പാലക്കൽ ബംഗ്ലാവ്‌ എന്ന ജഡ്‌ജി ബംഗ്ലാവ്‌


കോഴിക്കോട്‌ ജില്ലയുടെ ഭരണസിരാ കേന്ദ്രമായ സിവിൽ സ്‌റ്റേഷനിൽ ഒരിക്കലെങ്കിലും പോകാത്തവർ ചുരുക്കമാണല്ലോ. ഈ വളപ്പിൽ തല ഉയർത്തിനിൽക്കുന്ന പ്രൗഢഗംഭീരമായ ഒരു പഴയ കെട്ടിടം ആരെയും ആകർഷിക്കും. ഇതാണ്‌ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ജഡ്‌ജി ബംഗ്ലാവ്‌ എന്നറിയപ്പെട്ടിരുന്ന ജില്ലാ ജഡ്‌ജിയുടെ വസതി. ഇപ്പോൾ ഇതിൽ ജില്ലാ പഞ്ചായത്ത്‌ ഓഫീസും മറ്റും പ്രവർത്തിക്കുന്നു. ഇവിടെ അന്വേഷിക്കുന്നത്‌ ജഡ്‌ജിബംഗ്ലാവിന്റെ ചരിത്രമാണ്‌.
ഇപ്പോഴത്തെ ജില്ലകളായ കണ്ണൂരും കോഴിക്കോടും വയനാടും മലപ്പുറവും പാലക്കാടുമൊക്കെ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഒരൊറ്റ ജില്ലയായിരുന്നു‐ മലബാർ ജില്ല. ഇന്നത്തെപ്പോലെ കേസുകൾ തീർപ്പാക്കുക എന്നത്‌ മാത്രമല്ലായിരുന്നു ജില്ലാ ജഡ്‌ജിയുടെ കടമ. ജില്ലയുടെ ഭരണാധികാരവും ഇദ്ദേഹത്തിൽ നിക്ഷിപ്‌തമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വസതിക്കും ഒരന്തസ്സൊക്കെ വേണമെന്ന്‌ ബ്രിട്ടീഷ്‌ സർക്കാരിന്‌ നിർബന്ധമായിരുന്നു. പദവിക്കനുയോജ്യമായ ഒരു വസതിക്കുവേണ്ടിയുള്ള നെട്ടോട്ടത്തിനൊടുവിൽ അവർ ഈ ബംഗ്ലാവ്‌ കണ്ടെത്തി. ഒൻപത്‌ ഏക്കറിന്റെ വിസ്‌തൃതിയിൽ തല ഉയർത്തിനിൽക്കുന്ന സുന്ദരമായൊരു ബംഗ്ലാവ്‌. അന്വേഷിച്ചപ്പോൾ കെട്ടിടത്തിന്റെ ഉടമ ചെറിയതോപ്പിലകത്ത്‌ മാമുക്കോയ ഹാജിയും സഹോദരന്മാരുമാണെന്ന്‌ മനസ്സിലായി. ആദ്യം വാടകയ്‌ക്കായിരുന്നു കെട്ടിടം ഏറ്റെടുത്തത്‌. എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ  സ്വകാര്യ വ്യക്തികളുടെ വീടുകളിൽ താമസിക്കരുത്‌ എന്ന്‌ മദ്രാസ്‌ സർക്കാർ തീരുമാനിച്ചതോടുകൂടി ഇത്‌ വിലയ്‌ക്കു വാങ്ങുവാൻ മലബാർ കലക്‌ടറായിരുന്ന ആർ ബി വുഡ്‌ തീർച്ചപ്പെടുത്തി.19‐08‐1909 ന്‌ തോപ്പിലകത്ത്‌ മാമുക്കോയ മലബാർ കലക്‌ടർക്ക്‌ ഇങ്ങനെ എഴുതിയതായി കാണുന്നു:  ‘ഞങ്ങളുടെ ബാപ്പ തോപ്പിലകത്ത്‌ ചേക്കുട്ടിക്കോയ ഹാജിയുടെ മരണശേഷം മക്കളായ ഞങ്ങൾക്ക്‌ കിട്ടിയതാണ്‌ ഈ പുരയും പറമ്പും. 25,000 രൂപയാണ്‌ എനിക്ക്‌ ഇതിനായി കിട്ടേണ്ടത്‌. എന്നാൽ പണത്തിനായി അൽപ്പം ഞെരുക്കമുള്ളതിനാൽ 22,000 രുപയ്‌ക്ക്‌ ഇത്‌ സർക്കാരിന്‌ വിൽക്കാൻ ഒരുക്കമാണ്‌. ഈ വിലയിൽ വീട്ടിലുള്ള വീട്ടുപകരണങ്ങളും പെടും. പക്ഷേ, പണം എനിക്ക്‌ ഒരാഴ്‌ചക്കുള്ളിൽ കിട്ടണം’. ഇതിൽനിന്ന്‌ മാമുക്കോയയുടെ പണത്തിന്റെ ഞെരുക്കത്തിന്റെ തീവ്രത മനസ്സിലാക്കാമല്ലോ. മാമുക്കോയയുടെ മാനേജരായിരുന്ന എസ്‌ മുഹമ്മദ്‌ കോയയുടെ എഴുത്തിങ്ങനെ: ‘മാമുക്കോയ ഈസ്‌റ്റ്‌ഹിൽ ബംഗ്ലാവ്‌ വിൽക്കുന്നില്ല. എന്നാൽ 22,000 രൂപയ്‌ക്ക്‌ ജഡ്‌ജി അദ്ദേഹം താമസിക്കുന്ന വസതി വിൽക്കും’. മദ്രാസ്‌ ഗവർണർ മലബാർ കലക്‌ടർക്ക്‌ അയച്ച ഒരു കമ്പിസന്ദേശമിങ്ങനെ: ‘എത്രയും പെട്ടെന്ന്‌ കച്ചവടം ഉറപ്പിക്കുക. അമാന്തിക്കരുത്‌’.

ഈ ബംഗ്ലാവ്‌ ‘പാലക്കൽ ബംഗ്ലാവ്‌’ എന്ന പേരിലായിരുന്നു അക്കാലത്ത്‌ അറിയപ്പെട്ടിരുന്നത്‌. വസ്‌തുവാകട്ടെ പാലക്കൽ പറമ്പ്‌, പാലപ്പറമ്പ്‌ എന്നീ പേരുകളിലും. ആദ്യകാല രേഖകളിൽ മലാപ്പറമ്പ്‌ ബംഗ്ലാവെന്ന്‌ തെറ്റായി രേഖപ്പെടുത്തിയതായി കാണാം. ഇതൊരു കൈത്തെറ്റാണെന്നും അത്‌ ഇനിമേൽ ആവർത്തിക്കില്ലെന്നും ഡെപ്യൂട്ടി കലക്‌ടറായിരുന്ന ചന്ദൻ കലക്‌ടറെ അറിയിക്കുന്നുണ്ട്‌. കോഴിക്കോട്‌ താലൂക്കിൽ നെടുങ്ങോട്ടൂർ വില്ലേജിൽ എസ്‌ 151, 152 എന്നീ നമ്പറുകളിലായിട്ടായിരുന്നു ഈ സ്ഥലം. എസ്‌ 151ൽ 7 ഏക്കർ 90 സെന്റും എസ്‌ 152ൽ ഒരേക്കർ 80 സെന്റും സ്ഥലത്തിന്റെ (എസ്‌ 151 ന്റെ)ജന്മി എടക്കുനിപ്പുറത്ത്‌ വാസുദേവൻ നമ്പൂതിരിയായിരുന്നു. ഇദ്ദേഹത്തിൽനിന്ന്‌ കാണമായി മധുരവനം കരുണാകരക്കുറുപ്പ്‌ വാങ്ങിക്കുകയും ഒടുവിൽ ഈ അവകാശം തോപ്പിലകത്ത്‌ ചേക്കുട്ടിക്കോയ ഹാജിയുടെ സ്ഥലത്ത്‌ എത്തുകയും ചെയ്‌തു. എസ്‌ 152ന്റെ ജന്മി കണാരൻ എന്നൊരാളായിരുന്നു. ഈ അവകാശം ഒടുവിൽ ചേക്കുട്ടിക്കോയ ഹാജിക്ക്‌ ലഭിച്ചു. വകുപ്പുമാറി തുക ചെലവഴിക്കുന്ന സർക്കാറിന്റെ ചില പൊടിക്കൈകൾ അന്നും ഉണ്ടായിരുന്നതായി രേഖകളിൽനിന്ന്‌ മനസ്സിലാക്കാം. കാരണം, ഇത്‌ വാങ്ങിക്കുവാനുള്ള 22,000 രൂപ സർക്കാർ കണ്ടെത്തിയത്‌ രേഖകളിൽ ഇങ്ങനെ: ‘കൊളാബ്‌ പുഴയുടെ പാലത്തിനനുവദിച്ച ഒരു ലക്ഷം രൂപയുടെ ഫണ്ടിൽനിന്നും പാലക്കൽ ബംഗ്ലാവ്‌ വാങ്ങിക്കാനുള്ള തുക കണ്ടെത്താം. ഇതിനായി വിശാഖപട്ടണം ഏജൻസിയെ അറിയിച്ചിട്ടുണ്ട്‌’. 4‐09‐1909ന്‌ മദ്രാസ്‌ ഗവർണറുടെ ഓഫീസിൽനിന്നും മലബാർ കലക്‌ടർക്ക്‌ അയച്ച ഒരെഴുത്താണിത്‌. ചുരുക്കത്തിൽ ആന്ധ്രയിലെ ഏതോ ഒരു പാലത്തിനുവേണ്ടി അനുവദിച്ച പണത്തിൽനിന്നാണ്‌ പാലക്കൽ ബംഗ്ലാവും പറമ്പും സർക്കാർ വാങ്ങിക്കുന്നത്‌. 220 രൂപയ്‌ക്കുള്ള സ്‌റ്റാമ്പ്‌ പേപ്പറാണ്‌ ആധാരം രജിസ്‌റ്റർ ചെയ്യാൻവേണ്ടി വാങ്ങിച്ചിരുന്നത്‌.

ബംഗ്ലാവ്‌ വാങ്ങിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ്‌ പുതിയ പ്രശ്‌നം ഉയർന്നുവന്നത്‌. ഗവൺമെന്റ്‌ പ്ലീഡറായിരുന്ന അപ്പു നെടുങ്ങാടിയിൽനിന്നാണ്‌ കലക്‌ടർക്ക്‌ ആ വിവരം കിട്ടുന്നത്‌. മദ്രാസ്‌ ബാങ്കിൽനിന്ന്‌ കടമെടുത്തതിന്റെ പേരിൽ 13 കേസുകളിലായി ബംഗ്ലാവും വസ്‌തുവും ജപ്‌തിയിലാണെന്നായിരുന്നു ആ വാർത്ത. മദ്രാസ്‌ ബാങ്കിന്റെ മാനേജർ മലബാർ കലക്‌ടർക്കയച്ച കത്തിൽ ഇങ്ങനെ കാണുന്നു: ‘മാമുക്കോയ ബാങ്കിൽ അടയ്‌ക്കുവാനുള്ള തുക ഏകദേശം 18,075 രൂപയാണ്‌. ഇത്‌ 13 കോടതി വിധികളിലായി മദ്രാസ്‌ ബാങ്ക്‌ നേടിയിട്ടുള്ള  ജപ്‌തി ഓർഡറാണ്‌. താങ്കൾ ഈ തുക കോടതിയിൽ അടയ്‌ക്കുവാൻ ഉദ്ദേശിക്കുന്നപക്ഷം 14,625 ഉറുപ്പിക പ്രിൻസിപ്പൽ ഡിസ്‌ട്രിക്‌ട്‌ കോടതിയിലും ബാക്കിയുള്ള തുക അഡീഷണൽ മുൻസിഫ്‌ കോടതിയിലും അടയ്‌ക്കുക’. 4‐10‐ 1909ലാണ്‌ ഈ എഴുത്ത്‌ എഴുതിക്കാണുന്നത്‌. ജപ്‌തി ചെയ്‌തതിനാൽ മാമുക്കോയക്ക്‌ പണം നേരിട്ട്‌ കൊടുക്കരുതെന്നും കോടതിയിൽ കെട്ടിവെക്കുകയാണ്‌ വേണ്ടതെന്നും മലബാർ കലക്‌ടറെ അപ്പു നെടുങ്ങാടി ഉപദേശിക്കുന്നുണ്ട്‌. ഇനി ഇപ്പോൾ എന്തു ചെയ്യുമെന്നതായി അടുത്ത പ്രശ്‌നം. ഒടുവിൽ സ്ഥലവും ബംഗ്ലാവും അക്വയർ ചെയ്യാൻ തീർച്ചയാക്കി. 1‐ 12‐ 1909ന്‌ തഹസിൽദാർ കെട്ടിടവും സ്ഥലവും ഏറ്റെടുത്തു. എൽ ജി മൂർ ആയിരുന്നു ഇവിടെ താമസിച്ച ആദ്യത്തെ ജില്ലാ ജഡ്‌ജി. സിവിൽ സ്‌റ്റേഷൻ വരുന്നതുവരെയും ഇവിടെയുള്ള ബസ്‌ സ്‌റ്റോപ്പ്‌ ‘ജഡ്‌ജി ബംഗ്ലാവ്‌ സ്‌റ്റോപ്പ്‌’ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *