പൾമണറി എംബോളിസത്തിന് നൂതന സാങ്കേതിക വിദ്യയുമായി ആസ്റ്റർ മിംസ്.

കോഴിക്കോട്:  സംസ്ഥാനത്തെ ആദ്യ “ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി” ചികിത്സാരീതിയിലൂടെ യുവാവിന് കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്ന് പുതുജന്മം. പൾമണറി എംബോളിസത്തെ തുടർന്ന് ശ്വാസകോശത്തിൽ ഗുരുതരമായ രീതിയിൽ രക്തം കട്ടപിടിച്ച വയനാട് സ്വദേശിയായ 31 കാരനെയാണ്  നൂതന ചികിത്സാ രീതിയായ “ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി” സാങ്കേതികവിദ്യയിലൂടെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്.

കാലിനേറ്റ പരിക്കിനെത്തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെ കടുത്ത ശ്വാസംമുട്ടൽ, രക്തസമ്മർദ്ദക്കുറവ്  തുടങ്ങിയ ലക്ഷണങ്ങളോടെയാണ്  ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചത്.  സിടി സ്കാനിലെ റിപ്പോർട്ടിൽ ശസ്ത്രക്രിയ നടന്ന കാലു മുതൽ ശ്വാസകോശത്തിലെ പ്രധാന ധമനികളിൽ വരെ നിരവധി രക്തക്കട്ടകൾ രൂപപ്പെട്ടതായി കണ്ടെത്തി. ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന ഈ അവസ്ഥ രോഗിയുടെ ജീവന് തന്നെ  ഭീഷണിയായിരുന്നു. മരുന്നുകളോട് രോഗിയുടെ ശരീരം പ്രതികരിക്കാത്തതിനാലും ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത വളരെക്കൂടുതലായതിനാലുമാണ് അത്യാധുനിക ചികിത്സാമാർഗ്ഗമായ ഈ രീതി തെരഞ്ഞെടുത്തത്. ഇന്റർവെൻഷനൽ കാർഡിയോളജി വിഭാഗം മേധാവി ഡോ.സൽമാൻ സലാഹുദ്ദീൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് അതിസങ്കീർണമായ ഈ പ്രൊസീജിയർ വിജയകരമായി പൂർത്തിയാക്കിയത്. 
വലിയ ശസ്ത്രക്രിയകൾ കൂടാതെ ശ്വാസകോശത്തിലെ രക്തക്കട്ടകൾ നേരിട്ട് വലിച്ചെടുത്ത് നീക്കം ചെയ്യുന്ന അത്യാധുനിക സംവിധാനമാണ് “ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി”. രോഗിയുടെ തുടയിലെ പ്രധാന ഞരമ്പിലൂടെ കടത്തിവിടുന്ന പ്രത്യേക കത്തീറ്റർ (ചെറിയ കുഴൽ) ഹൃദയം വഴി ശ്വാസകോശത്തിലെ ധമനികളിലെത്തിച്ചാണ് ഈ പ്രൊസീജ്യർ ചെയ്യുന്നത്. റേഡിയോ ഫ്രീക്വൻസി അല്ലെങ്കിൽ കത്തീറ്റർ ഗൈഡൻസ് വഴി വലിയ രക്തക്കട്ടകളെപ്പോലും സുരക്ഷിതമായി ഈ സംവിധാനത്തിലൂടെ വലിച്ചെടുക്കാൻ സാധിക്കും. അതിനാൽ വലിയ രക്തസ്രാവത്തിനുള്ള സാധ്യത ഒഴിവാക്കുന്നു എന്നതാണ് ഈ ചികിത്സയുടെ പ്രധാന സവിശേഷത. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരം  സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കുന്നത്.
“ഒരു യുവരോഗിയുടെ ജീവൻ നിർണായകമായ ഘട്ടത്തിൽ രക്ഷിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. സങ്കീർണമായ ഓപ്പൺ സർജറികളോ പാർശ്വഫലങ്ങളോ ഇല്ലാതെ അതിവേഗം രോഗിയെ സാധാരണ നിലയിലേക്ക് എത്തിക്കാൻ ഈ അത്യാധുനിക പ്രൊസീജിയറിലൂടെ സാധിച്ചു എന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. സൽമാൻ സലാഹുദ്ദീൻ പറഞ്ഞു.

കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരായ ഡോ.സുദീപ് കോശി, ഡോ.സന്ദീപ് മോഹനൻ , ഡോ. ജയേഷ് ഭാസ്കരൻ, ഡോ. ബിജോയ് കരുണാകരൻ എന്നിവരും അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിലെ വിദഗ്ധരും അടങ്ങുന്നതായിരുന്നു ജീവൻരക്ഷാ ദൗത്യത്തിൽ പങ്കാളികളായ മെഡിക്കൽ സംഘം. കഴിഞ്ഞ 25 വർഷമായി സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ സങ്കീർണമായ നിരവധി മെഡിക്കൽ പ്രൊസീജിയറുകൾക്കും അത്യാധുനിക ചികിത്സാരീതികൾക്കും കോഴിക്കോട് ആസ്റ്റർ മിംസ് നേതൃത്വം നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക വഴി രോഗികൾക്ക് സുരക്ഷിതവും മികവുറ്റതുമായ സേവനങ്ങൾ ഉറപ്പാക്കാൻ കോഴിക്കോട് ആസ്റ്റർ മിംസ്  പ്രതിജ്ഞാ ബദ്ധമാണെന്ന് സിഒഒ ഡോ.ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *