ലഹരിക്കെതിരെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തും -മന്ത്രി രമേശ് ചെന്നിത്തല

ഓപറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തില്‍ പിടിമുറുക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ആസൂത്രിത നീക്കം നടത്തുകയും ചെയ്യുന്നുണ്ടെന്നും അതിനെതിരെ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തുകയെന്ന ദൗത്യമാണ് ഓപറേഷന്‍ തൂഫാനിലൂടെ പ്രാവര്‍ത്തികമാക്കുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ ‘ഓപറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം കുന്ദമംഗലത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഹരി മാഫിയക്കെതിരായ പോരാട്ടം വിജയിക്കണമെങ്കില്‍ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരായ വലിയ പോരാട്ടമാണ് ഓപറേഷന്‍ തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന്റെ വ്യാപനം കാരണം മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളിലയക്കുന്നത് പോലും ഭയത്തോടെയാണ്. പുതിയ കേരളം കെട്ടിപ്പടുക്കണമെങ്കില്‍ ലഹരി ഉപയോഗിക്കാത്ത പുതിയ തലമുറയെ വളര്‍ത്തിയെടുക്കണം. സജീവമായ മയക്കുമരുന്ന് ലോബിയെ തകര്‍ക്കാന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ. അവരുടെ വേരറുക്കാന്‍ ഓപറേഷന്‍ തൂഫാന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ലഹരിക്കെതിരായ ദീപശിഖ മന്ത്രി എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എക്ക് കൈമാറി. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം, ലഹരിക്കെതിരായ വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിനിന്റെയും എജ്യൂ കാര്‍ണിവലിന്റെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. എം കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി. അഡ്വ. കെ പ്രവീണ്‍കുമാര്‍ എം.എല്‍.എ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഫസീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത്, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകന്‍, വാര്‍ഡ് മെമ്പര്‍ വി അനില്‍കുമാര്‍, നോര്‍ത്ത് സോണ്‍ ഐ.ജി പുട്ട വിമലാദിത്യ, കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ എ പി ഷൗക്കത്തലി, മുന്‍ എം.എല്‍.എ യു സി രാമന്‍, എ.ഇ.ഒമാരായ കെ രാജീവ്, ഷംജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *