മാനവവിക്രമബിരുദം കൊണ്ടറിയപ്പെട്ടിരുന്ന സാമൂതിരിത്തമ്പുരാക്കന്മാരുടെ പേര് കോഴിക്കോടുനഗരത്തിന്റെ കണ്ണും കരളും തണുപ്പിക്കുന്ന ‘മാനൻചിറ’യിലിന്നും നിലനില്‌ക്കുന്നു. ആ ചിറയിലെ കല്ലിനും മണ്ണിനും കഥ പറയുവാൻ കഴിയുമായിരുന്നെങ്കിൽ അവയെന്തെല്ലാം പറയുമായിരുന്നു! സുമാർ എണ്ണൂറുകൊല്ലത്തെ കഥകൾ. എന്തെല്ലാം മാറ്റങ്ങളാണ് അതിനിടയിൽ!
ഹജൂരാപ്പീസും സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും തലയെടുത്തുനിന്നിരുന്ന സ്ഥലം പണ്ടൊരു കോട്ടയായിരുന്നുവെന്നാലോചിക്കാൻ പ്രയാസമാണ്. ഇപ്പോഴും കോട്ടപ്പറമ്പ് എന്നാണ് രേഖകളിൽ കാണുക. ഒരെൺപതു വർഷം മുൻപുവരെ അവിടെവെച്ച് സാമൂതിരിമാരുടെ അരിയിട്ടുവാഴ്‌ച നടന്നിരുന്നു.
കൊല്ലം 941, മേടം 14ന് (1766, ഏപ്രിൽ 27ന്) ആണ് ആ ദുരന്തമുണ്ടായത്. ഹൈദരാലിയുടെ സൈന്യങ്ങൾ മലബാർ ആക്രമിച്ചു. അവർ കോഴിക്കോട്ടുകോട്ട വളഞ്ഞു. ഇന്നത്തെ പാളയത്തിലായിരിക്കാം അവർ പാളയമടിച്ചിരുന്നത്. കീഴടങ്ങുകയല്ലാതെ മാർഗമില്ലെന്നു വന്നപ്പോൾ സാമൂതിരിപ്പാട് അനന്തരവരെയും സ്‌ത്രീജനങ്ങളെയും പൊന്നാനിക്കയച്ചശേഷം കോട്ടയുടെ പടിവാതിലുകൾ കൊട്ടിയടച്ച് വെടിമരുന്നറയ്‌ക്ക് തീവെച്ചു. സുമാർ ആറു ശതാബ്‌ദങ്ങൾക്കുമുൻപ് ഏറനാട്ടുടയവർ ആദ്യമായി പോർളാതിരിയെ തോല്‌പിച്ചു കടന്നുവന്നതുമുതൽ ഒരക്രമിയും കാലുകുത്തിയിട്ടില്ലാത്ത ‘വിക്രമപുരം’ കോട്ടയാണിത്. അവിടെ കാരണവന്മാരുടെ ആസ്ഥാനത്തിൽ താനിരിക്കേ മറ്റൊരാളെ പ്രവേശിപ്പിക്കയില്ലെന്നുറച്ച സാമൂതിരിപ്പാട് ‘സ്വർഗാരോഹണം’ ചെയ്‌തതോടെ കോട്ട മുഴുവൻ വെന്തു ചാമ്പലായി. അങ്ങനെ ഒരു രാജ്യത്തിന്റെ പ്രതാപം അസ്‌തമിച്ചു. ആ പഴക്കമുള്ള രാജവംശം അധഃപതിച്ചു. പിന്നെ പല കൊല്ലങ്ങൾക്കുശേഷം 1792‐ൽ ഇംഗ്ലീഷു കമ്പനിക്കാരുടെ ഔദാര്യത്തിൽ തിരിച്ചുവന്ന സാമൂതിരിക്കുടുംബാംഗങ്ങൾക്ക് താമസിക്കുവാൻ സ്ഥലമില്ലായിരുന്നു. പടിഞ്ഞാറേ കോവിലകക്കാർ മാങ്കാവിലും പുതിയ കോവിലകക്കാർ തിരുവണ്ണൂരും ചെന്നുകൂടി.
കോട്ടമതിലുകൾക്കുള്ളിൽ
എന്തെല്ലാം നാടകങ്ങൾ ആ കോട്ടമതിലുകൾക്കുള്ളിൽ നടന്നിരിക്കണം! അറബികളും ചീനക്കാരും പില്‌ക്കാലത്ത് ഗാമ തൊട്ടുള്ള പോർച്ചുഗീസ്‐ ഡച്ച്, ഇംഗ്ലീഷ് നാവികരും അവിടെച്ചെന്ന് മുഖം കാണിച്ചിരുന്നു. യൂറോപ്യൻ സഞ്ചാരിയായ പൈറാർഡ് ഡി ലവാർ ഏതാണ്ടൊരു ചതുരശ്ര നാഴിക സ്ഥലമാകെ തെങ്ങുകൾക്കിടയിൽ പൊങ്ങിനിന്ന, വ്യാളീമുഖം വെച്ചുതീർത്ത വളഞ്ഞ വാതിലുകളോടുകൂടിയ, മണിമന്ദിരങ്ങളെ ഭംഗിയായി വർണിച്ചിട്ടുണ്ട്. ആ കോട്ടമതിലുകളും മതിലുകൾക്കുള്ളിൽ മതിലുകളും ചങ്ങലപ്പാലങ്ങളും പൂന്തോപ്പുകളും കല്ലുപാകിയ കുളങ്ങളും ചാലുകളും വെടിമരുന്നറകളും അപകടസൂചനയ്‌ക്കുള്ള ആ വലിയ മണിയും അസംഖ്യം കാവൽക്കാരായ നായന്മാരും….അവിടെനിന്നാണ് തമ്പുരാക്കന്മാർ ഉറയൂരിയ വാളും പിടിച്ചുള്ള നായർപ്രഭുക്കളുടെ അകമ്പടിയോടെ, സിൽക്ക് മെത്തയും രത്നം പതിച്ച തണ്ടുമുള്ള പല്ലക്കിലേറി, പള്ളിമാറാടിയെ മുന്നിലെഴുന്നള്ളിച്ച്, കുടതഴ ചാമരങ്ങളും പൂർണകുംഭങ്ങളം ആർപ്പും വിളിയുമായി, പടസ്ഥലത്തേക്കും പട്ടണത്തിലേക്കുമൊക്കെ പുറപ്പെട്ടുപോയിരുന്നത്.
ചാലപ്പുറത്തെ സ്വകാര്യ ആസ്‌പത്രിയും മറ്റും ഇന്നുള്ള ദിക്കിലാണ് തമ്പുരാട്ടിമാർക്കുള്ള അമ്പാടിക്കോവിലകം സ്ഥിതിചെയ്‌തിരുന്നത്. അതുകഴിഞ്ഞ് ഒരു വലിയ പൂന്തോട്ടം, പിന്നെ ഇന്നത്തെ ചിന്താവളപ്പ് ഭാഗത്തൊക്കെ വലിയ മാളികവീടുകൾ.
രാവാരിയും സാമരിയും സാമൂതിരിയും
ക്രിസ്ത്വബ്‌ദം പന്ത്രണ്ടാം ശതകത്തിൽ ഏറനാട്ടിലെ നാടുവാഴി കടൽത്തീരത്തുള്ള പൊലനാട് പിടിച്ചടക്കുവാൻ തുനിഞ്ഞു. ഇത്തിരിമുൻപ് അവസാനത്തെ ചേരമാൻ പെരുമാൾ മക്കത്തേക്കു പോയപ്പോൾ, ‘ചത്തും കൊന്നും അടക്കിക്കൊൾക’ എന്നൊരാശംസയോടെ അദ്ദേഹത്തിന്റെ വാൾ സമ്മാനമായി നൽകിയെന്ന ചങ്കൂറ്റം ഏറനാട്ടുടയവർക്കുണ്ടായിരുന്നു (ആ വാൾ പൊട്ടിപ്പൊളിഞ്ഞുപോയെങ്കിലും ഒരു ചെമ്പുറയ്‌ക്കകത്താക്കി സാമൂതിരിക്കുടുംബക്കാർ ഇന്നും പൂജിച്ചുവരുന്നുണ്ട്). വളരെക്കാലം പന്നിയങ്കരയിൽ പാർത്തു യുദ്ധം ചെയ്‌തു. എന്നിട്ടും കല്ലായിപ്പുഴ കടക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല (കല്ലായി എന്ന പേർ പിന്നീടാണുണ്ടായത്. വഞ്ചികൾക്കടുക്കുവാൻ കല്ലു പടുത്ത് ഒരഴിമുഖം‐ അതാണ് കല്ലഴി‐ പിൽക്കാലത്ത് കല്ലായി).
ഒടുവിൽ പോർളാതിരിയുടെ നായത്തിമാരെയും കാര്യക്കാരെയും കൈക്കൂലി കൊടുത്തു പാട്ടിൽ വരുത്തി കാര്യം സാധിച്ചു. (ഈ കൈക്കൂലിപ്രസ്ഥാനം കേരളത്തിൽ അത്ര പുതിയതാണെന്നാരെങ്കിലും വിചാരിക്കുന്നുണ്ടോ?). നെടിയിരിപ്പിൽ ഏറാടി കൊക്കോഴിക്കോട്ടു കുന്നിലെ ‘കോൻ’ അഥവാ തമ്പുരാനായി. കോഴിക്കോട്ട് ഒരു ‘ബന്തർ’ (തുറമുഖം) വികസിച്ചു തുടങ്ങി. വ്യാപാരികൾക്ക് മലയാളത്തിൽ ‘യാവാരി’ എന്നും ‘രാവാരി’ എന്നും പറയാറുണ്ട്. വ്യാപാരികളുടെ രാജാവായതിനാൽ കോഴിക്കോട്ടുരാജാവിനെയും അങ്ങനെ അറബികൾ വ്യവഹരിച്ചിരിക്കാം. ആ പേരാണോ കാലക്രമത്തിൽ ‘സാമരി’യും ‘സാമൂരി’യും ‘സാമൂതിരി’യും ആയിത്തീർന്നത്? മറ്റു സാധ്യതകളും ഉണ്ട്.
കോയിൽക്കോട്
അതേ, അറബിക്കച്ചവടക്കാരാണ് കോയിൽക്കോടിനെ കോഴിക്കോടായി മാറ്റിയത്. രാഷ്‌ട്രാന്തരീയ വാണിജ്യ നേതാക്കളായിരുന്ന അറബികളുടെ കണ്ണിൽ ഈ രാജാവൊരു വിശ്വസ്‌തനായിത്തീർന്നതോടെ മുൻപൊരു ‘കോയിൽ’ (കോയിൽ‐കോട്‐ കോഴിക്കോട്) മാത്രമുണ്ടായിരുന്ന സ്ഥലത്ത് അങ്ങാടിയും പാണ്ടികശാലകളും നിറഞ്ഞുതുടങ്ങി. കൊടുങ്ങല്ലൂരും ആയിടയ്‌ക്കുമാത്രം പൊന്തിവന്ന കൊച്ചിയും കൊല്ലവും എല്ലാം പിന്നണിയിലായി. കിഴക്കുനിന്നുള്ള ചീനക്കച്ചവടക്കാരും പടിഞ്ഞാറുനിന്നുള്ള അറബിക്കച്ചവടക്കാരും ഒത്തുകൂടുന്ന വാണിജ്യകേന്ദ്രം ഇവിടമായി.
1498‐ൽ വാസ്‌കോ ഡ ഗാമ വരുമ്പോഴേക്ക് ഇതൊരു അന്താരാഷ്‌ട്ര പ്രസിദ്ധിയുള്ള നമരമായി. മുചിരിയും പന്തറും പോലെ, അല്ലെങ്കിൽ അതിനുപരി. കടപ്പുറം തൊട്ടു പഴയ കോവിലകത്തിന്റെ പടിക്കലോളം നീണ്ടുകിടക്കുന്ന വലിയങ്ങാടിയിൽ കിട്ടാത്ത സാധനങ്ങളൊന്നും അന്ന് ലോകത്തിലുണ്ടായിരുന്നില്ല.
ചൈനക്കാരനായ മാഹ്വാനും പേർഷ്യക്കാരനായ അബ്‌ദുൾ റസാക്കും അതിനെ പ്രശംസിച്ചിട്ടുണ്ട്. ബാർബോസ തൊട്ടുള്ള പോർച്ചുഗീസുകാരും കോഴിക്കോടുനഗരം വർണിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കച്ചവടക്കാരും. അവരുടെ ഭാഷയിൽ ഇത് ‘കാലികൂത്താ’യിരുന്നു. കാലികൂത്തിൽനിന്നു കയറ്റിയയക്കുന്ന തുണിത്തരങ്ങൾ‐ ‘കാലിക്കോ’ത്തുണി‐ ലോകത്തിലെങ്ങും പ്രചരിച്ചുതുടങ്ങിയിരുന്നു.
ഗാമയ്‌ക്കു ലഭിച്ച രാജോചിതവും സൗഹാർദപൂർണവുമായ സത്‌കാരം അദ്ദേഹത്തിന്റെ അനുചരന്മാരെയെല്ലാം അമ്പരപ്പിച്ചുകളഞ്ഞു. പക്ഷേ, അതിനവർ പകരംകൊടുത്തത് മനുഷ്യോചിതമായ മട്ടിലായിരുന്നില്ലെന്ന് ഇവിടെ എടുത്തുപറയേണ്ടതില്ല. ആ കഥ ഇന്ത്യാ ചരിത്രത്തിലൊരധ്യായമായിക്കഴിഞ്ഞിരിക്കുന്നു.
മതവർഗദേശഭേദമെന്യേ എല്ലാവർക്കും നീതി ലഭിക്കുന്ന ഒരന്താരാഷ്ര്‌ട്ര കച്ചവടകേന്ദ്രം ‐ എല്ലാവരുമവിടെ തിരക്കിച്ചേർന്നു. രാജാവും രാജ്യവും അഭിവൃദ്ധിപ്പെട്ടു. വിദേശ കപ്പലുകൾക്ക് ഒന്നും ഭയപ്പെടാനുണ്ടായിരുന്നില്ല. തുറമുഖത്തെത്തിയാൽ പിന്നെ ചരക്കുകളെല്ലാം സുരക്ഷിതമാണ്. സാമൂതിരിപ്പാടിനുവേണ്ടി ആ തുറയുടെ മേൽനോട്ടം വഹിച്ചിരുന്നത് കോഴിക്കോട്ടു കോയ എന്നറിയപ്പെട്ടിരുന്ന സാബന്ത്രക്കോയ (ഷാ ബന്തർ എന്ന പേർഷ്യൻ ഉദ്യോഗപ്പേർ) ആയിരുന്നു. അദ്ദേഹത്തിനു പുറമേ നാവികോദ്യോഗസ്ഥനായ തുറമരയ്‌ക്കാർ, ന്യായാധിപനായ ഖാസി, പുരോഹിതനായ മുസലിയാർ എന്നീ മുസ്‌ലിം പ്രമാണിമാരെല്ലാം രാജാവിന്റെ സ്വന്തം ആളുകളുമായി അധികാരം നടത്തിവന്നു.
മുസ്‌ലിം പള്ളികൾ
കോഴിക്കോട്ടെ ചില മുസ്‌ലിംപള്ളികൾക്ക് പല നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സൂപ്പിക്ക വീട്ടിൽ ഷെയ്‌ക്ക് മാമുക്കോയ പണിയിച്ചതാണ് സുമാർ 400 വർഷമായി നിലനില്‌ക്കുന്ന ‘ഷെയ്‌ക്കിന്റെ പള്ളി’. പരപ്പിൽ ഭാഗത്തുതന്നെയുള്ള ‘പഴയപള്ളി’ അതിനെക്കാൾ പ്രായം കൂടിയതായിരിക്കുവാൻ വഴിയുണ്ട്. ഇവയിലെല്ലാം ഹൈന്ദവ ശില്‌പകലാരീതികളാണ് കാണപ്പെടുന്നത്.
പോർച്ചുഗീസുകാരുടെ വരവിനുശേഷം ക്രിസ്‌ത്യാനികളും കോഴിക്കോട്ടു നഗരത്തിൽ തങ്ങളുടെ ചെറിയ സമൂഹങ്ങൾ സൃഷ്‌ടിച്ചുവന്നു.
ക്രിസ്‌ത്വബ്‌ദം 1513‐ാം ആണ്ടിൽത്തന്നെ കല്ലായിപ്പുഴയുടെ വടക്കുവശത്ത് ഒരു പോർച്ചുഗീസ് കോട്ടയും, അതോടനുബന്ധിച്ച് ഒരു പള്ളിയും പണിതുകഴിഞ്ഞിരുന്നു. ചാലിയത്തും അവരുടെ കോട്ടയും പള്ളിയും വളരെ കൊല്ലങ്ങളോളം നിലനിന്നു. 1549‐ൽ സെന്റ് ഫ്രാൻസിസ് സേവിയർ ചാലിയം പള്ളി സന്ദർശിച്ചതായി അറിയാം. 1596‐ൽ സാമൂതിരിപ്പാട് പോർച്ചുഗീസുകാരുമായി സന്ധി ചെയ്‌തു. അദ്ദേഹം അവർക്കൊരു പള്ളിയുണ്ടാക്കാൻ തറക്കല്ലിട്ടുകൊടുത്തു. സ്വന്തംവകയായി പള്ളിയിൽ വിളക്കുവെക്കാനുള്ള ചെലവും നടത്തിവന്നു. കടൽക്കരയിൽ നഗരത്തിനു തൊട്ടുപുറത്തായിരുന്നു ആ പള്ളിയുടെ സ്ഥാനം. പതിനാറും പതിനേഴും ശതകങ്ങളിൽ സാമൂതിരിപ്പാടിന്റെ ഉപദേശകരായി ക്രിസ്‌ത്യൻ പാതിരിമാരുടെ പേരുകളും കാണാവുന്നതാണ്. സാമൂതിരിയെ കുഞ്ഞാലി മരയ്‌ക്കാരുമായി തെറ്റിച്ചതിൽ അവർക്കൊരു പങ്കുണ്ടായിരുന്നു. ക്രിസ്‌ത്യൻ‐ മുസ്‌ലിം കിടമത്സരത്തിന്റെ രംഗമായി കോഴിക്കോടുനഗരം പല നൂറ്റാണ്ടുകൾ കഴിഞ്ഞുകൂടി.
തളിക്ഷേത്രം
തളിക്ഷേത്രത്തെപ്പറ്റിയൊന്നും പറയാതെ പഴയ കോഴിക്കോടിനെപ്പറ്റി ഒരു ചർച്ചയും സാധ്യമല്ലല്ലോ. കോവിലുകൾക്കും കോവിലകങ്ങൾക്കും ചുറ്റുമായാണ് പ്രാചീന ഹൈന്ദവനഗരങ്ങളെല്ലാം ഉടലെടുത്തത്. അങ്ങാടികളും പാളയങ്ങളുമെല്ലാം പിന്നീടുണ്ടായതാണ്. കോഴിക്കോടും ഈ പൊതുനിയമത്തിനപവാദമായിരുന്നില്ല. സാമൂതിരിമാരുടെ കോവിലകത്തിനു തൊട്ടുള്ള ഈ തളി അഥവാ സ്ഥലി (ക്ഷേത്രമെന്ന അർഥത്തിൽ പണ്ട് ഈ പദം സാധാരണമായുപയോഗിച്ചിരുന്നു) ധാരാളം ബ്രാഹ്മണ പണ്ഡിതന്മാരെ ആകർഷിച്ചുവന്നു. അവിടത്തെ വൈദിക വിദ്യാകേന്ദ്രത്തിന്‐ ചാലയ്‌ക്ക്‐ ചേർന്ന സ്ഥലങ്ങളായിരുന്നു ചാലപ്പുറം മുഴുവനും. ആന്ധ്രദേശത്തുനിന്നും ചോളനാട്ടിൽനിന്നും അരക്കവി അഥവാ രാജകവിയെന്ന സ്ഥാനം കൊതിച്ചു പലരും വന്നിരുന്നു.
പതിനെട്ട് അരക്കവികൾ
കോൽക്കുന്നത്തു ശിവാങ്കൾ എന്ന യോഗിവര്യന്റെ ഉപദേശപ്രകാരമെന്നു പറയപ്പെടുന്നു, സാമൂതിരിപ്പാടന്മാർ തളിക്ഷേത്രത്തിൽ ‘ഭട്ടസ്ഥാന’മാരംഭിച്ചു. തുലാമാസത്തിൽ രേവതിനാൾ തുടങ്ങി തിരുവാതിര വരെ ഏഴു നാളും അവിടെ വാതിൽമാടത്തിൽവെച്ച് പാണ്ഡിത്യപ്രകടനവും ചർച്ചായോഗങ്ങളുമുണ്ടായിരിക്കും. കേരളത്തിലെ ബ്രാഹ്മണസഭകളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട മഹാവിദ്വാന്മാർക്കുപുറമെ അന്യദേശങ്ങളിൽനിന്ന് ആളുകൾ കേട്ടറിഞ്ഞ് അവിടെ സന്നിഹിതരായിരിക്കും. അതതു വിഷയങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ കഴിഞ്ഞ് അവസാനദിവസം ജയിച്ചവരുടെ പേർ മങ്ങാട്ടച്ചൻ വായിച്ചുകേൾപ്പിക്കുമ്പോൾ സാമൂതിരിപ്പാടിന്റെ പണക്കിഴിയും ദക്ഷിണയും നല്‌കപ്പെടുന്നു. അതാണ് സമ്പ്രദായം.
ആ കളരിയിൽ പയറ്റിയാണ് കോഴിക്കോട്ടെ പതിനെട്ട് അരക്കവികൾ തെളിഞ്ഞുവന്നത്. പ്രസിദ്ധമായ പയ്യൂർ പട്ടേരിമാരും (അച്ഛനും മകനും) കാക്കശ്ശേരിയും ഉദ്ദണ്ഡനും ചേന്നാസും പൂനവും, എല്ലാം സംസ്‌കൃത‐ മലയാള സാഹിത്യങ്ങൾക്ക് അവിസ്‌മരണീയരാണ്. തളിയിലെ രേവതി പട്ടത്താനമാണ് അവരെയെല്ലാം സൃഷ്‌ടിച്ചതെന്നു പറയാം. പലതും കണ്ടുമറന്ന ആ ക്ഷേത്രച്ചുവരിന്റെ പൂപ്പൽകൊണ്ട് നരച്ച കല്ലുകൾ ഇന്നും പഴയപടി അചഞ്ചലരായി നിൽക്കുന്നു.
(എം ജി എസ് നാരായണന്റെ ‘കോഴിക്കോടിന്റെ കഥ’ പുസ്‌തകത്തിൽനിന്ന്)
കോഴിക്കോട്: നൂറ്റാണ്ടുകളിലൂടെ

