കോഴിക്കോട്: മഞ്ഞൾ ഗ്രാമം പദ്ധതിയുടെ ഭാഗമായി പനങ്ങാട് ഗ്രാമപഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ നടത്തിയ മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ നിർവഹിച്ചു.
ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ എല്ലാ വാർഡുകളിലും മഞ്ഞൾ കൃഷി ചെയ്യുന്നതിനും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തുന്നതിനുമാണ് മഞ്ഞൾ ഗ്രാമം പദ്ധതി ആരംഭിച്ചത്. ഗ്രാമപഞ്ചായത്തിൽ 1.2 ഹെക്ടറിൽ കൃഷി ചെയ്ത അത്യുല്പാദനശേഷിയുള്ള പ്രതിഭ ഇനത്തിലൂടെ 35 ടൺ ഉത്പാദനം കൈവരിക്കാൻ കഴിഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ വി കദീജ കുട്ടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അർച്ചന ശ്യാം, വാർഡ് മെമ്പർ ഇസ്മയിൽ രാരോത്ത്, പഞ്ചായത്തംഗം റിജു പ്രസാദ്, പച്ചക്കറി ക്ലസ്റ്റർ പ്രസിഡന്റ് വിജയൻ കണിയാങ്കണ്ടി, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിനു എന്നിവർ സംസാരിച്ചു. കാർഷിക കർമ്മസേന സെക്രട്ടറി സദാനന്ദൻ കരുവള്ളിക്കോത്ത് സ്വാഗതവും കാർഷിക കർമ്മ സേന അംഗം എൻ പി ശ്രീജ നന്ദിയും പറഞ്ഞു.

