നത് എന്നെ ഒരുപാടു വിഷമിപ്പിച്ചു. പിന്നീട് ബെന്യാമിന്റെ നോവൽ വായിക്കുമ്പോൾ അതിൽ അതിശയോക്തി ഇല്ല എന്ന് എനിക്ക് അന്നേ മനസിലായതാണ്.  ആട് ജീവിതങ്ങൾ  ഇല്ലാതിരിക്കാൻ മനുഷ്യത്വമുള്ള ഒരു സമൂഹം സൃഷ്ടിക്കണം. അതിനു സമൂഹത്തിൽ ഏറ്റവും ആവശ്യം നല്ല പ്രൈമറി സ്കൂൾ അധ്യാപകരും നല്ല പ്രൈമറി കെയർ ഡോക്ടർമാരുമാണ്. അതോടൊപ്പം സാമൂഹ്യ സുരക്ഷ, മാനവിക വികസനം ,  സാമ്പത്തിക സുരക്ഷ ഒക്കെ നടപ്പാക്കണം. കേരള ഗവണ്മെന്റ് ഈ കാര്യങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും  പ്രശംസനീയമായി ഇപ്പോൾ ഇടപെടുന്നുണ്ട് എന്ന് നാം ഓർമിക്കണം. നജീബിനെ മാതിരി പോകുന്നവർ ഇപ്പോൾ കേരളത്തിൽ ഉണ്ടാകില്ല. ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ യുവാക്കൾ അനധികൃതമായി മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്നത് . അഴിമതിയില്ലാത്ത, മനുഷ്യത്വമുള്ള, വിദ്യാഭ്യാസമുള്ള, ശാസ്ത്രീയ കാഴ്ചപ്പാടുള്ള , മതാധിഷ്ഠിതമല്ലാത്ത ഒരു സമൂഹത്തിനു വേണ്ടി ഇനിയെങ്കിലും നമുക്ക്‌ പ്രവർത്തിക്കാം, ആട് ജീവിതങ്ങൾ ഉണ്ടാവാതിരിക്കാൻ.    സാന്ദർഭികമായി ആട് ജീവിതം സിനിമ കാണാൻ കയറുന്നതിനു മുൻപ് കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച്  ബെന്യാമിനെ കാണാനും ഇടയായി എന്നത് ഒരു നിമിത്തം മാത്രം.

ഡോ. പി കെ ശശിധരൻ

Leave a Reply

Your email address will not be published. Required fields are marked *