കോഴിക്കോട്: തെരുവോരങ്ങളിൽ ഒറ്റപ്പെട്ടു പോയവരെ പുനരധിവസിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ‘ഉദയം’ പദ്ധതിയുടെ ധനസമാഹരണത്തിനായി നാടൊരുമിക്കുന്നു. നാളെ (ജനുവരി 31) ജില്ലയിലെ 150 ഓളം ക്യാമ്പസുകളിൽ നിന്നായി 15000 ത്തോളം വിദ്യാർത്ഥികൾ ‘തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി ഒരു ദിവസം’ ധനസമാഹരണ ക്യാമ്പയിനായി ഇറങ്ങും.
കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളിൽ നാളെ വിദ്യാർത്ഥികൾ തെരുവിലേക്കിറങ്ങും. വിവിധ കോളേജുകളിലെ എൻഎസ്എസ്സിന്റെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
2020 മാർച്ച് 24 നാണ് തെരുവിൽ ജീവിക്കുന്നവരെ പുരനരധിവസിപ്പിക്കാൻ ഉദയം പദ്ധതി തുടങ്ങിയത്. ചേവായൂർ, വെള്ളിമാട്കുന്ന്, വെസ്റ്റ്ഹിൽ എന്നീ മൂന്ന് ഹോമുകളിലായി രണ്ടായിരത്തോളം പേരെ പുനരധിവസിപ്പിച്ചു. ഉദയത്തിൽ എത്തുന്ന ഓരോ അന്തേവാസിയുടെയും കുടുംബാംഗങ്ങളെ കണ്ടെത്തുകയും കുടുംബം ഉള്ളവരെ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചത്തിക്കുകയുമാണ് ചെയ്യുന്നത്.
ധനസമാഹരണ ക്യാമ്പയിനിന്റെ പ്രചാരണാർത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. കോഴിക്കോട്, വടകര എന്നിവിടങ്ങളിലാണ് ജാഥ സംഘടിപ്പിച്ചത്.

