കോഴിക്കോട്: സ്ഥിര നിയമനമായും കരാര്‍ വ്യവസ്ഥയിലും ജോലി ചെയ്യുന്ന എല്ലാ വിഭാഗം ശുചീകരണ തൊഴിലാളികള്‍ക്കും നിയമപ്രകാരമുള്ള മിനിമം വേതനം ഉറപ്പാക്കണമെന്ന് സഫായി കര്‍മചാരി ദേശീയ അധ്യക്ഷന്‍ എം വെങ്കിടേശ് പറഞ്ഞു. സഫായി കര്‍മചാരി ദേശീയ അധ്യക്ഷന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ തൊഴിലാളികളുടെ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ശുചീകരണ തൊഴിലാളികളില്‍ നിന്ന് അധ്യക്ഷന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പാര്‍ട്ട് ടൈം, ഫുള്‍ ടൈം, സ്വീപ്പിംഗ് തുടങ്ങി എല്ലാ വിഭാഗം ശുചീകരണ തൊഴിലാളികള്‍ക്കും മിനിമം വേതനം ലഭിക്കുന്നുണ്ടോ, സര്‍ക്കാര്‍ തലത്തില്‍ ആരോഗ്യ പരിശോധന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടോ, ഈ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അധ്യക്ഷന്‍ ചോദിച്ചറിഞ്ഞു. കൃത്യമായ പരിശോധന നടത്തി എല്ലാ വിഭാഗം ശുചീകരണ തൊഴിലാളികള്‍ക്കും മിനിമം വേതനം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തണമെന്ന് അധ്യക്ഷന്‍ ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് കൃത്യമായ പരിശോധന ഉള്‍പ്പെടെ നടത്തണമെന്നും അധ്യക്ഷന്‍ പറഞ്ഞു.
യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര് മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ പി ഷാജി, പൊലീസ്, തദ്ദേശം, ജില്ലാ പഞ്ചായത്ത്, ലേബര്‍, ആരോഗ്യം, റെയില്‍വേ തുടങ്ങി വിവിധ വകുപ്പു മേധാവികള്‍, ബിഡിഒമാര്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ശുചീകരണ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം

