ഹാലിയുടെ മലബാർ പൊലീസ്‌


മലബാർ ശൈലിയിൽ പറഞ്ഞാൽ ‘ഏറിയ പൊലീസ്‌ സേനയെയും’ കോഴിക്കോട്ടെ ജനം കണ്ടിട്ടുണ്ട്‌. ഹെഡ്‌ കോൺസ്‌റ്റബിൾ രാമൻ നായർ മുതൽ ഇന്നത്തെ ദ്രുതകർമസേന വരെ ഇതിലുൾപെടുന്നു. പൊലീസിൽ കാലോചിതമായി സംഭവിക്കുന്ന എല്ലാ മാറ്റങ്ങൾക്കും അവർ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. തലയിലെഴുത്തുമൂലം വല്ലപ്പോഴും പൊലീസ്‌ സ്‌റ്റേഷനിൽ കയറേണ്ടി വന്നാൽ ഇരിക്കാൻ കസേര കിട്ടുമെന്ന്‌ ഇന്നിപ്പോൾ അവർക്കുറപ്പാണ്‌. ‘പൊലീസ്‌ നിങ്ങളുടെ മിത്രം’ എന്ന ബോർഡും അവർ ഒരുപാട്‌ വായിച്ചിട്ടുണ്ട്‌. എന്നാലും പൊലീസിനെ ‘റസ്‌പെക്‌ടബിൾ ഡിസ്‌റ്റൻസിൽ’ നിർത്താനാണ്‌ അവർക്ക്‌ താൽപ്പര്യം. ഇത്തവണ അന്വേഷിക്കുന്നത്‌ ഈ പൊലീസ്‌ സേനയുടെ ചരിത്രത്തെക്കുറിച്ചാണ്‌. പ്രത്യേകിച്ചും, മലബാറിലുണ്ടായിരുന്ന ആദ്യത്തെ സ്‌പെഷൽ പൊലീസിന്റെ ചരിത്രത്തെക്കുറിച്ച്‌. അതിങ്ങനെ:

ഏറനാട്ടിൽ ഇടയ്‌ക്കിടെയുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളാണ്‌ ബ്രിട്ടീഷ്‌ സർക്കാരിനെ ഒരു സ്‌പെഷൽ പൊലീസ്‌ സേനയുണ്ടാക്കാൻ പ്രേരിപ്പിച്ചത്‌. അതുവരെയുണ്ടായിരുന്നത്‌ യൂറോപ്യൻ പട്ടാളക്കാർ മാത്രമായിരുന്നു. നാട്ടുകാരിൽനിന്ന്‌ ഒരു പൊലീസ്‌ സേന, അതും എല്ലാവിധ പരിശീലനവും തികഞ്ഞ ഒരു സേന, ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ടാണ്‌ ഈ സേന ‘നേറ്റീവ്‌ ഫോഴ്‌സ്‌’ എന്ന്‌ അറിയപ്പെടാൻ ഇടയാക്കിയത്‌. ശരിക്കുമുള്ള പേർ മലബാർ സ്‌പെഷൽ കോർ എന്നായിരുന്നു. പൊലീസ്‌ സേന എന്നതിനെക്കാളുപരി പാരാ മിലിറ്ററി ഫോഴ്‌സ്‌ ആയിരുന്നു ഇത്‌. ഹാലി എന്ന ചെറുപ്പക്കാരനായ പൊലീസ്‌ ഓഫീസറാണ്‌ ഈ സംരംഭത്തിനു മുൻകൈ എടുത്തത്‌. അതിനാൽ ‘ഹാലീസ്‌ ഫോഴ്‌സ്‌’ എന്നും ഈ സേന അറിയപ്പെടാനിടയായി. കോഴിക്കോട്‌, വെട്ടത്തുനാട്‌, ഏറനാട്‌, ഷേർനാട്‌, നെടുങ്ങനാട്‌, വള്ളുവനാട്‌ എന്നീ താലൂക്കുകളിൽ പ്രവർത്തിക്കാൻ വേണ്ടിയാണ്‌ ഈ സേന രൂപവൽകൃതമായത്‌.

എല്ലാം സുഗമമായിരുന്നു എന്നു ധരിക്കരുത്‌. ഇക്കാലത്ത്‌ ഒരു പൊലീസ്‌ നിയമനത്തിന്‌ ചെറുപ്പക്കാർ ക്യൂ നിൽക്കുകയാണല്ലോ. എന്നാൽ ഹാലി പൊലീസ്‌ സേന ഉണ്ടാക്കാൻ 1853‐ൽ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ആളുകളെ കിട്ടാനില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. ചെറുമ വിഭാഗക്കാരും മാപ്പിളമാരും മാത്രമേ ആദ്യമൊക്കെ ഇതിനായി തയ്യാറായുള്ളു. മാപ്പിളമാരെ കിട്ടിയതാകട്ടെ, ഹാലിയുടെ ഒരു സാമർഥ്യം മൂലമാണ്‌. ഏറനാട്ടിലെ അറിയപ്പെട്ട ഒരു മുസ്ലിം കുടുംബത്തിലെ യുവാവിനെ സുബേദാർ പോസ്‌റ്റിലേക്ക്‌ നിയമിച്ചതിനെത്തുടർന്നാണ്‌ ആ വിഭാഗക്കാർ പൊലീസിൽ ചേരാൻ ധൈര്യപ്പെട്ടത്‌. 1855 ഫിബ്രവരി 20ന്‌ ഹാലി കലക്‌ടർക്ക്‌ അയച്ച കത്തിൽ ഇങ്ങനെ പറയുന്നു: ‘മലബാറിൽ പൊലീസ്‌ സേനയിലേക്ക്‌ ബഹുമാന്യരായ നായന്മാരെ കിട്ടുവാൻ വളരെ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. അവർ റിക്രൂട്ടിങ്‌ പാർടിയെക്കാണുമ്പോൾ ആയുധങ്ങൾ ഉപേക്ഷിച്ച്‌ കൂട്ടത്തോടെ ഓടിയൊളിക്കുകയാണ്‌ പതിവ്‌. അതിനാൽ സുബേദാർ, ജുബേദാർ എന്നീ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു’. മേലധികാരികൾക്ക്‌ മലയാളം അറിയാത്തതും ഒരു പ്രശ്‌നമായിരുന്നു. അതിനാൽ ഹാലി നിർദേശിച്ചത്‌ ഒന്നോ രണ്ടോ വർഷം ഒരേ സ്ഥലത്തുതന്നെ സേനയെ നിർത്തണം എന്നായിരുന്നു. ആറു രൂപയായിരുന്നു സേനാംഗങ്ങളുടെ മാസശമ്പളം. കമാൻഡിങ് ഓഫീസർക്കാകട്ടെ, മാസം 200 രൂപയും. യൂണിഫോമിന്‌ ചാരനിറമായിരുന്നു. ഹോഴ്‌സ്‌ അലവൻസും ക്യാമ്പ്‌ അലവൻസും ശമ്പളത്തിനുപുറമെ കൊടുത്തിരുന്നു. ലൈറ്റ്‌ ഡബിൾ ബാരൽ പെർക്യൂബിയൻ തോക്കുകളായിരുന്നു ഇവർക്കു കൊടുത്തിരുന്നത്‌.

ഹാലിയുടെ പൊലീസ്‌ ‘അനങ്ങാപ്പാറകളായിരുന്നു’ എന്ന്‌ ധരിക്കരുത്‌. പൊലീസുകാർ മെയ്യനങ്ങി അധ്വാനിക്കുന്നവരായിരിക്കണമെന്ന്‌ ഹാലിക്ക്‌ നിർബന്ധമുണ്ടായിരുന്നു. കുഴപ്പങ്ങളില്ലാത്ത ഹാലി തന്റെ സേനയെ റോഡു പണിക്ക്‌ ഉപയോഗിച്ചിരുന്നു. അക്കാലത്ത്‌ പട്ടാളത്തിലും മറ്റും റോഡു പണിയുടെ ചുമതല ‘സാപ്പേഴ്‌സ്‌ ആൻഡ്‌ മൈനേഴ്‌സ്‌’ എന്ന വിഭാഗത്തിനായിരുന്നു. ഹാലി തന്റെ സേനയെ റോഡുപണിക്കുപയോഗിച്ചു എന്നതിന്റെ തെളിവിനായി 1855 ഡിസംബർ 12‐ാം തിയ്യതി മലബാർ കലക്‌ടർക്ക്‌ അയച്ച കത്ത് നോക്കാം: ‘ കോഴിക്കോട്‌ നിന്ന്‌ പാലക്കാട്ടേക്ക്‌ റോഡ്‌ ഉണ്ടാക്കുകയാണല്ലോ. പ്രസ്‌തുത റോഡ്‌ മലപ്പുറത്ത്‌ കൂടിയാണല്ലോ കടന്നുപോകുന്നത്‌. ഈ ഭാഗത്തെ റോഡ്‌ മലബാർ സ്‌പെഷൽ കോർ നിർമിക്കുന്നതായിരിക്കും. സാപ്പേഴ്‌സ്‌ ആൻഡ്‌ മൈനേഴ്‌സിന്‌ കൊടുക്കുന്ന തുക തന്നാൽ മതി’.

ആരോഗ്യമില്ലാത്തവരെയും ബുദ്ധിയില്ലാത്തവരെയും പൊലീസ്‌ സേനയിൽ വെച്ചുകൊണ്ടിരിക്കരുതെന്ന്‌ ഹാലി മലബാർ കലക്‌ടർക്ക്‌ എഴുതിയിരുന്നു. സാധാരണയായി ഗവൺമെന്റ്‌ ഉദ്യോഗസ്ഥർ പിരിഞ്ഞുപോകുമ്പോൾ തങ്ങളുടെ മക്കളെയോ മറ്റു ബന്ധുക്കളെയോ പകരം പ്രതിഷ്‌ഠിച്ചാണ്‌ വിരമിക്കാറ്‌. ഈ സമ്പ്രദായം പൊലീസ്‌ സേനയിൽ വേണ്ടെന്ന്‌ ഹാലി പറഞ്ഞിരുന്നു. അതുപോലെ താലൂക്ക്‌ പ്യൂൺമാരിൽനിന്ന്‌ പൊലീസ്‌ സേനയിലേക്ക്‌ തഹസിൽദാർ ആളെ എടുക്കുന്ന ഏർപാടുമുണ്ടായിരുന്നു. താലൂക്ക്‌ ഓഫീസർമാർ അഴിമതിയുടെ നേതാക്കന്മാരായി മാറുന്നു എന്നദ്ദേഹം തുറന്നടിച്ചു. അങ്ങനെയാണ്‌ കമാൻഡിങ് ഓഫീസറോ മജിസ്‌ട്രേറ്റോ പൊലീസ്‌ സേനയിലേക്ക്‌ നേരിട്ട്‌ നിയനം നടത്താൻ തുടങ്ങിയത്‌. പൊലീസ്‌ സേനയിലേക്കുള്ള ഗൺ ക്യാരിയേജുകൾ മലപ്പുറത്തുകൂടെ വലിച്ചുകൊണ്ടുപോകണമെന്ന്‌ നിർദേശം വന്നപ്പോeൾ മലപ്പുറത്ത്‌ എവിടെയാണ്‌ റോഡുകൾ ഉള്ളതെന്ന്‌ ഹാലി കലക്‌ടറോട്‌ ചോദിക്കുന്നുണ്ട്‌.

1855‐ൽ ഹാലി മലബാർ കലക്‌ടറായിരുന്ന കനോലിക്കയച്ച കത്തിൽ തന്റെ പൊലീസ്‌ സേനയെക്കുറിച്ചുള്ള ആത്മവിശ്വാസം ഇങ്ങനെ പ്രകടിപ്പിക്കുന്നു:‘ എന്റെ ഈ സേന വളരെ കഴിവു നേടിയിരിക്കുന്നു. അവർ ഏതു സന്ദർഭത്തെയും നേരിടുവാൻ കഴിവുള്ളവരാണ്‌’. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഈ സേനയുടെ പ്രാവീണ്യം മലബാറുകാർക്ക്‌ ബോധ്യമായി. മലബാർ കലക്‌ടറായിരുന്ന കനോലിയുടെ കൊലയാളികളെ ഹാലിയുടെ പൊലീസാണല്ലോ വെടിവെച്ചുകൊന്നത്‌.



(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌)



Leave a Reply

Your email address will not be published. Required fields are marked *