മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്ന് വരെ പാത പൂർത്തിയാക്കും: മന്ത്രി

കോഴിക്കോട്: മലാപ്പറമ്പ് മുതല്‍ മുത്തങ്ങ വരെയുള്ള റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാന്‍ ദേശീയ ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനപദ്ധതി മലാപ്പറമ്പ് വരെ തല്‍ക്കാലം പരിമിതപ്പെടുത്തേണ്ടി വന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ കോഴിക്കോട്ട് നടക്കുന്ന മലബാര്‍ എക്കണോമിക് സമ്മിറ്റിന്റെ ലോഗോ പ്രകാശനം കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലാപ്പറമ്പ്-വെളളിമാട്കുന്ന് ഭാഗവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ദേശീയ ഹൈവേ വിഭാഗം മന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്. മലാപ്പറമ്പ് മുതല്‍ മുത്തങ്ങ വരെ ദേശീയപാത വികസനം നമ്മുടെ സ്വപ്‌നപദ്ധതിയാണ്. എത്രയോ കാലമായി ആഗ്രഹിക്കുന്ന ഒന്നാണിത്. അത് നടപ്പാക്കാൻ ഹൈവേ മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാറിന് നിര്‍ദിഷ്ട മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റോഡ് ഏറ്റെടുത്ത് നടത്താന്‍ അനുമതി കിട്ടില്ല. എന്നാല്‍, അതിന്റെ പേരില്‍ മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് വികസനം മുടങ്ങാതിരിക്കാൻ    പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുകയാണ്. അല്ലാത്തപക്ഷം അതിനും ദീര്‍ഘമായ കാത്തിരിപ്പ് ആവശ്യമായി വരും.

മലാപ്പറമ്പ്-വെള്ളിമാട്കുന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. അതിനായി കേന്ദ്ര ഗതാഗതമന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണ്. മലാപ്പറമ്പ്-മുത്തങ്ങ റോഡിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

മാനാഞ്ചിറ-മലാപ്പറമ്പ് റോഡിന് 187 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. മലാപ്പറമ്പ് മുതല്‍ വെള്ളിമാട്കുന്ന് വരെ 105 കോടിയും അനുവദിച്ചിട്ടുണ്ട്. 

മലബാറിന്റെ വികസനത്തിന് യോജിച്ച ശ്രമങ്ങള്‍ ഉണ്ടാവണം. വിവാദം വികസനത്തെ സഹായിക്കില്ല. അത് വികസനത്തെ കുരുക്കിലാക്കുകയാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ലാ പ്രസിഡന്റ് പി.പി അബൂബക്കര്‍ അധ്യക്ഷനായി. കാലിക്കറ്റ് ഐ ടി ഇനിഷ്യേറ്റീവ് ചെയർമാൻ അജയൻ കെ. ആനാട്ട്,  ഡോ. കെ മൊയ്തു, സി.ഇ ചാക്കുണ്ണി, വിനീഷ് വിദ്യാധരന്‍, ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, ജില്ലാ സെക്രട്ടറി എം. സുധീന്ദ്രകുമാര്‍, സി.പി.എം സയ്യിദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *