ആഗോള ഉച്ചകോടിയിൽ ശ്രദ്ധനേടി ഊരാളുങ്കൽ മാതൃക

കോഴിക്കോട്: ലോക സാമൂഹിക സമ്പദ്ഘടനയെപ്പറ്റിയുള്ള അന്താരാഷ്ട്ര ഉച്ചകോടി(International Forum on the Social Economy)യിൽ ലോകത്തെ മികച്ച മാതൃകയായി ഊരാളുങ്കൽ സൊസൈറ്റി. സ്പെയിനിലെ സാൻ സെബാസ്റ്റ്യനിൽ വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുത്ത വേദിയിൽ സൊസൈറ്റിയുടെ പ്രവർത്തനമാതൃക അവതരിപ്പിക്കപ്പെട്ടു. സൊസൈറ്റിയുടെ മാതൃക വിശദമായി പരിചയപ്പെടുത്തുന്ന പുസ്തകവും ഉച്ചകോടി പ്രസിദ്ധീകരിച്ചു. തുടർന്നുനടന്ന ചർച്ചയിൽ ഊരാളുങ്കൽ സൊസൈറ്റി പ്രധാനശ്രദ്ധാകേന്ദ്രമായി.

‘സാമൂഹിക, സാമ്പത്തിക വ്യവസ്ഥയിൽ ഊരാളുങ്കൽ ലോകത്തിനു നൽകുന്ന മാതൃക’ എന്ന പ്രബന്ധം ഊരാളുങ്കൽ സൊസൈറ്റിയുടെ ചീഫ് പ്രൊജക്റ്റ് കോ-ഓർഡിനേറ്ററും നാഷണൽ ലേബർ ഫെഡറേഷൻ ഡയറക്ടറുമായ ടി കെ കിഷോർ കുമാറാണ് അവതരിപ്പിച്ചത്. ഇന്ത്യയിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റിയെക്കൂടാതെ ക്ഷണിക്കപ്പെട്ടത് ഗുജറാത്ത് കേന്ദ്രമായ സ്ത്രീകളുടെ ദേശീയസംഘമായ സേവ മാത്രമാണ്.

നൂറുകൊല്ലം മുമ്പ് ഇന്ത്യയിൽ ‘കോളനിഭരണത്തിലും ജാതിവിവേചനത്തിലും ഉഴന്ന ഒരു ദരിദ്രഗ്രാമത്തിൽ പിറന്ന ഊരാളുങ്കൽ സൊസൈറ്റി സാമൂഹികേച്ഛയുടെ കരുത്തിന്റെയും മൂല്യാധിഷ്ഠിതമായ സംരംഭകത്വത്തിന്റെയും സാമൂഹികമായ നൂതനാശയത്വത്തിന്റെയും മാതൃക’യായി ലോകത്തിനുമുന്നിൽ ഉയർന്നുവന്ന അനുഭവമാണ് കിഷോർ കുമാർ പങ്കുവച്ചത്. കരുത്താർന്ന സാമൂഹികധർമ്മം, കുറുക്കുവഴി തേടാതെ ഗുണമേന്മ മുൻഗണന ആക്കിയത്, മുഴുവൻ തൊഴിലാളികളിലും ഉടമസ്ഥതാമനോഭാവം വളർത്തിയെടുത്തത്, സുതാര്യതയും മൂല്യനിഷ്ഠയും, വൈവിദ്ധ്യവത്ക്കരണതന്ത്രം, മനുഷ്യരിൽ നടത്തിയ നിക്ഷേപം തുടങ്ങിയവ ഈ വിജയത്തിന്റെ ആണിക്കല്ലുകളായി അദ്ദേഹം അവതരിപ്പിച്ചു.

അസമത്വം കുറയ്ക്കലും സാമൂഹികതൊഴിൽ ശക്തിപ്പെടുത്തലും കേന്ദ്രവിഷയമാക്കി സംഘടിപ്പിച്ച ആദ്യത്തെ ത്രിദിനസമ്മേളനമായ ‘അരിസ്‌മെൻഡിയേറിയേറ്റ സോഷ്യൽ ഇക്കണോമി തിങ്ക് ടാങ്കി’ൽ 50 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

സാമ്പത്തികനേട്ടങ്ങൾക്കു പകരം സാമൂഹികനേട്ടങ്ങളും സാമൂഹികനീതിയും ലക്ഷ്യമാക്കി ഇന്നു പലരാജ്യങ്ങളിലും സാമൂഹികസമ്പദ്ഘടന (social economy), സാമൂഹിക ഐക്യദാർഢ്യസമ്പദ്ഘടന (social and solidarity economy) എന്നീ മന്ത്രാലയങ്ങളുണ്ട്. സ്പെയിനിലെ തൊഴിൽ, സാമൂഹികസമ്പദ്ഘടനാ മന്ത്രാലയത്തിന്റെ പിന്തുണയോടെ അവിടുത്തെ ബിസിനസ് കോൺഫെഡറേഷൻ ഓഫ് സോഷ്യൽ ഇക്കോണമി (CEPES) യാണ് സമ്മേളനം സംഘടിപ്പിച്ചത്.

സ്പെയിനിന്റെ രണ്ടാമത്തെ വൈസ് പ്രസിഡന്റും തൊഴിൽ, സാമൂഹികസാമ്പദ്ഘടനാ മന്ത്രിയുമായ യോലാൻഡ ഡയസ്, ഫ്രാൻസിന്റെ സാമൂഹിക ഐക്യദാർഢ്യ മന്ത്രി മാക്സിം ബദുവൽ, ബ്രസീലിന്റെ ഐക്യദാർഢ്യസമ്പദ്ഘടനാമന്ത്രി ഗിൽബർട്ടോ കാർവാലോ, പലസ്തീൻ അതോറിറ്റിയുടെ തൊഴിൽ മന്ത്രി ഇനാസ് ദഹാദ അട്ടാരി, സെനഗലിന്റെ മൈക്രോഫിനാൻസ്, സാമൂഹിക ഐക്യദാർഢ്യസമ്പദ്ഘടനാമന്ത്രി ഡിയോൺ അലിയോ, കെനിയയിലെ സഹകരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പാട്രിക് കിബുരി കിലെമി എന്നിവരാണ് സംബന്ധിച്ച പ്രമുഖർ.

ഈ സമ്മേളനം, ആഗോളതലത്തിൽ നയങ്ങൾ ആവിഷ്ക്കരിക്കുന്നവർക്കും സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും അക്കാദമികസമൂഹത്തിനും മുന്നിൽ പ്രസക്തമായ സഹകരണമാതൃകകൾ, സാമൂഹികസംരംഭങ്ങൾ, തൊഴിലാളിസംഘടനകൾ എന്നിവ ഉയർത്തിക്കാട്ടുന്ന സുപ്രധാനവേദിയായി ഉച്ചകോടി മാറി. സാമൂഹികസമ്പത്തിന്റെ മാതൃകകൾ ആഗോളശ്രദ്ധ്യിൽ കൊണ്ടുവരാൻ സമ്മേളനത്തിനു കഴിഞ്ഞു. ഇത്തരമൊരു വേദിയിൽ കേരളത്തിന്റെ തനതായ വിജയമാതൃക അവതരിപ്പിച്ചതിലൂടെ ലോകശ്രദ്ധയിലും ചർച്ചയിലും ഊരാളുങ്കൽ മാതൃക കൂടുതൽ സ്ഥാനംപിടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *