എം ടിയെ സന്ദർശിച്ച് കാതോലിക്ക ബാവ

കോഴിക്കോട്: പ്രിയ എഴുത്തുകാരന് ആശംസയുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. താൻ എറെ ആരാധിക്കുന്ന മലയാളത്തിന്റെ അതുല്യ പ്രതിഭയായ എം ടിയെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് കാതോലിക്ക ബാവ സന്ദർശിച്ചത്. സഭയുടെ ആദരം അറിയിച്ച അദ്ദേഹം പ്രിയ എഴുത്തുകാരന് നവതി സമ്മാനമായി ബൈബിളും പേനയും കൈമാറി. മലയാള ഭാഷ ഉള്ളിടത്തോളം കാലം എം ടിയുടെ കൃതികൾ അനശ്വരമായി നിൽക്കുമെന്ന് കാതോലിക്ക ബാവ പറഞ്ഞു.
എം ടിയുടെ വിവിധ കൃതികളിലെ ഉദ്ധരണികളും കാതോലിക്ക ബാവ അനുസ്മരിച്ചു. ആധ്യാത്മിക നിറവിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും വീട്ടിലെത്തി തന്നെ സന്ദർശിച്ച കാതോലിക്ക ബാവയുടെ ആദരവ് നവതി നിറവിൽ ലഭിച്ച വലിയ അംഗീകാരമായി കാണുന്നതായി എം ടി പറഞ്ഞു. തന്റെ കൃതികൾ നൽകിയാണ് എം ടി കാതോലിക്ക ബാവയെ യാത്രയാക്കിയത്. മമ്മൂട്ടി നേതൃത്യം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും ഒപ്പമുണ്ടായിരുന്നു. പതഞ്ജലി മാനേജിങ് ഡയറക്ടർ ഡോ. ജ്യോതിഷ് കുമാറും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *