കോഴിക്കോട്ടെ നാൽക്കാലി ആസ്‌പത്രി


കോഴിക്കോട്ടുകാർക്ക്‌ സുപരിചിതമാണല്ലോ നഗരമധ്യത്തിൽത്തന്നെയുള്ള കോഴിക്കോട്‌ മൃഗാസ്‌പത്രി. വയനാട്‌ റോഡിൽക്കൂടി യാത്ര ചെയ്യുന്ന ഏതൊരാളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്‌ വാകമരങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്ന ഈ ആസ്‌പത്രിസമുച്ചയം. മഞ്ഞയും ചുകപ്പും വാകപ്പൂക്കൾ ചിതറിക്കിടക്കുന്ന കവാടം കടന്ന്‌ അകത്തുചെന്നാൽ മൃഗസംരക്ഷണ വകുപ്പിന്റെ മഞ്ഞയും കറുപ്പും ചായം പൂശിയ ഒരു ബോർഡാണ്‌ ആദ്യം ശ്രദ്ധയിൽപ്പെടുക. 1.25 ഏക്കർ വിസ്‌തൃതിയിൽ ഏഴോളം സ്ഥാപനങ്ങൾ ഈ വകുപ്പിന്റെ കീഴിൽ ഇവിടെ നിലനിൽക്കുന്നുവെന്ന്‌ ഈ ബോർഡ്‌ സൂചിപ്പിക്കുന്നു. മൃഗാസ്‌പത്രിയിൽ രോഗികളുടെ മുറിയിൽ കടന്നാൽ ശ്വാനവർഗമാണ്‌ ഭൂരിഭാഗവും. കൊച്ചുകുഞ്ഞുങ്ങളെ അനുസ്‌മരിപ്പിക്കുന്ന മുഖഭാവത്തോടുകൂടിയ പോമറേനിയൻ മുതൽ വീരശൂര പരാക്രമികളായ അൽസേഷ്യൻ നായ്‌ക്കൾ വരെ ഈ കൂട്ടത്തിൽ പെടുന്നു. കന്നുകാലികളെ രോഗികളുടെ കൂട്ടത്തിൽ കണ്ടില്ല. കാരണം തിരക്കിയപ്പോൾ നാഗരികതയുടെ വളർച്ചയിൽ പച്ചപ്പിനോടൊപ്പം കന്നുകാലികൾ നഗരത്തിന്‌ അന്യമായതും നഗരത്തിലെ വാഹന ബാഹുല്യവും ഇതിന്‌ കാരണമാണെന്ന്‌ അറിഞ്ഞു.

പണ്ട്‌ കോഴിക്കോട്ടുകാർ മൃഗാസ്‌പത്രിയെ വിളിച്ചുവന്നിരുന്നത്‌ നാൽക്കാലി ആസ്‌പത്രി എന്നായിരുന്നു. 1910‐ലാണ്‌ മദ്രാസ്‌ പ്രസിഡൻസിയിലെ എല്ലാ ജില്ലകളിലും ഓരോ നാൽക്കാലി ആസ്‌പത്രി(മൃഗാസ്‌പത്രി) വേണമെന്ന തീരുമാനം ബ്രിട്ടീഷ്‌ സർക്കാർ കൈക്കൊണ്ടത്‌. മലബാർ ഡിസ്‌ട്രിക്‌ടിലും ഒരു മൃൃഗാസ്‌പത്രി വേണമെന്ന്‌ അങ്ങനെ തീരുമാനമായി. 1910 നവംബർ 11ന്‌ ഇന്ത്യൻ സിവിൽ വെറ്ററിനറി ഡിപ്പാർട്ട്‌മെന്റ്‌ മലബാർ കലക്‌ടറായിരുന്ന ആർ ബി വുഡ്ഡിന്‌ ഇങ്ങനെ ഒരു കത്തെഴുതിയതായി രേഖകളിൽ കാണുന്നു. താങ്കളുടെ ജില്ലയിൽ മൃഗാസ്‌പത്രി തുടങ്ങുവാൻ പറ്റിയ സ്ഥലം ഏതെന്ന്‌ ഉടനടി അറിയിക്കുക. ഇതിന്റെ സംരക്ഷണച്ചുമതലയിലേക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എത്രത്തോളം സഹായിക്കുമെന്നും അറിയിക്കുക. അന്നത്തെ മലബാർ ജില്ലയിൽ ഇന്നത്തെ കാസർകോട്‌, കണ്ണൂർ, മലപ്പുറം, പാലക്കാട്‌, വയനാട്‌ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ടിരുന്നു. പക്ഷേ, കലക്ടറാകട്ടെ മൃഗാസ്‌പത്രി കോഴിക്കോട്ടുതന്നെ വേണമെന്ന തീരുമാനമാണ്‌ കൈക്കൊണ്ടത്‌. തനിക്ക്‌ കിട്ടിയ കത്തിന്റെ ഏകദേശ രൂപം കലക്‌ടർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ഡിസ്‌ട്രിക്‌ട്‌ ബോർഡിനെയും കോഴിക്കോട് മുനിസിപ്പൽ കൗൺസിലിനെയും അറിയിച്ചു. അവരാണല്ലോ ഇക്കാര്യത്തിൽ സാമ്പത്തികമായി സഹായിക്കേണ്ടിയിരുന്ന സ്ഥാപനങ്ങൾ. മുനിസിപ്പൽ കൗൺസിലാകട്ടെ ചെയർമാൻ ഒ കൃഷ്‌ണന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചുചേർത്തു.

മിനുട്ട്‌സിൽ ഇങ്ങനെ രേഖപ്പെടുത്തിയതായി കാണുന്നു: കോഴിക്കോട്‌ നഗരമധ്യത്തിലാണ്‌ മൃഗാസ്‌പത്രി തുടങ്ങേണ്ടത്‌. പക്ഷേ, നിർമാണച്ചെലവ്‌ എത്രയാണെന്ന്‌ അറിയിക്കാതെ എത്രമാത്രം സഹായിക്കാൻ പറ്റുമെന്ന്‌ പറയുക സാധ്യമല്ല. അക്കാലത്ത്‌ സാധാരണയായി സർക്കാർ സ്ഥാപനങ്ങളുടെ വാർഷിക സംരക്ഷണച്ചെലവ്‌ വഹിക്കേണ്ടിയിരുന്നത്‌ തദ്ദേശ ഭരണ സ്ഥാപനങ്ങളായിരുന്നു. തൃശിനാപ്പള്ളിയിൽ തുടങ്ങിയിരുന്ന മൃഗാസ്‌പത്രിയുടെ നടത്തിപ്പിനായി വർഷംതോറും 250 രൂപ തൃശിനാപ്പള്ളി മുനിസിപ്പൽ കൗൺസിൽ തരുന്നുണ്ടെന്ന്‌ മലബാർ കലക്‌ടറെ ഓർമിപ്പിക്കുന്നുണ്ട്‌ ഇന്ത്യ സിവിൽ വെറ്ററിനറി ഡിപ്പാർട്ട്‌മെന്റ്‌. ഡിസ്‌ട്രിക്‌ട് ബോർഡ്‌ പ്രസിഡന്റ്‌ സി ഗോപാലൻ നായർ മൃഗാസ്‌പത്രി നഗരമധ്യത്തിൽ വേണമെന്ന ആവശ്യം അംഗീകരിക്കുകയും എന്നാൽ, സാമ്പത്തികമായി സഹായിക്കുന്നതിന്‌ തത്‌കാലം വിഷമമാണെന്ന്‌ അറിയിക്കുകയും ചെയ്‌തു. കുറെയേറെ എഴുത്തുകുത്തുകൾക്കുശേഷം മുനിസിപ്പൽ കൗൺസിൽ വർഷം തോറും 525 രൂപയും ഡിസ്‌ട്രിക്‌ട്‌ ബോർഡ്‌ ആകെ വരുന്ന ചെലവിന്റെ പകുതിയും വഹിക്കാമെന്ന്‌ ധാരണയായി.

അടുത്ത പ്രശ്‌നം സ്ഥലം കണ്ടെത്തുകയായിരുന്നു. നീണ്ട പരിശ്രമത്തിനൊടുവിൽ മൂന്നു സ്ഥലങ്ങൾ ആസ്‌പത്രിക്കായി കണ്ടെത്തി. ഈ സ്ഥലങ്ങൾ മൂന്നും അന്നത്തെ കലക്‌ടർ ആർ ബി വുഡ്‌, കമീഷണർ ബട്ടർവർത്ത്‌, വെറ്ററിനറി സൂപ്രണ്ട്‌ എന്നിവർ ചേർന്ന്‌ സന്ദർശിച്ചു. ഒടുവിൽ ബട്ടർവർത്ത്‌ മറ്റു രണ്ടുപേരുടെ പിന്തുണയോടുകൂടി ഇന്ന്‌ മൃഗാസ്‌പത്രി നിൽക്കുന്ന സ്ഥലം തെരഞ്ഞെടുത്തു. 1.25 ഏക്കറായിരുന്നു സഥലത്തിന്റെ വിസ്‌തൃതി. ഇന്ന്‌ മൃഗാസ്‌പത്രിക്ക്‌ എതിരായി കാണുന്ന പെട്രോൾ ബങ്കും പരിസരവും അക്കാലത്ത്‌ ഡിസ്‌ട്രിക്‌ട്‌ മെഡിക്കൽ ഓഫീസറുടെയും ഡിസ്‌ട്രിക്‌ട്‌ സാനിറ്ററി ഓഫീസറുടെയും ഓഫീസും ബംഗ്ലാവുമായിരുന്നു എന്നതും മൃഗാസ്‌പത്രിക്കുവേണ്ടി അടുത്തുള്ള സ്ഥലം തെരഞ്ഞെടുക്കാൻ കാരണമായി. മൃഗാസ്‌പത്രിക്കുവേണ്ടി കണ്ടെത്തിയ സ്ഥലം സാമൂതിരി രാജാവിന്റെയും ഒരു കുഞ്ഞിച്ചന്തുവിന്റെയും ഉടമസ്ഥതയിലായിരുന്നു. സാമൂതിരി രാജാവ്‌ മലബാർ കലക്‌ടർക്ക്‌ അയച്ച ഒരെഴുത്തിൽ ഇങ്ങനെ പറയുന്നതായി കാണാം: നാൽക്കാലി ആസ്‌പത്രിക്ക്‌ നമ്മുടെ സ്ഥലം തരുന്നതിന്‌ വിരോധമില്ല. എന്നാൽ കുടുംബാംഗങ്ങളോട്‌ കൂടിയാലോചിക്കുവാൻ രണ്ടാഴ്‌ചത്തെ സമയം തരുമല്ലോ. 4816 രൂപയായിരുന്നു രണ്ടുപേർക്കും കൂടി സ്ഥലവിലയായി സർക്കാർ കൊടുത്തത്‌. കെട്ടിടത്തിനായി 4484 രൂപയുടെ എസ്‌റ്റിമേറ്റ്‌ ഉണ്ടാക്കിയിരുന്നതായി കാണാം. ഇതിനുപുറമെ 800 രൂപ ചെലവിൽ രണ്ടു കുതിരകൾക്കായി ഒരു കുതിരപ്പന്തിയും 210 രൂപയ്‌ക്ക്‌ ഒരു കക്കൂസും നിർമിക്കുവാൻ തീരുമാനമായെന്ന്‌ രേഖകളിൽ കാണുന്നു.

പത്രങ്ങളും ടിവിയും ഒന്നുമില്ലാതിരുന്ന കാലമായിരുന്നുവല്ലോ അത്‌. മൃഗാസ്‌പത്രി തുടങ്ങിയാൽ വിവരം നാലുപേർ അറിയുക എന്നത്‌ വിഷമകരമായിരുന്നു. ആയതിനാൽ ആസ്‌പത്രി തുടങ്ങുന്നതിനു മുൻപായി ഒരു കമ്പൗണ്ടറെ നിയമിച്ചിരുന്നതായി കാണാം.‌ ഇദ്ദേഹത്തെ അക്കാലത്ത്‌ സർവസാധാരണമായിരുന്ന കാലിച്ചന്തകൾ സന്ദർശിച്ച്‌ ആസ്‌പത്രിയെക്കുറിച്ച്‌ ഒരേകദേശ രൂപം കൊടുക്കുവാൻ ചട്ടം കെട്ടിയിരുന്നതായി രേഖകളിൽ കാണുന്നു. ഒടുവിൽ ഗവൺമെന്റ്‌ സെക്രട്ടറി ലിഞ്ച്‌ മൃഗാസ്‌പത്രിക്കുവേണ്ടി പച്ചക്കൊടി കാട്ടി. എന്നാൽ, ഒന്നാം ലോകമഹായുദ്ധം ഇതിന്റെ പ്രവർത്തനങ്ങളെ അൽപ്പം വൈകിപ്പിച്ചതായി കാണാം. പഴമയുടെ തിരുശേഷിപ്പുകളൊന്നും ഇന്നിപ്പോൾ ഈ കോമ്പൗണ്ടിൽ ഇല്ല. പുതിയ കെട്ടിടങ്ങളാണ്‌ ഇപ്പോൾ ഇവിടെയുള്ളത്‌.

(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്‌തകത്തിൽനിന്ന്‌)