ഡാൻസാഫും കുന്നമംഗലം പൊലീസും ചേർന്ന് രണ്ടിടങ്ങളിൽ നിന്നായി 100 ഗ്രാമോളം എംഡിഎംഎ പിടികൂടി
കോഴിക്കോട്: കുന്നമംഗലം ഭാഗത്ത് വിൽപനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടിടങ്ങളിൽ നിന്നായി രണ്ട് പേരെ പിടികൂടി.
പടനിലം ആരാമ്പ്രം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദ് കെ (24 ) കുരുവട്ടൂർ പുല്ലാളൂർ സ്വദേശി റോഷ്ന ഹൗസിൽ മുഹമ്മദ് ഷാജിൽ എ പി (49) എന്നിവരെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിൻ്റെ നേ തൃത്വത്തിലുള്ള ഡാൻസാഫും കുന്നമംഗലം എസ്ഐ ബാലകൃഷ്ണൻ പി കെ, ചേവായൂർ എസ്ഐ നിമിൻ കെ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ടീമും ചേർന്ന് പിടികൂടിയത്. രണ്ടിടങ്ങളിൽ നിന്നായി
100 ഗ്രാമോളം എംഡിഎംഎ പിടികൂടി.
ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്ത് നിന്നാണ് സ്കൂട്ടറിൽ വിൽപനക്കായി കൊണ്ടുവന്ന 60 ഗ്രാമോളം എംഡിഎംഎയുമായി റിൻഷാദിനെ പിടികൂടുന്നത്. ഇവൻ്റ് മാനേജ്മെൻ്റ് ജോലിയുടെ മറവിൽ കുന്നമംഗലം ഭാഗങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്ക് ലഹരി വിൽപ്പന നടത്തുന്ന മുഖ്യ കണ്ണിയാണ് ഇയാൾ. ഹൈബ്രിഡ് കഞ്ചാവ് പിടിച്ചതിന് ഇയാൾക്ക് കുന്നമംഗലം സ്റ്റേഷനിൽ മുമ്പ് കേസുണ്ട്.
മുഹമ്മദ് ഷാജിലിനെ കുന്നമംഗലം ചക്കാലക്കൽ ഭാഗത്ത് നിന്ന് കാറിൽ വിൽപനക്കായി കൊണ്ടു വന്ന 40 ഗ്രാമോളം എംഡിഎംഎയുമായാണ് പിടികൂടുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സിൻ്റെ മാവിലാണ് ഇയാൾ ലഹരി കച്ചവടം ചെയ്യുന്നത്. ആവശ്യക്കാർക്ക് വാട്സ് ആപ്പിൽ ബന്ധപ്പെട്ടാൽ റെൻ്റ് എ കാറിൽ എത്തി എംഡിഎംഎ കൈമാറുന്നതാണ് രീതി.
ആരാമ്പ്രം, ചക്കാലക്കൽ ഭാഗങ്ങളിൽ ലഹരി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൽ ഡാൻസാഫ് ടീം നിരീക്ഷണം നടത്തിയതിലാണ് രണ്ട് പേരും പിടിയിലാവുന്നത്.
പിടിയിലായ രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവർ ആർക്കൊക്കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇവരുടെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളി കളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസ് പറഞ്ഞു.
ഡൻസാഫ് ടീമിലെ എസ്.ഐമാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്മാൻ കെ , എ എസ്ഐ അനീഷ് മൂസ്സേൻവീട്, അഖിലേഷ് കെ , സുനോജ് കാരയിൽ , സരുൺകുമാർ പി.കെ , ശ്രീശാന്ത് എൻ.കെ , അഭിജിത്ത് പി , അതുൽ ഇ വി ,ദിനീഷ് പി.കെ, തൗഫീക്ക് ‘ടി.കെ , മുഹമദ്ദ് മഷ്ഹൂർ കെ.എം , ചേവായൂർ , കുന്നമംഗലം സ്റ്റേഷനിലെ എസ്.ഐമാരായ ജിബിഷ , ആഷിഷ് , മി ജോജോസ് , എസ് സി പി ഒ അജയൻ , വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

