കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പാല്‍ വിലയ്ക്കു പുറമെ ക്ഷീര കര്‍ഷകര്‍ക്കും ക്ഷീര സംഘങ്ങള്‍ക്കുമായി മലബാര്‍ മില്‍മ 59 കോടി രൂപയുടെ അധിക സാമ്പത്തിക നേട്ടം ലഭ്യമാക്കി.
അധിക പാല്‍വിലയായും, പ്രവര്‍ത്തന മികവ് പുലര്‍ത്തിയ സംഘങ്ങള്‍ക്കും, വിവിധ ക്ഷീര കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പ് തുക നല്‍കിയത്.
2022 – 23 സാമ്പത്തിക വര്‍ഷത്തില്‍ 1482 കോടി രൂപയുടെ വിറ്റുവരവും പാല്‍ വിപണന രംഗത്ത് 14 ശതമാനത്തിന്റെ വളര്‍ച്ചയുമായി മലബാര്‍ മില്‍മ സര്‍വ്വകാല റെക്കോര്‍ഡും കൈവരിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ 74.31 ലക്ഷം രൂപയുടെ മിച്ച റവന്യൂ ബജറ്റ് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ചേര്‍ന്ന മലബാര്‍ മില്‍മ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. 2135.52 കോടി രൂപ വരവും 2134.78 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. വിറ്റുവരവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനത്തിന്റെ വര്‍ധനവാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. കാലിത്തീറ്റ സബ്‌സിഡി, ഫോഡര്‍ സബ്‌സിഡി, കൃത്രിമ ബീജാധാനം, വികേന്ദ്രീകൃത മൃഗ ചികിത്സ, ഫാം യന്ത്രവല്‍ക്കരണം, കാലിത്തൊഴുത്ത് നിര്‍മ്മാണം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവകള്‍ക്കുള്ള സബ്‌സിഡിയും ഉള്‍പ്പെടെ വിവിധ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങക്കായി 32.32 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
വാര്‍ഷിക പൊതുയോഗത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 1149 ക്ഷീര സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാരാണ് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തത്.
സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ട് മലബാര്‍ മില്‍മ മുന്നോട്ടു പോകുകയാണെന്ന് കെ എസ് മണി പറഞ്ഞു. ആയുര്‍വ്വേദ വെറ്ററിനറി മരുന്നുകള്‍ പുറത്തിറക്കിയതിന് മന്‍ കി ബാത്തിന്റെ 104-ാം എപ്പിസോഡില്‍ മലബാര്‍ മില്‍മയ്ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രശംസ ലഭിച്ചു, രാജ്യത്തെ ഏറ്റവും അണുഗുണ നിലവാരമുള്ള പാല്‍ സംഭരിക്കുന്ന മില്‍ക്ക് യൂണിയന്‍ മലബാര്‍ മില്‍മയാണെന്ന റിപ്പോര്‍ട്ട് ദേശീയ മൃഗസംരക്ഷണ പുറത്തു വിട്ടു. രാജ്യത്തെ ഏറ്റവും മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാല്‍ രത്ന പുരസ്്കാരം നേിയത് മേഖലാ യൂണിയന്റെ അംഗസംഘമായ മാനന്തവാടി ക്ഷീര സംഘമാണ്. ഊര്‍ജ സംരക്ഷണ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സീം ഇന്ത്യ ദേശീയ പുരസ്‌കാരവും മലബാര്‍ മില്‍മയ്ക്ക് ലഭിച്ചു. ഓണക്കിറ്റില്‍ മില്‍മ ഉൽപ്പന്നങ്ങള്‍ ഉള്‍പ്പെടുത്താനായതും നേട്ടമായെന്ന് ചെയര്‍മാന്‍ പറഞ്ഞു.
കേരളത്തിലെ ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന എല്ലാ കര്‍ഷകരുടേയും കറവമാടുകള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക, മില്‍മയുടെ പാലുല്‍പ്പന്നങ്ങള്‍ക്കും, ചെറുകിട ഫാമുകള്‍ക്കായി വാങ്ങുന്ന യന്ത്ര സാമഗ്രികള്‍ക്കും ചുമത്തിയിരിക്കുന്ന ജിഎസ്ടി ഒഴിവാക്കുക, കര്‍ഷകരെ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി പദ്ധതിയില്‍ (MGNREGA) ഉള്‍പ്പെടുത്തുക, ക്ഷീര കര്‍ഷകരെ എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങളായി തരംതിരിക്കാതെ ആനുകൂല്യങ്ങള്‍ നല്‍കുക, യൂണിയനുകള്‍ വഴി വിതരണം ചെയ്യുന്ന ബീജമാത്രകള്‍ക്ക് വില ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങി 12 പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
മികച്ച ക്ഷീര സംഘമായി തെരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ പരിശക്കല്‍ ക്ഷീര സംഘത്തിനും ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള പാല്‍ നല്‍കിയ വയനാട് ജില്ലയിലെ പുതുശ്ശേരി ക്ഷീര സംഘത്തിനും ഏറ്റവും നല്ല ബിഎംസി സംഘമായി തെരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ കിണര്‍പ്പള്ളം ക്ഷീര സംഘത്തിനും ഏറ്റവും കൂടുതല്‍ ഉല്‍പ്പന്ന വിപണനം നടത്തിയ മലപ്പുറം ജില്ലയിലെ കല്‍ക്കുണ്ട്. പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരി എന്നീ ക്ഷീര സംഘങ്ങള്‍ക്കും, ജില്ലാ തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ക്ഷീര സംഘങ്ങള്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മേഖലാ യൂണിയന്റെ സഹോദര സ്ഥാപനമായ എംആര്‍ഡിഎഫ് ഡയാലിസിസിസ് ചികിത്സ ആവശ്യമായി വരുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ സി ജെയിംസ് സ്വാഗതവും, ഭരണസമിതി അംഗം പി ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ:
മലബാര്‍ മില്‍മ വാര്‍ഷിക പൊതുയോഗത്തില്‍ മില്‍മ ചെയര്‍മാന്‍ കെ എസ് മണി സംസാരിക്കുന്നു

