മാറ്റുകൂട്ടാൻ മില്ലറ്റ് മേളയും

പേരാമ്പ്ര: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് മാറ്റുകൂട്ടാൻ മില്ലറ്റ് മേളയും. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിൽ മില്ലറ്റിന്റെ പ്രചാരണത്തിനായി, ജില്ലയിലെ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം, മില്ലറ്റ് മിഷൻ ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് മില്ലറ്റ് മേള ഒരുക്കുന്നത്. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ താഴത്തെ ഗ്രൗണ്ടിൽ പ്രധാന വേദിയുടെ ഇടതുവശത്തായി ഒരുക്കിയ പവലിയനിൽ ആരംഭിച്ച മില്ലറ്റ് മേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. നാഷണൽ സർവീസ് സ്കീം കോഴിക്കോട് ജില്ലാ കോ-ഓഡിനേറ്റർമാരായ എസ് ശ്രീചിത്ത്, എം കെ ഫൈസൽ, മില്ലറ്റ് മിഷൻ ജില്ലാ സെക്രട്ടറി സെഡ് എ സൽമാൻ, എൻ എസ് എസ് പേരാമ്പ്ര ക്ലസ്റ്റർ കൺവീനർ സി കെ ജയരാജ്, ഡോ. ബിനു ശങ്കർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി എ രാജീവൻ, എൻഎസ്എസ് വളണ്ടിയർമാരായ അവന്തിക കണ്ണൻ, നിരഞ്ജൻ മറക്കാട്ട്, ഋഷിരാജ്, അവന്തിക വാര്യർ തുടങ്ങിയവർ സംസാരിച്ചു. മേളയോട് അനുബന്ധിച്ച് മില്ലറ്റ് പ്രചാരണം, പ്രദർശനം, വിപണനം എന്നിവയാണ് നടക്കുന്നത്.
ബ്രൗൺ ടോപ്പ്, വരക്, കുതിരവാലി, ചാമ, തിന, മണിച്ചോളം കമ്പ്, പനിവരക്, റാഗി തുടങ്ങിയ ഒൻപത് മില്ലറ്റുകളും മില്ലറ്റ് ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ആദ്യദിവസം ചാമയരിയുടെ പായസം വിതരണം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ മറ്റു മില്ലറ്റുകളുടെ വിഭവങ്ങളും വിതരണം ചെയ്യും.

മില്ലറ്റ് മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *