കോഴിക്കോട്ടെ നാഷണൽ സ്റ്റുഡിയോ

കോഴിക്കോട് മിഠായിത്തെരുവിനെക്കുറിച്ച് പറയുമ്പോൾ നാഷണൽ സ്റ്റുഡിയോ മറക്കാനാവില്ല. കോഴിക്കോട്ടുകാർക്ക് ക്യാമറ അന്യമായിരുന്ന കാലം. അക്കാലത്താണ് കോഴിക്കോട് ബാറിലെ അഭിഭാഷകനായിരുന്ന കുഴിപ്പാട്ട് കരുണാകരൻ നായരുടെ മകൻ കരുണാകര മേനോൻ മിഠായിത്തെരുവിൽ ഒരു സ്റ്റുഡിയോ തുടങ്ങുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് മലബാറിലെ അറിയപ്പെട്ട സ്ഥാപനമായി നാഷണൽ സ്റ്റുഡിയോ വളർന്നു. അതാലത്ത് മലബാറിലെ ഗ്രാമങ്ങളിൽ നാഷണൽ സ്റ്റുഡിയോയുടെ സ്റ്റിക്കർ ഒട്ടിച്ച ഫോട്ടോകൾ ചുമരുകളിൽ തൂങ്ങാൻ തുടങ്ങി. വീടുകളിൽ ഭിത്തികളിൽ ഫോട്ടോകൾ തൂക്കുകയായിരുന്നു അന്നത്തെ പതിവ്. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ഫോട്ടോകൾ ചുമരുകളിൽ സ്ഥാനം പിടിച്ചു.

ഒട്ടനവധി ശിഷ്യന്മാരുണ്ടായിരുന്നു അദ്ദേഹത്തിന് – പുനലൂർ രാജൻ തുടങ്ങിയവർ. മേജർ മനേക് ഷാ ഇന്ത്യാ-പാക് യുദ്ധത്തിനു ശേഷം കോഴിക്കോട് സന്ദർശിച്ചപ്പോൾ മൂന്നു മണിക്കൂറോളം ഈ സ്റ്റുഡിയോയിലെത്തി സമയം ചെലവഴിച്ചിരുന്നു. ഉണ്ണിയേട്ടൻ എന്ന കരുണാകര മേനോനുമായി അദ്ദേഹം സൗഹൃദം പങ്കു വെച്ചിരുന്നു. മേനോന്റെ ശിഷ്യന്മാർ തന്നെയാണ് പിൽക്കാലത്ത് നഗരത്തിൽ മറ്റ് സ്റ്റുഡിയോകൾ തുടങ്ങിയത്. അദ്ദേഹത്തിന്റെ ദയാവായ്പ് ഒന്നുകൊണ്ടു മാത്രം, തെരുവിൽ ഗ്ലാസ് പടം വരച്ചു കൊണ്ടിരുന്ന ഒരു മനുഷ്യൻ ജീവിതത്തിൽ അസാധാരണ സൗഭാഗ്യങ്ങൾ നേടിയ കഥയും പഴയ തലമുറയ്ക്ക് പറയാനുണ്ട്. നല്ലൊരു സഹൃദയനുമായിരുന്നു അദ്ദേഹം. നഗരത്തിൽ അരങ്ങേറിയ പല നാടകങ്ങൾക്കു പിറകിലും ഇദ്ദേഹമായിരുന്നു സാരഥ്യം വഹിച്ചത്. സി സി ഗോപി, ടി ദാമോദരൻ എന്നീ കൂട്ടുകാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

( ടി ബി സെലുരാജിന്റെ ‘മിഠായിത്തെരുവ്’ പുസ്തകത്തിൽ നിന്ന്)

Leave a Reply

Your email address will not be published. Required fields are marked *