എം ടി യുടെ അന്ത്യയാത്രയ്ക്ക് അരങ്ങാകുക വഴി ലോകശ്രദ്ധയിലേക്ക് വന്ന കോഴിക്കോട്ടെ “സ്മൃതിപഥ”ത്തിന്റെ സവിശേഷതകളറിയാം..
” സ്മൃതിപഥം ” — അഴകും ആധുനികതയും സമന്വയിക്കുന്ന കേരളത്തിലെ ഏറ്റവും മികവുറ്റ ശ്മശാനം ( Crematorium )
കോഴിക്കോട് യാഥാർഥ്യമായിരിക്കുന്നു.
പഴകി ജീർണിച്ച് പൂർണമായും നാമാവശേഷമായ പഴയ മാവൂർ റോഡ് ശ്മശാനമാണ് വാസ്തുശിൽപ്പ മികവിലും സാങ്കേതിക വിദ്യയിലും രാഷ്ട്രാന്തരീയ നിലവാരമുള്ള “സ്മൃതിപഥം” ആയി പുനർജനിച്ചിരിക്കുന്നത്.
ദർശനം
മാനവികതയുടെ വിളനിലമായ കോഴിക്കോടൻ സാമൂഹ്യ ജീവിതത്തിന്റെ സവിശേഷതകളോട് നീതി പുലർത്തും വിധമാണ് “സ്മൃതിപഥ” ത്തിന്റെ നിർമാണവും പരിപാലനവും വിഭാവനം ചെയ്തത്….
ഓരോ മനുഷ്യ ജീവിതത്തെയും വിലമതിച്ച് മരണാനന്തരം ആദരവോടെ അന്ത്യയാത്ര നൽകാനുള്ള അനുപമമായ അന്തരീക്ഷമാണ് ഇവിടെ ഒരുങ്ങിയിട്ടുള്ളത്..
നൂതന സാങ്കേതിക വിദ്യ
ഗ്യാസ് ഉപയോഗിച്ച് മൃതദേഹങ്ങൾ സംസ്കരിക്കുന്ന നാല് ചേംബറുകളും, വൈദ്യുതി ഉപയോഗിച്ച് സംസ്കരിക്കുന്ന ഒരു ചേംബറും, പരമ്പരാഗത രീതിയിൽ സംസ്കരിക്കാൻ രണ്ട് ചൂളകളും ഉൾപ്പെടെ ഒരേ സമയം ഏഴു മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്.
ശവ സംസ്കാര സമയത്ത് ഉണ്ടാകുന്ന പുക പൈപ്പ് വഴി വെള്ളത്തിലൂടെ കടത്തി വിട്ട് അതിലെ വിഷാംശങ്ങളെല്ലാം മാറ്റി മുന്നൂറ് മീറ്റർ ഉയരമുള്ള ചിമ്മിനിയിലൂടെ പുറത്തേക്കു വിടുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
അന്തരീക്ഷ മലിനീകരണമോ, ജല മലിനീകരണമോ ഉണ്ടാകില്ല എന്ന കാര്യം നൂതന സാങ്കേതിക വിദ്യ ഉറപ്പാക്കുന്നുണ്ട്.
നാല് കുളി മുറികളും നാല് ശുചി മുറികളും ഇവിടെയുണ്ട്.
റിച്വൽ ഹാൾ
ഓരോരുത്തരുടെയും വിശ്വാസവും ആചാര
ങ്ങളും അനുസരിച്ചു മരണാനന്തര ചടങ്ങുകൾ നടത്താനുള്ള അതി വിശാലമായ ലോഞ്ച് പ്രധാന കെട്ടിടത്തിൽ ഉണ്ട്.
കിയോസ്ക്ക്
മരണാനന്തര ചടങ്ങുകൾക്കുള്ള എല്ലാ സാധനങ്ങളും സദാ സമയവും ലഭിക്കുന്ന ഒരു “കിയോസ്ക്ക് ” സ്മൃതിപഥത്തിൽ ഉണ്ടായിരിക്കും.
ലോക്കർ സിസ്റ്റം
ശവസംസ്കാര ശേഷം അനന്തര കർമ്മങ്ങ
ൾക്കുള്ള “ചാരം” ( ആഷ് ) ശേഖരിച്ചു സൂക്ഷിച്ചു വെക്കാനുള്ള ലോക്കർ സിസ്റ്റം ഇവിടെ ലഭ്യമായിരിക്കും..
അനുശോചന മീറ്റിംഗ് ഹാൾ
അനുശോചന യോഗങ്ങൾ നടത്താനും, ആവശ്യമെങ്കിൽ മറ്റ് മീറ്റിങ്ങുകൾക്കും പരിശീലന പരിപാടികൾക്കും ഉപയോഗി
ക്കാവുന്നതുമായ പ്രകൃതിയിലേക്ക് തുറന്ന വിശാലമായ ഹാൾ ഇവിടുത്തെ ആകർഷ
കമായ മറ്റൊരു നിർമ്മിതിയാണ്.
ഓഫീസ്
സൗകര്യ പ്രദമായതും കമ്പ്യൂട്ടർ, വൈഫൈ തുടങ്ങി എല്ലാ സംവിധാനങ്ങളും ഉള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സജ്ജീകരിച്ചട്ടുണ്ട്. ‘പേപ്പർ ലെസ്സ്’ ഓഫീസ് ആണ് വിഭാവനം ചെയ്തിരിക്കുന്നത്..
സ്മൃതിപഥം — കോഴിക്കോടിൻ്റെ
പൂങ്കാവനം
കോഴിക്കോടിന്റെ സമുജ്വലമായ സാംസ്കാരിക പൈതൃകത്തിന് മാറ്റ് കൂട്ടുന്ന പ്രധാന കവാടം കടന്നാൽ ഫലവൃക്ഷങ്ങളും, ഔഷധ സസ്യങ്ങളും, പൂമരങ്ങളും നിറഞ്ഞ് കുളിർമ്മയേകുന്ന അന്തരീക്ഷം, ഇടതു ഭാഗത്തായി ഇലക്ട്രിക് ക്രിമറ്റോറിയം. അതിന് മുന്നിലായി കരിങ്കല്ലിൽ പണിത ഇരിപ്പിടങ്ങൾ…. അവിടെ നിന്നും പർഗോളയിലേക്ക് പടർന്നു കയറിയ വള്ളിപ്പടർപ്പുകൾ തണൽ വിരിക്കുന്ന നടപ്പാതയിലൂടെ ചെന്ന് കയറുന്ന പ്രകൃതി ദത്തമായ കരിങ്കല്ലുകൾ വിരിച്ച വിശാലമായ മുറ്റം, ഇടത് ഭാഗത്തു ഇരിപ്പിട സൗകര്യത്തോടെ
യുള്ള പവലിയൻ, നേരെ ചെന്ന് ഗ്യാസ് ക്രിമറ്റോറിയം സ്ഥിതി ചെയ്യന്ന കൂറ്റൻ ബാംഗ്ലാവിന്റെ വിശാലമായ ‘റിച്വൽ ഹാൾ’, ഇടത് വശത്തായി കൊറിയൻ ഗ്രാസ് വിരിച്ച് മനോഹരമാക്കിയ മുറ്റത്തിനപ്പുറമുള്ള മതിലിൽ ജനനം മുതൽ മരണം വരെയുള്ള മനുഷ്യ ജീവിത ഘട്ടങ്ങൾ ചിത്രീകരിക്കുന്ന മ്യ ക്രറൽ ശിൽപ്പം, ഗ്യാസ് ക്രിമറ്റോ റിയത്തിന്റെ മൂന്ന് വാതിലുകൾക്കു മുകളിലായി ഉദയം, മധ്യാഹ്നം,അസ്തമയം… ചിത്രീകരിക്കുന്ന മ്യൂറൽ ശൈലിയിലുള്ള പെയിന്റിംഗ്….
നിലവിലുള്ളതും പുതുതായി വെച്ച് പിടിപ്പിച്ചതും ആയി വിവിധതരം മാവുകൾ, റംബൂട്ടാൻ, സപ്പോട്ട, മംഗോസ്റ്റിൻ, ചാമ്പ, ഔഷധ സസ്യങ്ങൾ, പൂമരങ്ങൾ…….
തെച്ചി, മന്ദാരം, ചെമ്പരത്തി, അരിപ്പൂക്കൾ, പല വർണങ്ങളിലുള്ള ബോഗൻവില്ല, മുല്ല, ലില്ലി, സ്പൈഡർ ലില്ലി, ഹെലികോണിയ തുടങ്ങിയ പൂച്ചെടികളും പൂവിടുന്ന വള്ളികളും …..എല്ലാം വളർന്നു വരുമ്പോൾ “സ്മൃതിപഥം” കോഴിക്കോടിന്റെ മറ്റൊരു പൂങ്കാവനം ആകും..
ലൈവ് സ്ട്രീമിങ് സംവിധാനം
വിദൂരസ്ഥലങ്ങളിൽ ഇരുന്നു തത്സമയം സംസ്കാര ചടങ്ങുകൾ വീക്ഷിക്കാൻ വിവര വിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സംവിധാനം ‘സ്മൃതിപഥ’ത്തിൽ ഒരുക്കിയിട്ടുണ്ട്..
ശുചിത്വ പെരുമാറ്റ ചട്ടം
മൃതദേഹങ്ങൾക്ക് അങ്ങേയറ്റം ആദരവ് നൽകി വിശുദ്ധമായ അന്തരീക്ഷത്തിൽ നടക്കേണ്ട ഒന്നാണ് ശവസംസ്കാരം.
അതു കൊണ്ട് “സ്മൃതിപഥം” ഒരു സാഹചര്യത്തിലും മലിനമാകാൻ അനുവദിക്കില്ല. പൂർണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കും ഇവിടം. മൃതദേഹങ്ങളോടൊപ്പം എത്തുന്ന റീത്തുകളും മറ്റും ഉപേക്ഷിച്ചു പോകാൻ ഇനി സാധ്യമല്ല. ഇതിനായി തയ്യാറാക്കിയ “ശുചിത്വ പെരുമാറ്റച്ചട്ടം” കർശനമായി നടപ്പാക്കും.
ആസൂത്രണവും നിർമ്മാണവും
കോർപറേഷന് വേണ്ടി 2011 ൽ തന്നെ കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലം വികസന സെമിനാറിൽ പദ്ധതി വിഭാവനം ചെയ്യുകയുണ്ടായി. എം ടി വാസുദേവൻ നായർ ആയിരുന്നു സെമിനാറിന്റെ ഉദ്ഘാടകൻ. 2014 ൽ കോഴിക്കോട്ടെ പ്രശസ്തനായ ആർക്കിടെക്ട് ബാബു ചെറിയാനാണ് മാസ്റ്റർപ്ലാൻ കോൺസെപ്റ്റിന് രൂപം നൽകിയത്.
പിന്നീട് ആർക്കിടെക്ച്ചറൽ ഡിസൈൻ പൂർണമായും ചെയ്തത് കോഴിക്കോട്ടു കാരനായ PWD ആർക്കിടെക്ട് ശ്രീകുമാറാണ്.
എന്നാൽ 2019 ൽ മാത്രമേ MLA ഫണ്ടിൽ നിന്നും 2.28 കോടി രൂപ വകയിരുത്തി നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞുള്ളൂ. അധിക തുക വേണ്ടി വന്നത് പൂർണമായും (4കോടിയിൽ പരം) കോർപറേഷൻ പ്ലാൻ ഫണ്ടിൽ നിന്നും വകയിരുത്തി നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.
കോർപറേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണ നിർവഹണം.
കോർപറേഷന്റെ കൂട്ടായ നേതൃത്വം പ്രശംസനീയം
മുൻ മേയറും ഇപ്പോഴത്തെ എംഎൽഎയുമായ തോട്ടത്തിൽ രവീന്ദ്രൻ, മേയർ ഡോ. ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ആരോഗ്യ സമിതി ചെയർപേഴ്സൺ ഡോ. ജയശ്രീ, വാർഡ് കൗൺസിലറും ക്ഷേമ സമിതി ചെയർമനുമായ പി ദിവാകരൻ, വർക്സ് കമ്മറ്റി ചെയർമാൻ പി സി രാജൻ, കോർപറേഷൻ സെക്രട്ടറി കെ യു ബിനി, സൂപ്രണ്ടിങ് എഞ്ചിനീയർ ദിലീപ് എന്നിവർ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ പ്രശംസനീയമാം വിധം കൂട്ടായ നേതൃത്വം നൽകുകയുണ്ടായി.
മുൻ വാർഡ് കൗൺസിലറും വർക്സ് കമ്മിറ്റി ചെയർ പേഴ്സണുമായിരുന്ന ടി വി ലളിത പ്രഭ, മുൻ ആരോഗ്യ സമിതി ചെയർമാൻ കെ വി ബാബുരാജ്, മുൻ വാർഡ് കൗൺസിലർ ഒ എം ഭരദ്വാജ് എന്നിവരും അവരുടെ കാലയളവിൽ പദ്ധതി നടപ്പാക്കാൻ ഏറെ പരിശ്രമിച്ചവരാണ്.
കോഴിക്കോട് കോർപറേഷന്റെയും, നോർത്ത് അസംബ്ലി മണ്ഡലത്തിന്റെയും വൻ വികസന നേട്ടങ്ങളുടെ പട്ടികയിലെ അക്ഷരാർത്ഥത്തിൽ രാഷ്ടാന്തരീയ നിലവാരം പുലർത്തുന്ന ഒന്നാണ് “സ്മൃതിപഥം”.
ഈ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘടനം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കും.
( മുൻ എംഎൽഎ എ പ്രദീപ് കുമാറിൻ്റെ എഫ്ബി പോസ്റ്റ്)


