ചലച്ചിത്ര പ്രേമികൾക്ക് വിരുന്നൊരുക്കി മേള

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ വാസുദേവൻ കുപ്പാട്ടിന്റെ ആസ്വാദനക്കുറിപ്പ്

അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് ഇരുപത്തിയെട്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിറഞ്ഞുനിന്നത്. പലായനത്തിന്റെയും സംഘര്‍ഷങ്ങളുടെയും സഹനങ്ങളുടെയും ഭൂമികയില്‍ നിന്നെത്തുന്ന മനുഷ്യരുടെ മുഖങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ തെരഞ്ഞെടുപ്പ് മെച്ചപ്പെട്ടുവെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയിട്ടുള്ളത്. പതിവുപോലെ സിനിമ കാണല്‍ എന്ന കൂട്ടായ്മ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ഒ.ടി.ടി പ്ലാറ്റ്‌ഫോം തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ വന്നെങ്കിലും തിയേറ്ററില്‍ നിന്ന് സിനിമ കാണുന്നതിന്റെ ഔത്സുക്യം ഒന്നു വേറെ തന്നെയാണെന്ന് മേള ഒരിക്കല്‍കൂടി കാണിച്ചുതന്നു.
മുഹമ്മദ് കര്‍ദോഫനി സംവിധാനം ചെയ്ത ഗുഡ്‌ബൈ ജൂലിയ എന്ന ചിത്രമായിരുന്നു ഉദ്ഘാടനചിത്രം. വടക്കന്‍ സുഡാനിലെ ഗായികയായ മേന അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചിത്രത്തില്‍ വിഷയമാവുന്നു. തെക്കന്‍ സുഡാനിലെ ജൂലിയയുടെ ഭര്‍ത്താവിനെ മേനയുടെ ഭര്‍ത്താവ് വെടിവെച്ചുകൊല്ലുന്നു. പെട്ടെന്നുള്ള വികാരവിക്ഷോഭത്തിലാണ് അത് സംഭവിക്കുന്നതെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലളിതമായി അവസാനിക്കുന്നില്ല. ജൂലിയയും മകന്‍ ഡാനിയേലും ജീവിക്കാന്‍ പ്രയാസപ്പെടുന്നു. അധികാരികളില്‍നിന്നും അവര്‍ക്ക് നീതി കിട്ടുന്നില്ല. പശ്ചാത്താപവിവശയായ മേനയാകട്ടെ ജൂലിയേയും മകനെയും പല വിധത്തില്‍ സഹായിക്കാന്‍ തയാറാവുന്നു. ഡാനിയേലിനെ കൂടെ നിര്‍ത്താന്‍ മേന ശ്രമിക്കുന്നുണ്ട്. അതില്‍ അവര്‍ ഒടുവില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്യുന്നു. വംശീയമായ പ്രശ്‌നങ്ങള്‍ക്കും ചേരിതിരിവുകള്‍ക്കും ഇടയിലും മാനുഷികതയുടെ ചില കിരണങ്ങള്‍ ഉണ്ടെന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.
കാന്‍ ഫിലിം ഫെസ്റ്റിവലിലും ചിക്കാഗോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

എന്‍ഡ്‌ലസ് ബോര്‍ഡേഴ്‌സ് എന്ന പേര്‍ഷ്യന്‍ ചിത്രവും പ്രേക്ഷകപ്രശംസ നേടുകയുണ്ടായി. അഫ്ഘാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂച് വംശജരുള്ള റാന്‍ ഗ്രാമത്തില്‍ അധ്യാപകനായ അഹമ്മദ് നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. കുട്ടികളെ പഠിപ്പിക്കുക എന്നത് മാത്രമല്ല അഹമ്മദിന്റെ ജോലി. നാട്ടിലെ പ്രശ്‌നങ്ങളെല്ലാം അയാള്‍ക്ക് നേരിടേണ്ടിവരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് എത്തിക്കാനും മറ്റു ജീവിതസാമഗ്രികള്‍ കൊണ്ടുവരാനും അഹമ്മദ് നിരന്തരമായി യാത്ര ചെയ്യുന്നു. രോഗിയും വൃദ്ധനുമായ ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ അഹമ്മദും അയാള്‍ കണ്ടെത്തുന്ന ഡോക്ടറും അശ്രാന്തം ശ്രമിക്കുന്നു. എന്നാല്‍ വൃദ്ധന്‍ മരണത്തിന് കീഴടങ്ങുകയാണ്. വൃദ്ധന്റെ യുവതിയായ വധു മറ്റൊരു ചെറുപ്പക്കാരനൊപ്പം ഒളിച്ചോടുന്നു. ഈ യുവ കമിതാക്കളെ രക്ഷിക്കാന്‍ അഹമ്മദ് മാത്രമേയുളളു. ഇതിന്റെ പേരില്‍ അഹമ്മദ് പല പ്രയാസങ്ങളും നേരിടുന്നു. ഹസാര അഭയാര്‍ത്ഥികള്‍ക്കൊപ്പം രാജ്യം വിടുന്ന അഹമ്മദും തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും ഒടുവില്‍ ലക്ഷ്യത്തിലെത്തുകയാണ്.

ദി ടീച്ചേഴ്‌സ് ലോഞ്ച് എന്ന ജര്‍മന്‍ ചിത്രം അര്‍പ്പണബോധമുള്ള ഒരു അധ്യാപികയുടെ കഥയാണ് പറയുന്നത്. മോഷണം നടത്തിയതിന്റെ പേരില്‍ അവര്‍ സഹപ്രവര്‍ത്തകയെ സംശയിക്കുന്നു. സഹപ്രവര്‍ത്തകയുടെ മകന്‍ ഇത് ചോദ്യം ചെയ്യുന്നു. തന്റെ അമ്മ ഒരിക്കലും കളവ് ചെയ്യില്ലെന്നാണ് മകന്‍ ആണയിടുന്നത്. കാര്‍ലനോവ എന്ന അധ്യാപിക ഏതായാലും അസാധാരണമായ പിരിമുറുക്കത്തെ നേരിടേണ്ടിവരുന്നു. എന്നാല്‍ ഒന്നും അവരെ തളര്‍ത്തുന്നില്ല. പോരാട്ടം വിജയകരമായി അവസാനം വരെ തുടരുകയാണ്. സഹപ്രവര്‍ത്തകയുടെ മകനും സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ കുട്ടി സ്‌കൂളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഒടുവില്‍ പൊലീസുകാര്‍ അവനെ പിടിച്ചുകൊണ്ടുപോവുകയാണ്.

സ്‌കൂള്‍ അന്തരീക്ഷത്തില്‍ തന്നെയാണ് ജപ്പാന്‍ ചിത്രമായ മോണ്‍സ്റ്റര്‍ പുരോഗമിക്കുന്നത്. തന്റെ മകന്റെ പെരുമാറ്റത്തില്‍ ഉണ്ടാവുന്ന വ്യതിയാനത്തിന് കാരണം തേടുന്ന അമ്മ ഒരു അധ്യാപികയെയാണ് അതിന് കാരണക്കാരിയായി കാണുന്നത്. സ്‌കൂളില്‍നിന്നും പുറത്തുപോവുകയും പഴയവാഹനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്ത് സ്‌കൂളിന് സമാന്തരമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്ന കുട്ടികളെ ചിത്രത്തില്‍ കാണാം.

പ്രശസ്ത സംവിധായകന്‍ ക്രിസ്റ്റോഫ് പയസ് സനൂസിയുടെ എ ഇയര്‍ ഓഫ് ക്വിറ്റ് സണ്‍ അമേരിക്കന്‍ സൈനികനും പോളീഷ് യുവതിയുമായുള്ള പ്രണയത്തിന്റെ കഥ പറയുന്ന രചനയാണ്. നിരവധി സംഘര്‍ഷ മുഹൂര്‍ത്തങ്ങള്‍ ഇതിലുണ്ട്. യുദ്ധാനന്തരം രക്ഷപ്പെട്ട് മടങ്ങുന്നവരുടെ ആശ്വാസവും ആകാംക്ഷയും ചിത്രത്തിന്റെ തുടക്കത്തില്‍ കാണാം. അമേരിക്കന്‍ സൈനികനൊപ്പം പോകാന്‍ സെര്‍മന്‍ ടു ദി ബേര്‍ഡ്‌സ് പരിസ്ഥിതിനാശത്തിന്റെ കഥ പറയുന്ന ചിത്രമാണ്. ഹിലാല്‍ ബൈദറോവ് സംവിധാനം ചെയ്ത ചിത്രത്തില്‍ കാടിന്റെയും പക്ഷികള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയില്‍ ഉണ്ടാവുന്ന വിള്ളലുകള്‍ വിശദമാക്കപ്പെടുന്നു.
കന്നഡ ചിത്രമായ അംബുഷ്, മറാത്തി ചിത്രമായ ഫോളോവര്‍, മണിപ്പുരി ചിത്രമായ ജോസഫിന്റെ മകന്‍, ശത്രുഘ്ന്‍ ചാവ്ദയുടെ വിച്ച് കളര്‍? തുടങ്ങിയ ചിത്രങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്ക്രീനില്‍ എത്തി.
കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ റോജിന്‍ തോമസിന്റെ ഹോം, സന്തോഷ് ശിവന്റെ മോഹ എന്നിവ ഇടംനേടി.

ഫാസില്‍ റസാക്ക് സംവിധാനം ചെയ്ത തടവ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. അംഗന്‍വാടി അധ്യാപികയായ ഗീത ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഇതിവൃത്തം. രണ്ടു വിവാഹം ചെയ്തിട്ടും കുടുംബവുമായി ഒത്തുപോകാന്‍ സാധിക്കാത്ത ഗീത തനിച്ചാണ് താമസം. ചെറിയ മകളെ അച്ഛന്‍ കൂട്ടിക്കൊണ്ടുപോവുന്നു. കോടതിയും നിയമവും അയാള്‍ക്ക് തുണയാകുമ്പോള്‍ ഗീത ഒറ്റപ്പെടുന്നു. ആദ്യ ഭര്‍ത്താവിലെ മകളും മരുമകനും സഹായവുമായി എത്തുമ്പോള്‍ സ്വീകരിക്കാന്‍ ഗീത തയാറാവുന്നുമില്ല. അര്‍ബുദ ബാധയായ ഗീതക്ക് ചികിത്സക്ക് വലിയ തുക വേണം. ഇത് കണ്ടെത്താന്‍ സുഹൃത്തുക്കള്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ കുറ്റകൃത്യം നടത്തി ജയിലില്‍ പോയാല്‍ മികച്ച ചികിത്സ കിട്ടുമെന്നാണ് ഗീതയുടെ കണക്കുകൂട്ടല്‍. ബസ് യാത്രക്കിടയില്‍ തന്റെ അടുത്തിരുത്തിയ കുട്ടിയെ ഗീത കൂടെ കൊണ്ടുപോവുകയാണ്. അങ്ങനെ ഗീതയെ പോലീസ് അറസ്റ്റ് ചെയ്യുന്നു. വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥ അവളോട് എന്തെങ്കിലും അസുഖമുണ്ടോ എന്ന് ചോദിക്കുന്നു. ആ ചോദ്യത്തിന് ഗീത ഉത്തരം പറയാതെ നില്‍ക്കുമ്പോഴാണ് ചിത്രം അവസാനിക്കുന്നത്.

സണ്‍ഡേ എന്ന ഉസ്ബക്കിസ്ഥാന്‍ ചിത്രവും മത്സരവിഭാഗത്തിലെ മികച്ച ദൃശ്യാനുഭവമായി. ഉസ്ബക്കിലെ വൃദ്ധദമ്പതികള്‍ അദ്വാനിച്ച് ജീവിക്കുന്നവരാണ്. അവരുടെ മക്കളില്‍ ഒരാള്‍ അടുത്തുതന്നെ വേറെ കുടുംബത്തോടൊപ്പം താമസിക്കുന്നു. മറ്റൊരു മകന്‍ വിദേശത്താണ്. അവന് വിവാഹത്തിന് സമയമായി. അതുകൊണ്ടുതന്നെ വീട്ടിലെ ടി.വി, ഫ്രിഡ്ജ് പോലുള്ള സാമഗ്രികള്‍ പുതുക്കി വാങ്ങുകയാണ്. പിതാവിന് ഇത് ഇഷ്ടമാവുന്നില്ല. അയാള്‍ ഇപ്പോഴും ചെമ്മരിയാടുകളെ മേയ്ക്കുകയും അതിന്റെ രോമം അറുത്തെടുത്ത് വില്‍ക്കുകയും ചെയ്യുന്നു. കൂടെ നൂല്‍ നൂറ്റ് ചായത്തില്‍ മുക്കി തുണിത്തരമാക്കി മാറ്റുന്നുമുണ്ട്. ഇതില്‍നിന്നുള്ള വരുമാനമാണ് അയാളെയും ഭാര്യയെയും ജീവിക്കാന്‍ സഹായിക്കുന്നത്. തുണി വാങ്ങുന്ന ആള്‍ പണത്തിന് പകരം എ.ടി.എം കാര്‍ഡ് നല്‍കുന്നതോടെ വൃദ്ധനും ഭാര്യയും അങ്കലാപ്പിലാകുന്നു. പുതിയ സാമ്പത്തിക വിനിമയരീതിയോട് പൊരുത്തപ്പെടാന്‍ അയാള്‍ക്ക് സാധിക്കുന്നില്ല. പഴയ വീടിന് പകരം കോണ്‍ക്രീറ്റ് വീട് കെട്ടാന്‍ മകന്റെ സുഹൃത്തുക്കള്‍ എത്തുന്നതോടെ അന്തരീക്ഷം ശബ്ദമുഖരിതമാകുന്നു. പുതിയ ജീവിതക്രമത്തിന്റെ ഈ ബഹളം താങ്ങാനാവാതെ വൃദ്ധന്‍ വീട്ടില്‍ നിന്ന് യാത്രയാവുന്ന സന്ദര്‍ഭത്തിലാണ് ചിത്രം അവസാനിക്കുന്നത്.

ഹോമേജ് വിഭാഗത്തില്‍ ഇന്നസന്റ് അഭിനയിച്ച, സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിങ്, മാമുക്കോയയുടെ വ്യത്യസ്ത ചിത്രമായ പെരുമഴക്കാലം, രവീന്ദ്രന്‍ നായര്‍ എന്ന രവി നിര്‍മിക്കുകയും അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുകയും ചെയ്ത വിധേയന്‍, കെ ജി ജോര്‍ജിന്റെ യവനിക എന്നിവ പ്രദര്‍ശിപ്പിച്ചു.

ചലച്ചിത്രപ്രേമികളെ തീർത്തും ആകര്‍ഷിച്ച മേളയായിരുന്നു ഇത്തവണ നടന്നത്. ചില പ്രയാസങ്ങളും ബഹളവും എല്ലാം ഉണ്ടായിട്ടുണ്ടാവും. എങ്കിലും പൊതുവെ സംഘാടകര്‍ മികവ് പുലര്‍ത്തി. വലിയ പരാതിയൊന്നും എവിടെയും ഉയര്‍ന്നില്ല. തിരുവനന്തപുരം നഗരം മുഴുവന്‍ സിനിമയുടെ ലഹരിയിലായിരുന്നു. യുവാക്കളാണ് പ്രധാനമായും ഡലിഗേറ്റുകളായി എത്തിയത്. അങ്ങനെ സിനിമ തിയേറ്ററിന് അകത്തും പുറത്തും ചര്‍ച്ചയായി. കണ്ട സിനിമകളെപ്പറ്റി എല്ലാവരും പരസ്പരം പറഞ്ഞു. തിയേറ്ററുകളില്‍ നിന്ന് തിയേറ്ററുകളിലേക്ക് ഓട്ടോയിലും കാല്‍നടയായും ഓട്ടം തുടര്‍ന്നവര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടിവന്നില്ല. ചിത്രങ്ങള്‍ ആസ്വദിച്ചും പറഞ്ഞും സംവദിച്ചും വിവാദങ്ങള്‍ക്ക് ചെറിയ തോതില്‍ വഴിമരുന്നിട്ടുമാണ് മേള കടന്നുപോയത്. അടുത്ത മേളക്ക് കാണാമെന്ന ഉറപ്പിലാണ് എല്ലാവരും മടങ്ങിയത്.

ചലച്ചിത്ര മേള കാണാനെത്തിയവരുടെ തിരക്ക് – ഫോട്ടോ: ആർ വി സതി
വാസുദേവൻ കുപ്പാട്ട്

Leave a Reply

Your email address will not be published. Required fields are marked *