അക്ഷരക്കൂട്ടായ്മയുടെ
അരനൂറ്റാണ്ട്
കോയമുഹമ്മദ്
നേരെ തലയ്ക്കു മുകളിലെയും, തൊട്ടു കിഴക്കുവശത്തെയും റോഡുകളിലൂടെ ഇടതടവില്ലാതെ വാഹനങ്ങളടെ ചീറിപ്പാച്ചിൽ. പടിഞ്ഞാറുവശത്തെ റെയിൽപ്പാളങ്ങളിലൂടെ ട്രെയിനുകളുടെ കുതിപ്പ്. ഇതിന്റെയൊന്നും ശബ്ദകോലാഹലങ്ങൾ ഏശാതെ കോഴിക്കോട്ടെ സി എച്ച് ഫ്ലൈ ഓവറിനു കീഴെ ഒരു മുറിയിൽ കൂടിയിരുന്ന് ഏതാനും പേർ മലയാളത്തിലെയെന്നല്ല യൂറോപ്പിലെയും ആഫ്രിക്കയിലെയും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും, ഇന്ത്യയിലെ തന്നെയും നാനാഭാഷകളിലെ സാഹിത്യകൃതികളെക്കുറിച്ച് കൂലങ്കഷമായ ചർച്ചകളിൽ വ്യാപൃതരായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പുവരെയും. ഫ്ലൈ ഓവറിന്റെ നവീകരണത്തിനായി തൽക്കാലം കുടി ഒഴിയേണ്ടിവന്ന ശേഷവും ഈ അക്ഷരക്കൂട്ടായ്മ അതിന്റെ ദൗത്യം തുടരുന്നു. നഗരത്തിലെ വരുതിയിലൊതുങ്ങുന്ന വിവിധ വേദികളിലായി.
അമ്പതോളം വർഷമായി എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച വൈകുന്നേരം 5.30 മുതൽ ചുരുങ്ങിയത് രണ്ടു മണിക്കൂറോളം ഓരോ പുസ്തകത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിപ്പോന്നു. നൂറോളം ഫ്ലോട്ടിങ് അംഗങ്ങളിൽ നാലിലൊന്നെങ്കിലും പേരുടെ സജീവ പങ്കാളിത്തം പതിവായിരുന്നു. അഗങ്ങളിലാരെങ്കിലുമോ പ്രത്യേക ക്ഷണിതാക്കളോ സമഗ്രമായി പുസ്തകാവതരണം നടത്തും. ശേഷം ചർച്ചയാണ്. പുസ്തകം വായിച്ചവരും ചർച്ച കേട്ടവരുമെല്ലാം അഭിപ്രായങ്ങൾ പങ്കുവെക്കും. തങ്ങൾ ചർച്ചചെയ്ത പുസ്തകം പിന്നീട് നോബൽ സമ്മാനിതമാവുന്നതറിഞ്ഞ് കൃതാർഥരായ അനുഭവവുമുണ്ട് ക്ലബ് അംഗങ്ങൾക്ക്.
മലയാള പുസ്തകങ്ങളുടെ ചർച്ചാവേളയിൽ അവയുടെ കർത്താക്കളെക്കൂടി ക്ഷണിക്കാറുണ്ട്, മിക്കപ്പോഴും. കലവറയില്ലാത്ത പ്രതികരണം അസുലഭാനുഭവമായി അവർ ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. അംഗങ്ങളടെ കൃതികളും ഇങ്ങനെ ചർച്ച ചെയ്യപ്പെടുന്നു. ഒരു തവണ ഒരു പുസ്തകത്തെക്കുറിച്ച് ആരംഭിച്ച ചർച്ച അടുത്ത മാസത്തേക്കും നീണ്ടു. സുകുമാർ അഴീക്കോടിന്റെ തത്വമസിയെക്കുറിച്ചായിരുന്നു ആ ചർച്ച. അവതരിപ്പിച്ചതോ പ്രഗത്ഭ വാഗ്മിയും എഴുത്തുകാരനുമായ ജി എൻ പിള്ളയും.
പാലാ കെ എം മാത്യുവും സുകുമാർ അഴീക്കോടുമാണ് ക്ലബിന്റെ സ്ഥാപക ഭാരവാഹികൾ. കോഴിക്കോട്ട് ഹോട്ടൽ വ്യവസായത്തിലൊരു നാഴികക്കല്ലായ മഹാറാണി ഹോട്ടലിന്റെ നടത്തിപ്പു ചുമതലക്കാരനായെത്തിയതായിരുന്നു പാലാ. സാഹിത്യകാരന്മാരെ ആകർഷിക്കാനുദ്ദേശിച്ച് മഹാറാണി ആസ്ഥാനമായി ആരംഭിച്ചതാണെങ്കിലും (1974) നഗരത്തിലെ ഗൗരവസ്വഭാവമുള്ള എഴുത്തുകാരുടെ ശ്രദ്ധ ഇതിലേക്കു പതിഞ്ഞു. എം ആർ ചന്ദ്രശേഖരൻ, ജോർജ് ഇരുമ്പയം, ദേവസ്യ തകടിയേൽ, ഫാ. ജിയോ പയ്യപ്പിള്ളി, അഡ്വ. എ ശങ്കരൻ, പി വത്സല, ടി ശിവദാസ്, ഡോ. ആർസു, പി ആർ നാഥൻ, ഭാസി മലാപ്പറമ്പ് തുടങ്ങിയവർ ആദ്യകാല സാരഥികളിൽപ്പെടുന്നു. പാലാ കെ എം മാത്യു കോഴിക്കോട് വിട്ടതോടെ ബുക്ക് ക്ലബ് അളകാപുരിയിലേക്കു മാറി. ഔദ്യാഗിക അംഗീകാരമെന്നോണം, നാമമാത്ര വാടകയ്ക്കാണെങ്കിലും, സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് അനുവദിച്ചതാണ് സി എച്ച് ഫ്ലൈ ഓവറിനു കീഴിലെ ആസ്ഥാനം.
വായനയുടെ സമ്പന്നവും അഭിമാനകരവുമായ ചരിത്രം അവകാശപ്പെടാനുളള കൂട്ടായ്മയുടെ ഒരു വർഷം നീളുന്ന സുവർണ ജൂബിലിയുടെ സ്വാഗതസംഘം രൂപീകരണയോഗം 2024 ഫെബ്രുവരി 14 ന് ബുധനാഴ്ച വൈകുന്നേരം 4.30 ന് കോഴിക്കോട് കൈരളി-ശ്രീ വളപ്പിലെ ‘വേദി’ ഓഡിറ്റോറിയത്തിൽ ചേരുകയാണ്. മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. കലിക്കറ്റ് ബുക്ക് ക്ലബ്ബിന് കാലോചിതമാംവിധം സുസജ്ജമായ ആസ്ഥാനം സ്വായത്തമാവാൻ വഴിയൊരുങ്ങുന്നുവെന്ന് പ്രത്യാശിക്കുക.


