മരിച്ചത് സിംലയിൽ വാഹനത്തിനുമുകളിൽ കല്ല് പതിച്ച്
കോഴിക്കോട്: സിംലയിൽ സൈനികവാഹനത്തിനു മുകളിലേക്ക് കല്ലുപതിച്ച് മരിച്ച മലയാളി ജവാൻ പി ആദർശിന്റെ (26) മൃതദേഹം മെയ് 13ന് ജന്മനാടായ ഫറോക്കിലെത്തിക്കും. ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ ജയരാജന്റെ മകനാണ് ആദർശ്.
രാവിലെ 7ന് രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപത്ത് ന ഫറോക്ക് നഗരസഭ പൂർണ ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതിക ശരീരം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടികളോടെ ജനപ്രതിനിധികളുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ വിലാപയാത്രയായി പൊതു ദർശനത്തിന് ഖാദിസിയ്യ സ്കൂളിലേക്ക് കൊണ്ടുപോവും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹിമാചൽപ്രദേശിലെ സിംലയിലാണ് അപകടമുണ്ടായത്. ആദർശ് സഞ്ചരിച്ച വാഹനത്തിനുമുകളിലേക്ക് മലമുകളിൽനിന്ന് കല്ലുവീഴുകയായിരുന്നു. റെജിമെൻറിലെ ജാക്രി ട്രാൻസിസ്റ്റ് ക്യാമ്പിൽനിന്ന് ജോലിസ്ഥലത്തേക്കു പോകുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്നാണ് പാറക്കഷണങ്ങൾ വാഹനത്തിനു മുകളിലേക്ക് വീണത്.
കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായിരുന്ന ആദർശ് ഏഴുവർഷമായി സർവീസിലുണ്ട്. ഫാറൂഖ് കോളേജ് ചേമ്പീട്ടിൽ സുരേഷിന്റെ മകൾ ആദിത്യയാണ് ഭാര്യ. നവംബർ ഒമ്പതിന് വിവാഹം കഴിഞ്ഞതിനുശേഷമായിരുന്നു വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
അമ്മ: ബബിത. സഹോദരങ്ങൾ: അക്ഷയ് (ഇന്ത്യൻ ആർമി, ലഖ്നൗ ഉത്തർപ്രദേശ്, കാലിക്കറ്റ് ഡിഫൻസ് മെമ്പർ), അനന്തു.
മലയാളി ജവാന്റെ മൃതദേഹം നാളെ ജന്മനാടായ ഫറോക്കിലെത്തിക്കും

