വാസുദേവന്‍ കുപ്പാട്ട്
യുനസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ നഗരം എന്ന നിലയില്‍ കോഴിക്കോടിന്റെ സാംസ്കാരിക യശസ്സ് കടല്‍ കടക്കുകയാണ്. വിദേശാധിപത്യത്തിനെതിരെ ശക്തമായ പോരാട്ടത്തിന് തുടക്കമിട്ട ചരിത്രനഗരമെന്ന നിലയില്‍ വിഖ്യാതമായ കോഴിക്കോട് വീണ്ടും സര്‍ഗാത്മക, സാഹിത്യ ചരിത്രത്തില്‍ വിസ്മയങ്ങളുടെ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ഒരുങ്ങുകയായി. അതിന്റെ ആലോചനകള്‍ സാംസ്കാരികരംഗത്ത് തുടങ്ങിക്കഴിഞ്ഞു.
എന്താണ് സാഹിത്യനഗരപദവി
സാഹിത്യത്തെയും സാഹിത്യ അന്തരീക്ഷത്തെയും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി യുനസ്കോ 55 നഗരങ്ങളെയാണ് സാഹിത്യനഗരപദവി നല്കി കൂടെ നിര്‍ത്തുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട് മാത്രമാണ്. സംഗീതനഗരമായി മധ്യപ്രദേശിലെ ഗ്വാളിയോര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാഹിത്യനഗരപദവി ലഭിക്കുന്നതോടെ ഈ പട്ടികയില്‍ ഇടംനേടിയ രാജ്യങ്ങളിലേക്ക് ഇവിടെനിന്നുള്ള എഴുത്തുകാര്‍ക്കും സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും പഠനയാത്ര നടത്താം. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കും. അതേസമയം, വിദേശരാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്ക് കോഴിക്കോട്ടെത്തി താമസിച്ച് പുസ്തകം തര്‍ജമ ചെയ്ത് അവരുടെ സാഹിത്യത്തിന് മുതല്‍ക്കൂട്ടാം. അങ്ങനെ സര്‍ഗാത്മകതയുടെ ലോകത്ത് അതിരുകള്‍ മായ്ക്കപ്പെടുന്ന കാഴ്ചയാണ് കാണാന്‍ പോകുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. സാഹിത്യനഗരപദവിയുള്ള പ്രാഗ്, കാര്‍ക്കോവ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പഠിച്ചശേഷമാണ് കോഴിക്കോട് സാഹിത്യനഗരം പദവിക്കുള്ള ശ്രമങ്ങള്‍ ഊര് ജിതമാക്കിയത്. കിലയുടെ സഹകരണത്തോടെയായിരുന്നു നീക്കങ്ങള്‍. എന്‍.ഐ.ടിയുടെ സാങ്കേതികസഹായവും ലഭിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി.
പ്രാഗില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ത്ഥിനി ലുഡ്മില കൊളഷോവ കോഴിക്കോട്ടെത്തി വിശദമായ പഠനം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാഹിത്യനഗരപദവിക്കുള്ള സാധ്യത തെളിഞ്ഞത്. ലുഡ്മില കൊളഷോവ ഇവിടെയുള്ള എന്‍.ഐടി, ഐ.ഐ.എം പോലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വായനശാലകള്‍, പ്രസാധക സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചിരുന്നു. ഏതാനും മാസം അവര്‍ കോഴിക്കോട്ട് ചെലവിടുകയുണ്ടായി. എഴുത്തുകാരുമായും ആശയവിനിമയം നടത്തി.
എന്‍.ഐ.ടി ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിങ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും എടുത്തു പറയേണ്ടതാണ്. കോഴിക്കോടിന്റെ സാഹിത്യ സ്രോതസ്സുകളും ആസ്തികളും സമഗ്രമായി രേഖപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. സാഹിത്യോത്സവങ്ങള്‍, പുസ്തക പ്രസാധനം, ലൈബ്രറികളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം രേഖപ്പെടുത്തുകയുണ്ടായി. 550ഓളം ലൈബ്രറികള്‍ കോഴിക്കോട്ടുണ്ട്. നൂറിലധികം പുസ്തകശാലകള്‍ പ്രവര്‍ത്തിക്കുന്നു. പ്രസാധക സ്ഥാപനങ്ങള്‍ എഴുപതില്‍ ഏറെയുണ്ട്. ഇത്തരത്തിലുള്ള വിവരങ്ങളെല്ലാം ക്രോഡീകരിക്കുകയുണ്ടായി. കിലയിലെ ഡോ. അജിത്ത് കാളിയത്ത് ആണ് സങ്കലനം നിര്‍വഹിച്ചത്. 2021 ഡിസംബറിലാണ് സാഹിത്യനഗരപദവിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. 2023 കേരളപ്പിറവി ദിനത്തില്‍ അത് യാഥാര്‍ത്ഥ്യമായി.
ഭാഷയും സംസ്കാരവും വിനിമയം ചെയ്ത കാലം
ചരിത്രകാലം മുതല്‍ വാണിജ്യനഗരമാണ് കോഴിക്കോട്. ബ്രിട്ടീഷുകാരും ഡച്ചുകാരും പോര്‍ച്ചുഗീസുകാരും കുരുമുളകും ഇഞ്ചിയും ഗ്രാമ്പൂവും കറുകപട്ടയും ഇവിടെ നിന്ന് കൊണ്ടുപോയപ്പോള്‍ പകരമായി ഭാഷയും ജീവിതരീതികളും സംസ്കാര വിശേഷങ്ങളും ഇവിടെ നിക്ഷേപിച്ചു. അറബി, പേര്‍ഷ്യന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ അന്യദേശഭാഷകളിലെ പദങ്ങളും പ്രയോഗങ്ങളും ഇവിടെ വേരുപിടിച്ചു. വിദേശിയെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തവിധം ജനജീവിതവുമായി വിദേശഭാഷകളിലെ പദങ്ങള്‍ ഇണങ്ങിചേര്‍ന്നു. അത്തരം കൊടുക്കല്‍ വാങ്ങലുകളുടെ ആധുനിക രൂപമായാണ് സാഹിത്യനഗരപദവി കോഴിക്കോട്ട് നങ്കുമിടുന്നത്. ബ്രിട്ടീഷ് സാഹിത്യവും റഷ്യന്‍ സാഹിത്യവും ലാറ്റിനമേരിക്കന്‍ എഴുത്തും എല്ലാം നമുക്ക് പ്രിയപ്പെട്ടതാണ്. അതുപോലെ നമ്മുടെ സാഹിത്യകൃതികള്‍ ഇതിനകം തന്നെ വിവിധ ലോകഭാഷകളില്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. തകഴി, ബഷീര്‍, എം.ടി, കമലാ സുരയ്യ, ഒ വി വിജയന്, മുകുന്ദന്, ആനന്ദ് തുടങ്ങിയവരുടെ മാത്രമല്ല, പുതിയ എഴുത്തുകാരുടെ രചനകളും പുറംലോകം വായിക്കുന്നു. ലബ്ധപ്രതിഷ്ഠരായ ഒരു പറ്റം എഴുത്തുകാരുടെ സങ്കേതം കൂടിയാണ് കോഴിക്കോട്. അതുകൊണ്ടുതന്നെ സാഹിത്യനഗരപദവി സര്‍ഗാത്മക ലോകത്ത് മുന്നേറ്റത്തിന്റെ ചരിത്രമെഴുതും എന്നാണ് സൂചന.
ബഷീറിന്റെയും എസ്.കെയുടെയും കാല്‍പ്പാടുകള്‍ പതിഞ്ഞ നഗരം
ഇസ്തിരി ഭാഷയുടെ ആഖ്യയും ആഖ്യാതവും വകവെക്കാതെ ജീവിതത്തിന്റെ വ്യാകരണം സാഹിത്യത്തിന്റെ അലകും പിടിയുമായി മാറ്റിയ ബഷീറിനെ സ്മരിക്കാതെ കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രം തുടങ്ങാനാവില്ല. ജന്മംകൊണ്ട് തലയോലപ്പറമ്പുകാരനാണെങ്കിലും ജീവിതത്തിന്റെ ബൃഹത്തായ കര്‍മകാണ്ഡം ബഷീര്‍ ചെലവിട്ടത് കോഴിക്കോട്ടാണ്. നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ മാറി ബേപ്പൂരില്‍ താമസമാക്കിയ ബഷീര്‍ നഗരത്തിന്റെ കഥകള്‍ മനുഷ്യപറ്റോടെ എഴുതി. അവിടെ മുച്ചീട്ടുകളിക്കാരനും മണ്ടന്‍ മുസ്തഫക്കും ആടിനെ വളര്‍ത്തിയ പാത്തുമ്മയ്ക്കും സ്ഥാനമുണ്ടായിരുന്നു. ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന് എന്ന് നിഗളിച്ച കുഞ്ഞുപ്പാത്തുമ്മയ്ക്കും മജീദിനും സുഹറയ്ക്കും മാത്രമല്ല, ഭൂമിയുടെ എല്ലാ അവകാശികള്‍ക്കും സാഹിത്യത്തിലും ജീവിതത്തിലും ചില നിയോഗങ്ങളുണ്ടെന്ന് ബഷീര്‍ പറഞ്ഞു.
പാത്തുമ്മയുടെ ആടും ന്റുപ്പാപ്പക്കൊരാനണ്ടാര്ന്ന് എന്ന നോവലും മറ്റും നേരത്തെ തന്നെ ലോകസഞ്ചാരം തുടങ്ങിയിട്ടുണ്ട്. ബ്രിട്ടീഷ് ഭാഷാ പണ്ഡിതനും വിവര്‍ത്തകനുമായ ആര്. ഇ ആഷര്‍ ബഷീറിന്റെ പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന് എന്നീ കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്. എന്നാല്‍ സാഹിത്യനഗരം പദവി കോഴിക്കോടിന് ലഭിക്കുന്നതോടെ പുതിയ സഞ്ചാരപഥങ്ങള്‍ ബഷീറിന്റെ ആശയലോകത്തിലേക്കും തെളിഞ്ഞുവരും.
കോഴിക്കോടിന്റെ സാഹിത്യ സഞ്ചയം ബഷീറില്‍ മാത്രം ഒതുങ്ങുന്നതല്ല എന്ന് എല്ലാവര്ക്കും അറിയാം. യൂറോപ്യന്‍ രാജ്യങ്ങളിലും കാപ്പിരികളുടെ നാട്ടിലും ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലും സഞ്ചരിച്ച് തെളിമയുള്ള സഞ്ചാരസാഹിത്യകൃതികള്‍ സമ്മാനിച്ച എസ്.കെ പൊറ്റക്കാടിനെ വിസ്മരിച്ചുകൊണ്ടുള്ള ഒരു കോഴിക്കോടന്‍ വായന ഒരിക്കലും പൂര്‍ണമാവില്ല. അതിരാണിപ്പാടം എന്ന നാട്ടുപ്രദേശത്തിന്റെ കഥ പറഞ്ഞ ദേശത്തിന്റെ കഥയും മിഠായിതെരുവിന്റെ മധുരം മണക്കുന്ന തെരുവിന്റെ കഥയും കോഴിക്കോടിന്റെ ഉള്‍ത്തുടിപ്പുകളാണ്. മിഠായിതെരുവിലേക്ക് മിഴി പായിച്ച് നില്ക്കുന്ന എസ്.കെയുടെ പ്രതിമ നിരവധി ഓര്‍മകളിലേക്ക് നമ്മെ കൊണ്ടുപോവുന്നു.
സൗകര്യങ്ങളും സംവിധാനങ്ങളും ഏറെക്കുറഞ്ഞ ഒരു കാലയളവിലാണ് എസ്.കെ ലോകത്തെ തന്നാലാവും വിധം കൂട്ടികെട്ടാന്‍ ശ്രമിച്ചത്. ബാലിയിലേയും മലേഷ്യയിലേയും തനതായ സംസ്കാരവും ജീവിതവും നോക്കികാണുക മാത്രമല്ല, അവര്‍ ഏതെല്ലാം നിലയില്‍ മലയാളികളുമായി ബന്ധപ്പെട്ടു കിടക്കുന്ന എന്ന കാര്യവും എസ്.കെ ആലോചിക്കുകയുണ്ടായി. വഴുക്കലുള്ള പാടവരമ്പിലൂടെ നടക്കുമ്പോള്‍ തള്ളവിരല്‍ മണ്ണില്‍ അമര്‍ത്തിപിടിക്കണം എന്ന് നമുക്കറിയാം. അതേ വിദ്യ നടത്തത്തില്‍ സൂക്ഷിക്കുന്നവരാണ് ബാലിദ്വീപില്‍ ഉള്ളവരും എന്ന എസ്.കെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിരീക്ഷണപാടവത്തിന്റെ സവിശേഷത നമുക്ക് ബോധ്യപ്പെടും. എസ്.കെ മാത്രമല്ല, പൊന്നാനി്ക്കാരനെങ്കിലും ഉറൂബും കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് എഴുത്തിന്റെ വീര്യം വലിച്ചെടുത്ത പ്രതിഭയാണ്. കവിതയില്‍ ആധുനികതയുടെ വജ്രകുണ്ഡലങ്ങള്‍ തൂക്കിയ എന്‍.എന്‍ കക്കാടിനെയും ശ്യാമസന്ധ്യയെ ആവാഹിച്ച ആര്. രാമചന്ദ്രനെയും നമുക്ക് കോഴിക്കോടുമായി ബന്ധപ്പെടുത്തി മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.
ജ്ഞാനപീഠ പുരസ്കാരം കോഴിക്കോടിന്റെ മണ്ണില്‍ എത്തിച്ച എം.ടി വാസുദേന്നായര് മലയാളഭാഷയുടെ എന്ന പോലെ കോഴിക്കോടിന്റെയും സ്വകാര്യ അഹങ്കാരമാണ്. ജന്മംകൊണ്ട് കൂടല്ലൂര്ക്കാരനെങ്കിലും കര്‍മം കൊണ്ട് എത്രയോ വര്‍ഷങ്ങളായി കോഴിക്കോട്ടുകാരനാണ്. ചരിത്രകാരന് എം.ജി.എസ് നാരായണനും പരപ്പനങ്ങാടി എന്ന സ്വദേശം വിട്ട് കോഴിക്കോട്ട് സ്ഥിരവാസമായിട്ട് ഏറെയായി.
ലക്ഷണമൊത്ത ആദ്യത്തെ നോവല്‍ ഇന്ദുലേഖയുടെ കര്‍ത്താവായ ചന്തുമേനോന്‍, കുന്ദലത എന്ന ആദ്യകാല നോവല്‍ രചിച്ച അപ്പു നെടുങ്ങാടി, കവിയും സാമൂഹ്യവിമര്ശകനുമായ സഞ്ജയന്, അരങ്ങുകാണാത്ത നടന് എന്ന ആത്മകഥയിലൂടെ അറിയപ്പെട്ട തിക്കോടിയന് എന്നിങ്ങനെ എത്രയോ സര്ഗപ്രതിഭകള് കോഴിക്കോടിനെ തൊട്ടുതലോടിയാണ് കടന്നുപോയത്. എന്‍.വി കൃഷ്ണവാരിയര്‍ കവിയായും പത്രാധിപരായും പരിസ്ഥിതി പ്രവര്‍ത്തകനായും കോഴിക്കോടിന് നല്കിയ സംഭാവന വിസ്മരിക്കാവതല്ല. നാടകാചാര്യന് കെ.ടി മുഹമ്മദ്, നാടകകൃത്ത് പി.എം താജ്, കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍, കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരി, കവി എം.എന്‍ പാലൂർ, ടി.പി രാജീവന് തുടങ്ങിയവരെല്ലാം കോഴിക്കോടിന്റെ മണ്ണുമായി പല പ്രകാരത്തില്‍ സര്‍ഗാത്മകമായി ബന്ധം പുലര്‍ത്തി കടന്നുപോയവരാണ്.
കോലായചര്ച്ചയുടെ പൈതൃകഭൂമി
എഴുത്തുകാരുടെ നഗരമായ കോഴിക്കോട്ട്് എഴുത്തിനെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന മഹത്തായ പാരമ്പര്യം നേരത്തെ ഉണ്ടായിരുന്നു. അറുപതുകളില്‍ തുടങ്ങിയ കോലായചര്‍ച്ച അതിന്റെ തുടക്കമായിരുന്നു. സാഹിത്യാസ്വാദനത്തിന്റെയും നിശിതമായ വിമര്‍ശനത്തിന്റെയും വേദിയായിരുന്നു അത്. പുതിയ പുസ്തകങ്ങള്‍ മുതല്‍ എഴുത്തുകാരന്റെ പുതിയ കഥയോ കവിതയോ വരെ നിര്‍ദയം പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെട്ടതിന്റെ ഓര്മ ഡോ. എം.ജി.എസ് നാരായണന്, കവി പി.പി ശ്രീധരനുണ്ണി എന്നിവര്‍ പങ്കുവെക്കുന്നു. എം.ജി.എസ്,ഉറൂബ്, എന്‍.എന്‍ കക്കാട്, ജോര്‍ജ് ഇരുമ്പയം, എന്‍.പി മുഹമ്മദ്, കവി ആര്. രാമചന്ദ്രന് എന്നിവര്‍ സ്ഥിരമായി ചര്‍ച്ചയില്‍ പങ്കെടുക്കാറുണ്ടായിരുന്നു. പലപ്പോഴും ആര്. രാമചന്ദ്രന്റെ വീട്ടില്‍ വെച്ചാവും സദസ്സ്. ആദ്യകാലത്ത് ഉ്ച്ചക്ക് അവസാനിപ്പിക്കുന്ന വിധത്തിലായിരുന്നു. പിന്നീട് വൈകുന്നേരം വരെ നീണ്ടു. എണ്‍പതുകളില്‍ കോലായ ചര്‍ച്ച നിലച്ച മട്ടായി. കവി ആര്. രാമചന്ദ്രന്റെ മരണശേഷം പി.എം നാരായണനും മറ്റും അടങ്ങുന്ന പുതിയ തലമുറ കോലായ ചര്‍ച്ചയെ സജീവമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോഴിക്കോടിന് സാഹിത്യനഗര പദവി ലഭിക്കുന്നതോടെ ഇത്തരം അനൗപചാരിക സംവിധാനങ്ങള്‍ പുഷ്ടിപ്പെടുമെന്ന്് പ്രതീക്ഷിക്കാം.
സുല്ത്താന്വീടും സ്മാരകശിലകളും
മുസ്ലിം ജീവിതത്തിന്റെ ഈടുവെപ്പുകള്‍
മുസ്ലിംജനവിഭാഗങ്ങളുടെ സാമൂഹ്യജീവിതം പ്രതിപാദിക്കുന്ന ഒട്ടനവധി രചനകള്‍ ഇവിടെനിന്ന് ഉദയം കൊണ്ടു. ആ വിഭാഗത്തില്‍ നിന്ന് പ്രതിഭാശാലികളായ എഴുത്തുകാരും മുളപൊട്ടി. കുറ്റിച്ചിറയിലേയും മറ്റും മുസ്ലിംഭവനങ്ങളുടെ കഥ പറയുന്ന സുല്‍ത്താന്‍വീട് എഴുതിയ പി.എ മുഹമ്മദ്കോയ ആ രംഗത്തെ പ്രഗത്ഭനാണ്. ചന്ദ്രിക വാരികയുടെ പത്രാധിപര്‍ കൂടിയായ അദ്ദേഹം എഴുത്തിന്റെ സൂക്ഷ്മതകള്‍ തിരിച്ചറിഞ്ഞ പത്രപ്രവര്‍ത്തകനും കളിയെഴുത്തുകാരനുമായിരുന്നു. പുനത്തില്‍ കുഞ്ഞബ്ദുല്ല വടകരക്കാരനെങ്കിലും തന്റെ എഴുത്തുജീവിതം സമര്‍പ്പിച്ചത് കോഴിക്കോട്ടായിരുന്നു. സ്മാരകശിലകള്‍ എന്ന നോവലില്‍ അദ്ദേഹം സൃഷ്ടിച്ച ഖാന് ബഹദൂര്‍ പൂക്കോയ തങ്ങള്‍ എന്ന കഥാപാത്രം ഇന്നും സാഹിത്യലോകത്ത് തലയുയര്‍ത്തി നില്ക്കുന്നു. കല്ലായിക്കടവത്ത് ഒഴുകിനീങ്ങുന്ന മരമുട്ടിയിലും സാഹിത്യത്തിന്റെ കാതല്‍ കണ്ടെത്തിയ എന്‍.പി മുഹമ്മദിനെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. മരം, എണ്ണപ്പാടം, ഹിരണ്യകശിപു, ദൈവത്തിന്റെ കണ്ണ് തുടങ്ങിയ രചനകള്‍ കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് വളവും വെള്ളവും നേടിയ രചനകളാണ്. എന്‍.പിയും എം.ടിയും ചേര്‍ന്നെഴുതിയ അറബിപ്പൊന്ന് ഇന്നും മാറ്റു കുറയാതെ സഹൃദയലോകത്ത് തിളങ്ങിനില്ക്കുന്നു.
തൃക്കേട്ടൂര് കഥകളിലൂടെ മിത്തുകളുടെ മറുപുറം തേടിയ യു.എ ഖാദര്‍ ബര്‍മയില്‍ തുടങ്ങിയ ജീവിതം കൊയിലാണ്ടിയിലേക്ക് പറിച്ചുനട്ടു. എന്നാല്‍ എഴുത്തിന്റെ ശാഖകള്‍ തളിര്‍ത്ത് വളര്‍ന്നു പന്തലിച്ചത് കോഴിക്കോട്ടാണ്. അറബിക്കടലിന്റെ തീരം, തൃക്കോട്ടൂര്‍ പെരുമ, അടിയാധാരം, ഒരു പിടിവറ്റ് തുടങ്ങി എത്രയോ രചനകള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിച്ചു. വി.പി മുഹമ്മദ്, കവി പി.ടി അബ്ദുറഹിമാന് തുടങ്ങിയവരും സ്മരണീയരാണ്. ഈ നിര അവസാനിക്കുന്നില്ല. എഴുത്തിലും സംസ്കാരത്തിലും മുസ്ലിം പ്രാതിനിധ്യം തുടരുകയാണ്.
പുതിയ പദ്ധതികള്‍
യുനസ്കോ സാഹിത്യനഗരം പദവി ലഭിക്കുന്നതോടെ കോഴിക്കോടിന് കൈവരുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. സുസ്ഥിര നഗരവികസനത്തിനുള്ള ഘടകം എന്ന നിലയിലാണ് യുനസ്കോ നഗരങ്ങളിലെ സര്‍ഗാത്മകതയെ ഏകോപിപ്പിക്കുന്നത്. 2004ലാണ് യുനസ്കോ (യുനൈറ്റഡ് നാഷന്‍സ് എജ്യൂക്കേഷണല്‍, സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന്) ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്ക് ആരംഭിച്ചത്. സാഹിത്യം, സംഗീതം, നാടന്‍കല, ഡിസൈന്‍, ഫിലിം തുടങ്ങിയ തീമുകളിലായി 350ലധികം നഗരങ്ങള്‍ ശൃംഖലയുടെ ഭാഗമായി ഉണ്ട്. ലിറ്റററി സിറ്റി എന്ന തലക്കെട്ടില്‍ ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് കോഴിക്കോട്.
പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ ബാലസാഹിത്യോത്സവം സംഘടിപ്പിക്കും. എഴുത്തുകാരുടെ വീടുകളും അവരുടെ സാഹിത്യ ആസ്തികളും ബന്ധിപ്പിച്ച് സാഹിത്യനടത്തം ഒരുക്കും. ആഗോളതലത്തില്‍ കഥ പറയല്‍ മത്സരം, തെരുവിലെ വായന, പ്രമുഖ എഴുത്തുകാരുടെ ചരമവാര്‍ഷികത്തില്‍ അനുസ്മരണം, പുസ്തകങ്ങള്‍ പങ്കിട്ടു വായന എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി വരും.
എഡിന്‍ബറോയാണ് ആദ്യത്തെ സാഹിത്യനഗരമായത്. 2004ല്‍. മാഞ്ചെസ്റ്റര്‍, മെല്‍ബണ്‍, പ്രാഗ്, റിയോ ഡി ജനറോ തുടങ്ങിയ നഗരങ്ങളും പിന്നീട് പട്ടികയില്‍ ഇടം നേടി. കോഴിക്കോടിനൊപ്പം ജോര്‍ജ്ജിയയില്‍ നിന്നുള്ള ക്യൂടൈസിയും സാഹിത്യനഗരമായി തെരഞ്ഞെടുത്തിട്ടുണ്ട്.
യുനസ്കോയുടെ അംഗീകാരം പതിഞ്ഞ നഗരം എന്ന നിലയില്‍ കോഴിക്കോട്ട് നടക്കുന്ന സാഹിത്യ സാംസ്കാരിക പരിപാടികള്‍ക്ക് തനതായ പ്രാധാന്യം ഇനി കല്പിക്കപ്പെടും. കൂടുതല്‍ വിദേശ എഴുത്തുകാരുടെ ശ്രദ്ധയില്‍ നഗരം പതിയും. കോഴിക്കോടിന്റെ സാഹിത്യവളര്ച്ച സാധ്യമാക്കുന്നതിന് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിനെപ്പറ്റി പ്രസാധകരും മാധ്യമസ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും സാഹിത്യസംഘടനകളും ആലോചിച്ച് തീരുമാനമെടുക്കും. 2024 ജൂലൈയില്‍ പോര്‍ച്ചുഗലില്‍ നടക്കുന്ന യുനസ്കോ സര്‍ഗാത്മക നഗരങ്ങളുടെ സമ്മേളനത്തില്‍ പ്രതിനിധിയായി കോഴിക്കോട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. കോഴിക്കോടിന് ലഭിച്ച യുനസ്കോ സാഹിത്യനഗരപദവി എഴുത്തിന്റെയും ചിന്തയുടെയും ലോകത്ത് പുതിയ ചാലകശക്തിയായി തീരുമെന്നാണ് സഹൃദയലോകം കരുതുന്നത്.


