‘ആദ്യത്തെ കപ്പലിൽ വന്നത് സോപ്പ് ചീപ്പ് കണ്ണാടി’ എന്ന പഴയ ഗാനശകലം മലബാറുകാരന് സുപരിചിതമാണല്ലോ. കോഴിക്കോടിന്റെ ആദ്യകാല വൈദേശിക ബന്ധത്തെ അനുസ്‌മരിപ്പിക്കുന്നു ഈ പഴയ ഗാനം. ഏതൊരു മലബാറുകാരന്റെ ചുണ്ടിലും ഈ ഗാനമുണ്ടെങ്കിലും സത്യത്തിൽ കടൽ കടന്ന് സോപ്പ് ഇവിടെ എത്തിയിരുന്നു എന്നതിന് വ്യക്തമായ തെളിവൊന്നുമില്ല. ഇതൊക്കെയാണെങ്കിലം ‘സോപ്പും സോപ്പിടലു’മൊക്കെ നമുക്ക് പണ്ടുമുതലേ പരിചിതമാണെന്നത് തർക്കമറ്റ വിഷയം തന്നെ. മലബാറിലെ സോപ്പ് ഉൽപ്പാദനത്തിന്റെ ചരിത്രം അന്വേഷിക്കുകയാണ്.
കോഴിക്കോട്ടെ ഇന്നത്തെ ബീച്ച് റോഡും പരിസരവുമായിരുന്നു ഇംഗ്ലീഷുകാർ തങ്ങളുടെ താമസത്തിന് തെരഞ്ഞെടുത്തിരുന്നത്. അവരുടെ ആസ്‌പത്രികളും ജയിലുകളുമൊക്കെ ആദ്യകാലത്ത് ഇവിടെത്തന്നെയായിരുന്നു. വടക്കേ കടൽപ്പാലത്തിന്റെ വടക്കുമാറി വെള്ളയിലും പരിസരത്തുമായിട്ടായിരുന്നു അവരുടെ കൊച്ചു കൊച്ചു ഉൽപ്പാദന കേന്ദ്രങ്ങൾ നിലനിന്നിരുന്നത്. ഗാന്ധിറോഡിലായിരുന്നു 1914ൽ ഒരു സോപ്പുനിർമാണ ഫാക്‌ടറി ഇംഗ്ലീഷുകാർ തുടങ്ങിയത്. കേരളാ സോപ്പ് ഇൻസ്‌റ്റിറ്റ്യൂട്ട് എന്നായിരുന്നു ഈ സ്ഥാപനത്തിന്റെ പേർ. സോപ്പ് നിർമാണത്തിനുപുറമെ ഈ സ്ഥാപനത്തിൽ സോപ്പ് നിർമാണത്തിന് പരിശീലനവും നൽകിയിരുന്നു. 1918‐ൽ ഈ ഫാക്‌ടറി കുറച്ചുകൂടി വിപുലീകരിക്കാൻ തീർച്ചപ്പെടുത്തിയതായി രേഖകളിൽ കാണുന്നു. ഇതിനായി മദ്രാസ് ഗവർണർ ഇൻ കൺസിൽ അന്നത്തെ മലബാറിലെ ഫിഷറീസ് ഡയറക്‌ടറായിരുന്ന എഫ് എ നിക്കോൾസനെ ചുമതലപ്പെടുത്തിയതായി കാണുന്നു.1918 ജനുവരി 28ന് ഒരു വിജ്ഞാപനവും ബ്രിട്ടീഷ് സർക്കാർ പുറപ്പെടുവിച്ചിരുന്നു. 600 മുതൽ 1200 ടൺ വരെ വർഷത്തിൽ ഉൽപ്പാദന ശേഷിയുള്ള ഒരു ഫാക്‌ടറിയാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. നിക്കോൾസൻ കാര്യപ്രാപ്‌തിയും ചുറുചുറുക്കുമുള്ള ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു. സ്ഥലത്തിന്റെ ലഭ്യതയായിരുന്നു അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്ന ആദ്യത്തെ പ്രശ്‌നം. അന്വേഷണത്തിനൊടുവിൽ വെള്ളയിലിൽ നാല് ഏക്രയിലധികം വരുന്ന ഒരു സ്ഥലം അദ്ദേഹം കണ്ടെത്തുകയും ചെയ്‌തു. രാരിച്ചൻ മൂപ്പനായിരുന്നു സ്ഥലത്തിന്റെ ഉടമ. പക്ഷേ, ഒരു പ്രശ്‌നം. രാരിച്ചൻ മൂപ്പൻ സ്ഥലം വിൽക്കാൻ റെഡി. എന്നാൽ തറവാട്ടുകാർ ഇതിന് സമ്മതിക്കുന്നില്ല.
25‐ 06‐ 1918‐ൽ നിക്കോൾസൺ മലബാർ കലക്‌ടർക്ക് ഇങ്ങനെയൊരു കത്തെഴുതിയതായി കാണുന്നു. ‘രാരിച്ചൻ മൂപ്പന്റെ തറവാട്ടുകാർ സ്ഥലം വിൽക്കാൻ സമ്മതിക്കുന്നില്ല. അതിനാൽ ഉടനെ ഈ സ്ഥലം നിലവിലുള്ള നിയമം മൂലം സർക്കാർ ഏറ്റെടുക്കുക. ഞാൻ സ്ഥലത്തില്ലെങ്കിലും എന്റെ ഓയിൽ കെമിസ്‌റ്റായ എം ആർ എ കെ മേനോനുമായി ഇക്കാര്യത്തിൽ ചർച്ച ചെയ്യുക. നമ്മുടെ വെള്ളയിലെ സോപ്പ് ഫാക്‌ടറിയിൽ ഇദ്ദേഹം എപ്പോഴും ഉണ്ടാകും. പുതിയ കെട്ടിടത്തിന്റെ പ്ലാനും ഇതോടൊപ്പം അയക്കുന്നു’. 30‐11‐1918ൽ വീണ്ടുമൊരു കത്ത് ഇങ്ങനെ എഴുതിയതായി കാണുന്നു. ‘പണം അനുവദിച്ചുകിട്ടിയിരിക്കുന്നു. കൂടാതെ സാനിറ്ററി ഓഫീസർ അദ്ദേഹത്തിന്റെ സമ്മതപത്രം തന്നിരിക്കുന്നു. അതിനാൽ ഉടനടി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുക. അങ്ങനെ കേരളാ സോപ്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഒന്നുകൂടി വിപുലീകരിച്ച് സോപ്പ് ഫാക്‌ടറിയായി പ്രവർത്തനം ആരംഭിച്ചു. വളരെ നിലവാരമുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെ നിന്ന് പുറത്തിറങ്ങിയിരുന്നത്. ഇന്ത്യയിലെ ഒട്ടു മിക്കവാറും സ്ഥലത്ത് കോഴിക്കോട്ടുനിന്നുള്ള സോപ്പ് എത്തിയെന്നതിൽ നമ്മൾ മലബാറുകാർക്ക് അഭിമാനിക്കാം.
രസകരമായ വസ്‌തുത ഇന്ത്യയുടെ വൈസ്രോയിക്ക് കുളിക്കുവാനുള്ള സോപ്പും നമ്മുടെ കോഴിക്കോട്ടുനിന്നാണ് ഉണ്ടാക്കിയിരുന്നത് എന്നതാണ്. വളരെ ആകർഷണീയമായിരുന്നു ഇതിന്റെ പുറംകവർ. ആകർഷണീയമായിരുന്നു എന്നു പറഞ്ഞതുകൊണ്ട് ഇന്നത്തെ സോപ്പ് കവർ പോലെ ഏതെങ്കിലും ഒരു സിനിമാ നടിയുടെ ചിത്രമായിരുന്നുവെന്ന് തെറ്റിദ്ധരിക്കുകയോ ആവേശം കൊള്ളുകയോ ചെയ്യരുത്. മറിച്ച്, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ‘അടയാളങ്ങളാ’യിരുന്നു കവറിൽ മുദ്രണം ചെയ്‌തിരുന്നത്. പേരാകട്ടെ, വെല്ലിങ്‌ടൺ എന്നായിരുന്നു. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഇന്ത്യൻ പ്രസിഡന്റിനുവേണ്ടിയും ഇവിടെനിന്ന് സോപ്പുകൾ നിർമിച്ചിരുന്നുവത്രേ. 1956 വരെ ഇവിടത്തെ ജീവനക്കാർക്ക് വേതനം കൊടുത്തിരുന്നത് മദ്രാസ് സർക്കാർ ആയിരുന്നു.
1964‐ൽ കേരളാ സോപ്‌സ് ആൻഡ് ഓയിൽസ് ലിമിറ്റഡ് കമ്പനിയായി രൂപാന്തരപ്പെട്ടു. ഇവിടെനിന്ന് ഉൽപ്പാദിപ്പിക്കപ്പെട്ട വാഷ്‌വെൽ ബാർ സോപ്പ്, വാഷ്‌വെൽ ചിപ്‌സ്, കേരള സാൻഡൽ, കേരള കോൾട്ടാർ എന്ന കാർബോളിക് സോപ്പ് എന്നിവ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇവരുടെ ഓയിൽ ഡിവിഷനിൽനിന്നും ഉൽപ്പാദിപ്പിക്കപ്പെട്ട അഡാമിൻ ഗുളികകൾ(മീനെണ്ണ ഗുളികകൾ) ഉന്നത നിലവാരം പുലർത്തിയിരുന്നു. കൂടാതെ കേരള ഷേവിങ് സോപ്പ്, വാസ്‌ലൈൻ എന്നിവയും ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നു. സുധ, വിമല എന്നീ വനസ്‌പതി ഉൽപ്പന്നങ്ങളും കേരളാ സോപ്‌സ് ആൻഡ് ഓയിൽസിന്റെ പ്രശസ്‌തിക്ക് മാറ്റുകൂട്ടി. പിന്നീട് 1975ൽ വെസ്‌റ്റ്‌ഹില്ലിലെ ഇറ്റാലിയൻ നിർമിത മസോണി പ്ലാന്റിലേക്ക് ഉൽപ്പാദനം മാറ്റി. എന്നിട്ടും അഡ്‌മിനിസ്‌ട്രേഷൻ, മാർക്കറ്റിങ് എന്നീ വിഭാഗങ്ങൾ വെള്ളയിൽ തന്നെ പ്രവർത്തനം തുടർന്നു. വെസ്‌റ്റ്‌ഹില്ലിലെ മസോണി പ്ലാന്റിന് ഇപ്പോഴും യാതൊരു തകരാറുമില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനാൽ ഈ സ്ഥാപനം പിന്നീട് പൂട്ടിപ്പോയി എന്നുമാത്രം. അല്ലെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള വ്യാവസായിക സ്ഥാപനങ്ങളുടെ ആയുസ്സിനെക്കുറിച്ച് ഒരു പണിക്കർക്കും കവടി നിരത്തി പ്രവചിക്കാൻ സാധ്യമല്ലല്ലൊ.

(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്‌തകത്തിൽനിന്ന്)

