പരിസ്ഥിതിസൗഹൃദ റോഡ് പുനർനിർമാണത്തിന് തുടക്കമായി


കോഴിക്കോട്: റോഡ് ഇളക്കി അതേ വസ്തുക്കൾകൊണ്ടു പുനർനിർമ്മിക്കുന്ന പരിസ്ഥിതിസൗഹൃദനിർമാണരീതിക്ക് മലബാറിൽ തുടക്കം. കോഴിക്കോട് ചേളന്നൂർ പഞ്ചായത്തിലെ പുതിയേടത്തു താഴം – ചിറക്കൽക്കുഴി റോഡ് അത്യാധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് ‘ഫുൾ ഡെപ്ത് റെക്ലമേഷൻ’ (FDR) രീതിയിൽ പുനർനിർമിക്കുന്ന മലബാറിലെ ആദ്യറോഡായി. റോഡിന്റെ നിർമാണം പഞ്ചായത്ത് ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ചേളന്നൂരിൽ ആരംഭിച്ചു. ഈ സാങ്കേതികവിദ്യ കൈവശമുള്ള ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം.

ഈ രീതി വ്യാപകമാകുന്നതോടെ നിർമാണവസ്തുക്കൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനു വലിയയളവു കുറവുണ്ടാകും. ഈ നിർമ്മാണരീതിയിലൂടെ ദൃഢവും ഏറെക്കാലം ഈടുനിൽക്കുന്ന റോഡ് ലഭിക്കുന്നു എന്നതിനാൽ അടിക്കടിയുള്ള റിപ്പയറിങ്ങും പുനർനിർമ്മാണവും ഒഴിവാകും എന്ന മെച്ചവുമുണ്ട്. നിർമാണപ്രവൃത്തിയുടെ വേഗം കൂട്ടാനും ചിലവു കുറയ്ക്കാനും എഫ്ഡിആർ രീതി സഹായിക്കും.

സംസ്ഥാനത്ത് ഏറ്റവുമധികമുള്ള ഗ്രാമീണറോഡുകളിലാണ് ഈ രീതി ഇപ്പോൾ വ്യാപകമായി നടപ്പാക്കാൻ പോകുന്നത്. പിഎംഎസ്ജിവൈ പദ്ധതിയിൽ മലബാർ മേഖലയിൽ ഊരാളുങ്കൽ സൊസൈറ്റിക്കുതന്നെ ഇത്തരം 13 കരാറുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ ആദ്യത്തേതിനാണ് ഇപ്പോൾ തുടക്കം കുറിച്ചത്.

നിലവിലെ റോഡ് മുക്കാൽ അടി കനത്തിൽ ഇളക്കിമറിച്ച് ആ നിർമാണസാമഗ്രികൾ പൂർണമായും ഉപയോഗിച്ച് അതിന്റെകൂടെ സിമന്റും സ്റ്റെബിലൈസറും വെള്ളവും ചേർത്ത് പൾവറൈസ് ചെയ്യുന്ന മെഷീന്റെ സഹായത്തോടെ വിരിച്ചുപോവുകയാണ് ഇതിന്റെ ആദ്യഘട്ടം. അതിനു പിന്നാലെ പാഡ് ഫൂട്ട് റോളർ ഉപയോഗിച്ച് അമർത്തുകയും ഗ്രേഡർ മെഷീൻ ഉപയോഗിച്ച് ലെവൽ ചെയ്യുകയും വൈബ്രേറ്ററി റോളർ ഉപയോഗിച്ച് അമർത്തുകയും ചെയ്യും. അതിനുശേഷം ന്യൂമാറ്റിക് ടയർ റോളർ ഉപയോഗിച്ച് ഉപരിതലം മിനുക്കും.

ഇങ്ങനെ നിർമിക്കുന്ന റോഡ് ഏഴു മണിക്കൂർ മൂടിവയ്ക്കുകയും ഏഴുദിവസം നന്നായി നനയ്ക്കുകയും ഈ കാലയളവിൽ വാഹനം കടന്നുപോകാതെ സംരക്ഷിക്കുകയും വേണം. എങ്കിലേ ഉയർന്ന ഗുണനിലവാരത്തിലുള്ള ദൃഢമായ റോഡ് പ്രതലം ലഭിക്കൂ. അതിന് ശേഷം ഇമൽഷൻ തളിച്ച് അതിന് മുകളിൽ പോളി പ്രൊപ്ലീൻ പേവിങ് ഫാബ്രിക് വിരിച്ച് ഏറ്റവും മുകളിൽ ബിറ്റുമിനസ് കോൺക്രീറ്റ് കൊണ്ട് ഫിനിഷിങ് വരുത്തും. ഇതാണ് എഫ്ഡിആർ നിർമാണത്തിന്റെ രീതി.

പഞ്ചായത്ത് പ്രസിഡന്റ് പി. പി. നൗഷീർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേഷ് കുമാർ, അംഗങ്ങളായ ജീന നമ്പീട്ടിൽ, പി. എം. വിജയൻ എന്നിവരുടെ നേതൃത്വത്തിലും എക്സിക്യുട്ടീവ് എഞ്ചിനീയർ ആർ. ഡി. ഗിരീഷ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. സേതുമാധവൻ, അസി. എഞ്ചിനീയർ മാനസ കെ. പ്രഹ്ലാദൻ, ഓവർസിയർമാരായ ധ്യാൻ ദേവസ്യ, രോഹിത്ത് പി. ടി. എന്നിവരുടെ മേൽനോട്ടത്തിലുമാണ് നിർമാണം നടന്നുവരുന്നത്.