കേന്ദ്രീകൃത രക്തദാന മേഖലയിൽ പുതിയ ചുവടുവെയ്പുമായി എം.വി.ആർ കാൻസർ സെൻ്റർ

കോഴിക്കോട്: രക്തദാനമേഖലയിൽ സമഗ്രവും സുതാര്യവുമായ മാറ്റത്തിനായി അന്തർദേശീയ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് എം.വി.ആർ കാൻസർ സെൻ്ററിൽ പുതിയ രക്തശേഖരണ, വിതരണ സംവിധാനത്തിന് തുടക്കമായി. രക്തദാന മേഖലയിൽ ഇന്ന് ലൈസൻസ് ഇല്ലാത്തതും  അനിയന്ത്രിതവുമായ പല സംഘടനകളും സംവിധാനങ്ങളും പ്രവർത്തിക്കുന്നത് ഈ മേഖലയിൽ അവശ്യം വേണ്ട പലർക്കും ആവശ്യമായ രക്തമോ, രക്ത ഘടകങ്ങളോ ലഭിക്കാത്ത അവസ്ഥയുണ്ടാക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാനായാണ് എം.വി.ആർ കാൻസർ സെൻ്ററിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് നെറ്റ് വർക്ക് (ബി. ടി. എസ്. എൻ) സ്ഥാപിച്ചത്. അനിയന്ത്രിതവും സുരക്ഷിതമല്ലാത്തതുമായ രക്തദാനത്തിലൂടെ ഹെപ്പിറ്റൈറ്റിസ് ബി, സി തുടങ്ങി എച്ച്.ഐ.വി വരെ പകരുന്ന അവസ്ഥയുണ്ടാകും. മാത്രമല്ല, പ്രസവ സംബന്ധമായ ചികിത്സകളിലും ഇതിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടേക്കാം. ഇത്തരം പ്രശ്നങ്ങൾ എം.വി.ആർ ബി.ടി.എസ്.എൻ വരുന്നതോടെ പരിഹരിക്കപ്പെടും.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 17 ആശുപത്രികൾക്ക് എം.വി.ആറിൽ നിന്നുള്ള രക്തവും, ല്യൂക്കോഫിൽട്ടേർഡ്, ഇറേഡിയേറ്റഡ്, ഏഫറിസസ് അടക്കമുള്ള 23 തരം രക്ത ഘടകങ്ങളും നൽകും. എം.വി.ആർ കാൻസർ സെൻ്റർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് നെറ്റ് വർക്കിൻ്റെ ഉദ്ഘാടനം എം.വി.ആർ കാൻസർ സെൻ്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സി.ഇ.ഒ ഡോ. മുഹമ്മദ് ബഷീർ, മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ, സി.ഒ.ഒ ഡോ. ഹമദ് ബിൻ ഖാലിദ്, ബ്ലഡ്‌ സെന്റർ ഇൻ ചാർജ് ഡോ.നിതിൻ ഹെൻറി, മെഡിക്കൽ ഓൺക്കോളജി വിഭാഗം തലവൻ ഡോ. സജീവൻ കെ വി, സീനിയർ കൺസൾട്ടന്റ് ഡോ. ശ്രീധരൻ പി എസ്, കമ്മ്യൂണിറ്റി ഓൺക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. നിർമൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *