ബഞ്ച്‌ കോർട്ട്‌ എന്ന ഗ്രാമക്കോടതി

ഹൈക്കോടതിയുടെ ഒരു ബഞ്ച്‌ കോഴിക്കോട്ട്‌ വേണമെന്ന്‌ അഭിഭാഷകരും നഗരവാസികളും മുറവിളി കൂട്ടാൻ തുടങ്ങിയിട്ട്‌ കാലമേറെയായല്ലോ. കോഴിക്കോട്ടുകാർക്ക്‌ അടുത്തൊന്നും ഈ ബഞ്ച്‌ കിട്ടുമെന്ന്‌ തോന്നുന്നില്ല. അതെന്തായാലും മുൻപ്‌ മലബാറിലുണ്ടായിരുന്ന ബഞ്ച്‌ കോടതികളെക്കുറിച്ച്‌ നമുക്ക്‌ അൽപ്പം മനസ്സിലാക്കാം.

മലബാറിൽ ഇംഗ്ലീഷ്‌ ഭരണം തുടങ്ങിയ കാലത്തുതന്നെ ഒരു വ്യവസ്ഥാപിത നിയമവാഴ്‌ച കോഴിക്കോട്ട്‌ വേണമെന്ന്‌ സർക്കാർ തീരുമാനിച്ചിരുന്നു. അതിനായി കുറെയേറെ നിയമങ്ങളും കോടതികളും മലബാറിൽ ഉണ്ടായിരുന്നു. സാദർ ഫൗസിദാരി അദാലത്ത്‌, പ്രൊവിൻഷ്യൽ കോടതി, സർക്യൂട്ട്‌ കോടതി, ജില്ലാ മജിസ്‌ട്രേട്ട്‌ കോടതി, ബഞ്ച്‌ കോടതി എന്നിങ്ങനെയായിരുന്നു കോടതികളെ തരംതിരിച്ചിരുന്നത്‌. ബഞ്ച്‌ കോടതികളാണ്‌ ഈ കൂട്ടത്തിൽ അവസാനമായി ആരംഭിച്ചത്‌.

1904‐ലാണ്‌ ബഞ്ച്‌ കോടതികൾ മലബാറിൽ സ്ഥാപിതമായത്‌. ഇവയെ ഗ്രാമക്കോടതികൾ, വില്ലേജ്‌ കോടതികൾ, അംശം കോടതികൾ എന്നൊക്കെ നാട്ടുകാർ വിളിച്ചുപോന്നു. ചെറിയ കേസുകൾ കൈകാര്യം ചെയ്യാനാണ്‌ ഈ കോടതികൾ ഉണ്ടാക്കിയത്‌. ഗ്രാമവാസികൾക്ക്‌ ഇത്തരം കേസുകൾക്കായി നഗരത്തിലേക്ക്‌ പോകേണ്ടതില്ലെന്നത്‌ ഒരു ആശ്വാസമായിരുന്നു. മലബാറിലെ മിക്ക അംശങ്ങളിലും ഇത്തരം കോടതികൾ തുടങ്ങാൻ ബ്രിട്ടീഷ്‌ സർക്കാർ തീരുമാനിച്ചു. അംശം അധികാരികളായിരുന്നു ഈ കോടതികളുടെ അധ്യക്ഷന്മാർ. അധ്യക്ഷനെ പ്രസിഡന്റ്‌ എന്നാണ്‌ വിളിച്ചിരുന്നത്‌.  വലിയ പഠിപ്പൊന്നും നോക്കിയിരുന്നില്ല. കാരണം, അക്കാലത്ത്‌ വിദ്യാഭ്യാസമുള്ളവർ വളരെ കുറവായിരുന്നു. ബഹുമാന്യരും സ്വാധീനശക്തിയുമുള്ളവരായിരിക്കണം പ്രസിഡന്റെന്ന്‌ നിബന്ധനയുണ്ടായിരുന്നു. നാട്ടിലെ അറിയപ്പെട്ട ഏതൊരു പ്രമാണിക്കും കോടതിയുടെ അധ്യക്ഷനാവാമായിരുന്നു എന്ന്‌ സാരം. പ്രായം 25നും 60നും മധ്യേ ആയിരിക്കണം എന്ന്‌ നിഷ്‌കർഷിച്ചിരുന്നു. പ്രസിഡന്റിനെ സഹായിക്കാൻ 30 അംഗങ്ങളുള്ള ഒരു സമിതിയുണ്ടായിരുന്നു.

ഇവർക്കും യോഗ്യത മേൽപ്പറഞ്ഞ പ്രമാണിത്തം തന്നെ. പൂമുള്ളി മനക്കൽ തുപ്പൻ നമ്പൂതിരി എന്നൊരാൾ ഗ്രാമക്കോടതിയുടെ പ്രസിഡന്റാകാൻ അപേക്ഷ കൊടുത്തിരുന്നതായി രേഖകളിലുണ്ട്‌. ആൾ സ്വാധീനശക്തിയുള്ളവനും ബഹുമാന്യനുമാണെങ്കിലും വയസ്സ്‌ അറുപത്‌ കഴിഞ്ഞിരുന്നു. ഇക്കാരണംകൊണ്ട്‌ തുപ്പൻ നമ്പൂതിരിയെ നിയമിക്കാൻ സാധ്യമല്ലെന്ന്‌ സർക്കാർ മറുപടി കൊടുത്തതായും കാണുന്നു. എന്നാൽ, നമ്പൂതിരി വിടാൻ ഭാവമില്ലായിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതിക്കാണുന്നു: ‘ഗ്രാമക്കോടതിയുടെ പ്രസിഡന്റാക്കുന്നപക്ഷം കോടതിക്കുവേണ്ട കെട്ടിടവും സ്ഥലവും ഞാൻ തരാം’. പക്ഷേ, നമ്പൂതിരിയെ സർക്കാർ നിരാശപ്പെടുത്തുകയാണുണ്ടായത്‌.

കോടതികൾ ആഴ്‌ചയിൽ രണ്ടുദിവസം മാത്രമാണ്‌ കുടിയിരുന്നത്‌. എന്നിട്ടും ഇത്തരം കോടതികൾ വളരെ വലിയ ആശ്വാസമാണ്‌ തരുന്നതെന്ന്‌ ടൗൺ മജിസ്‌ട്രേട്ട്‌ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്‌ ജോലിഭാരം വളരെ കുറഞ്ഞുപോലും. ഓരോ കോടതിക്കും ജീവനക്കാരായി രണ്ട്‌‌ ഗുമസ്‌തന്മാരും ഒരു പ്യൂണുമാണുണ്ടായിരുന്നത്‌. ഗുമസ്‌തന്മാർക്ക്‌ മാസശമ്പളം 15 രൂപയായിരുന്നു.

അക്കാലത്തും അവധി ദിനങ്ങളോട്‌ ആൾക്കാർക്ക്‌ വലിയ താൽപ്പര്യമായിരുന്നു. നാലു വക്കീലന്മാരും ഇരുപത്തിയൊന്നു നഗരവാസികളും ഒപ്പിട്ട ഒരു നിവേദനം അന്നത്തെ കലക്‌ടർക്ക്‌ കൊടുത്തിരുന്നതായി കാണാം. ഗ്രാമക്കോടതികൾക്ക്‌ ഒരുമാസം അവധി കൊടുക്കണം എന്നതായിരുന്നു ഡിമാൻഡ്‌. മലബാർ കലക്‌ടർ ഈ നിവേദനത്തിലെ ആവശ്യങ്ങൾ അംഗീകരിച്ചു. തുടർന്ന്‌ 1918 ഏപ്രിൽ 25ന്‌ ബ്രിട്ടീഷ്‌ സർക്കാർ എല്ലാ ബഞ്ച്‌ കോടതികൾക്കും ഒരുമാസം അവധി പ്രഖ്യാപിച്ചതായി കൽപ്പനയിറക്കി. പക്ഷേ, അവധി കൊടുക്കുന്നതിനു മുൻപായി 15 ദിവസത്തെ പൊതുനോട്ടീസ്‌ നൽകണമെന്ന്‌ വ്യവസ്ഥയുണ്ടായിരുന്നു. അതുപോലെ അവധിയുടെ നോട്ടീസ്‌ മലയാളത്തിൽ കോടതിക്കുപുറത്ത്‌ പതിച്ചിരിക്കണമെന്നും നിഷ്‌കർഷിച്ചിരുന്നു.

മലബാറിൽ ബഞ്ച്‌ കോടതികൾ വരുന്നതിനുമുൻപ്‌ തന്നെ മദിരാശിയിൽ ബഞ്ച്‌ കോടതികൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ കോടതികളുടെ വിജയമായിരുന്നു ബ്രിട്ടീഷ്‌ സർക്കാരിനെ മലബാറിലും ഗ്രാമക്കോടതികൾ തുടങ്ങാൻ പ്രേരിപ്പിച്ചത്‌. മലബാറിലെ ആദ്യത്തെ ബഞ്ച്‌ കോടതി പന്തലായനിയിലാണ്‌ തുടങ്ങിയത്‌. മാസം രണ്ട്‌ ഉറുപ്പിട എട്ടണ വാടകയുള്ള ഒരു കെട്ടിടത്തിലായിരുന്നു ഈ കോടതി പ്രവർത്തിച്ചിരുന്നത്‌. കൊയിലാണ്ടി ഗ്രാമക്കോടതിയിൽ ഒരു ആറ്റക്കോയ തങ്ങൾ പ്രസിഡന്റായിരുന്നതായി രേഖയുണ്ട്‌. അക്കാലത്ത്‌, സമൂഹത്തിലെ ശല്യക്കാർക്കെതിരെ ‘പൊതുശല്യ നിരോധന നിയമം’(Nuisance Act) നിലവിലുണ്ടായിരുന്നു. ബഞ്ച്‌ കോടതികൾ അത്തരം കേസുകളാണ്‌ കൂടുതലായി കൈകാര്യം ചെയ്‌തിരുന്നത്‌. മാസം ശരാശരി 1252 ഉറുപ്പിക ഒൻപത്‌ അണ ഗ്രാമക്കോടതികൾ ഈ നിയമപ്രകാരം പിഴ ഈടാക്കിയിരുന്നതായി രേഖകളിൽ കാണാം. ഇതിൽ ബ്രിട്ടീഷ്‌ സർക്കാർ അതീവ തൃപ്‌തരായിരുന്നു.

(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌) 

Leave a Reply

Your email address will not be published. Required fields are marked *