കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാര സ്ഥാപനങ്ങൾ മാത്രമല്ല, ഒരു കാലത്ത് താമസക്കാരും ഏറെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് ഒന്നുരണ്ട് കുടുംബങ്ങളിൽ മാത്രമായി ഒതുങ്ങുന്നു. മിഠായിത്തെരുവിനെ ആശ്രയിച്ചു കൊണ്ടുതന്നെയാണ് ഇക്കൂട്ടർ ഉപജീവനം കണ്ടെത്തുന്നത്.
പാലക്കാട്ടുനിന്ന് മിഠായിത്തെരുവിലെത്തിയ ചെട്ട്യാർ കുടുംബത്തിലെ കാരണവരാണ് ദൊരൈസാമി അയ്യർ. എൻ വി ചെട്ട്യാരുടെ അമ്മായി രംഗമ്മാൾ ആണ് ആദ്യമായി കോഴിക്കോട്ടെത്തിയ ഈ സമുദായത്തിലെ കുടുംബാംഗം. എൻ വി ചെട്ടാർ മിഠായിത്തെരുവിൽ ഹിന്ദുസ്ഥാൻ ലിവറിന്റെ ഏജൻസി തുടങ്ങി. എഴുപതുകളിലെ അറിയപ്പെട്ട സ്ഥാപനമായിരുന്നു അത്.
ഗുജറാത്തികളും കൊങ്ങിണികളുമായിരുന്നു അക്കാലത്ത് ബേക്കറി കച്ചവടം കാര്യമായി ചെയ്തിരുന്നത്. റിക്ഷകളും കാളകളും കുതിരകളും ആയിരുന്നു ചരക്കുവണ്ടികളിൽ സാധനങ്ങൾ കൊണ്ടുപോകാറുണ്ടായിരുന്നത്. ദൊരൈ സാമിയുടെ അയൽക്കാരനും കളിക്കൂട്ടുകാരനുമായിരുന്നു പടിഞ്ഞാറെ അത്തിക്കോട്ടു പറമ്പിൽ താമസിച്ചിരുന്ന ശിവസുബ്രഹ്മണ്യം ( ചെറിയ ബേബി ). ഇദ്ദേഹം മരിച്ചുപോയെങ്കിലും മകൻ ഗിരി ഇപ്പോഴും ഇടക്കിടെ വീട്ടിൽ വരുന്നുണ്ട്. 20 വർഷം മുമ്പ് മധുരയിൽ നിന്ന് വന്ന കുടുംബമാണിത്. മറ്റൊരു താമസക്കാരൻ രാജേഷിന്റെ കുടുംബമാണ്. പാഴ്സി കോമ്പൗണ്ട് പരിസരത്ത് ഇവർ താമസിക്കുന്നു. കടകളിൽനിന്ന് ശേഖരിക്കുന്ന കാലിച്ചാക്കും മറ്റും വിൽക്കുന്ന ജോലിയായിരുന്നു രാജേഷിന്. പരമ്പരാഗതമായുള്ള കച്ചവടം. രാജേഷിന്റെ മരണത്തോടെ ഭാര്യ രജി ബിസിനസ് ഏറ്റെടുത്തു.
സംസ്ഥാന വനിത ഫുട്ബോൾ ടീമംഗങ്ങളായ ആഷാ രാജേഷും ആതിര രാജേഷും അമ്മയ്ക്ക് തുണയായുണ്ട്. എടപ്പാളിൽനിന്ന് കോഴിക്കോട്ടെത്തിയ കുടുംബം. 90 വർഷം മുമ്പ് പണിത വീടാണിത്. മറ്റൊരു വീട് ലക്ഷ്മി നിവാസാണ്. 1924 ൽ മാധവിയമ്മയുടെ പേരിൽ പണിത വീടാണിത്. മാധവിയമ്മയുടെ മകൾ ലക്ഷ്മിയും ഭർത്താവ് ഉണ്ണിയേരിയും ഏഴ് മക്കളും ഇവിടെ താമസിച്ചിരുന്നു. ഇപ്പോൾ ലക്ഷ്മിയുടെ ഇളയ മകൻ അജിയും കുടുംബവുമാണ് താമസിക്കുന്നത്.
(ടി ബി സെലുരാജിന്റെ മിഠായിത്തെരുവ് പുസ്തകത്തിൽനിന്ന്)
മിഠായിത്തെരുവിലെ താമസക്കാർ

