വിഷന്‍ 2031: പൊതുമരാമത്ത് വകുപ്പ് സെമിനാറിലേക്ക് രജിസ്റ്റര്‍ ചെയ്യാം

കോഴിക്കോട്: ഒക്ടോബര്‍ 18ന് കോഴിക്കോട്ട് നടക്കുന്ന വിഷന്‍ 2031 പൊതുമരാമത്ത് വകുപ്പ് സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നാളെ കൂടി (ഒക്ടോബര്‍ 14) രജിസ്റ്റര്‍ ചെയ്യാം. https://share.google/uxUb2OEL6vT9uVInc എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കേരള സംസ്ഥാനം രൂപംകൊണ്ടതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന 2031ല്‍ കേരളം എങ്ങനെയാകണമെന്ന കാഴ്ചപ്പാട് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ വളര്‍ച്ച വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ഭാവി പദ്ധതികളെ കുറിച്ചുള്ള വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുകയും വകുപ്പുമായി ബന്ധപ്പെട്ട ആശയങ്ങള്‍ രേഖപ്പെടുത്തുകയുമാണ് സെമിനാറിന്റെ ലക്ഷ്യം. സുസ്ഥിര നിര്‍മാണ രീതികള്‍ വികസിപ്പിച്ചും സാമ്പത്തിക, മാനവ വിഭവ ശേഷികള്‍ കാര്യക്ഷമമായി ഉപയോഗിച്ചും കരുത്തുറ്റ അടിസ്ഥാന സൗകര്യ വികസന ശൃംഖല സംസ്ഥാനത്ത് സജ്ജമാക്കാന്‍ വകുപ്പിനെ സഹായിക്കുന്ന വിധത്തില്‍ ആറ് വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കരട് നയരേഖ തയാറാക്കും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സാങ്കേതിക വിദഗ്ധര്‍, സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, ജനപ്രതിനിധികള്‍, സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.


*സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150ാം ജന്മവാര്‍ഷികം: പദയാത്രയും മത്സരങ്ങളും സംഘടിപ്പിക്കും*

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ ‘മേരാ യുവ ഭാരത്’ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 16 വരെ എല്ലാ ജില്ലകളിലും പദയാത്ര സംഘടിപ്പിക്കും. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ സന്ദേശത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ ചിന്തകള്‍ യുവജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം.

സോഷ്യല്‍ മീഡിയ റീല്‍ മത്സരങ്ങള്‍, ഉപന്യാസ രചന, സര്‍ദാര്‍ @150 യങ് ലീഡേഴ്സ് പ്രോഗ്രാം ക്വിസ് എന്നീ മത്സരങ്ങളും സംഘടിപ്പിക്കും. രജിസ്‌ട്രേഷന്‍, പരിപാടിയുടെ വിശദാംശങ്ങള്‍ എന്നിവ https://mybharat.gov.in/pages/unity_march പോര്‍ട്ടലില്‍ ലഭ്യമാണ്. നവംബര്‍ 26ന് ആരംഭിച്ച് ഡിസംബര്‍ ആറിന് അവസാനിക്കുന്ന ദേശീയ പദയാത്രയില്‍ ഓരോ ജില്ലകളില്‍നിന്നും രണ്ട് പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *