ഉത്തരമേഖല ഫയൽ അദാലത്ത് കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ തുടങ്ങി
വയനാടിനായി പ്രത്യേക അദാലത്ത് നടത്തും
കോഴിക്കോട്: ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ 2023 ഡിസംബർ 31 വരെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന ഉത്തരമേഖല ഫയൽ അദാലത്ത്
നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾക്ക്
അടിയന്തിര തീരുമാനം ഉണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ പുറത്താണ് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ഫയൽ അദാലത്ത് നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
എറണാകുളത്ത് നടന്ന അദാലത്തിൽ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തിൽ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങൾക്കും മുൻഗണന നൽകിയാണ് അദാലത്ത് തീർപ്പാക്കുന്നത്.
ഇടതുസർക്കാർ അധികാരത്തിൽ വന്ന ശേഷം 1204 ഭിന്നശേഷിക്കാരെ സ്കൂളുകൾ നിയമിച്ചു.
വയനാട് ജില്ലയ്ക്ക് വേണ്ടി ഉത്തരമേഖല അദാലത്തിൽ
ഹെൽപ്പ്ഡസ്ക് ഉണ്ടെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു.
മേഖലകൾ തിരിച്ചുള്ള അദാലത്തിനുശേഷം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസും കേന്ദ്രീകരിച്ച് അദാലത്തുകൾ
നടത്തും. ഇതോടെ കെട്ടിക്കിടക്കുന്ന ഫയലുകളിൽ വലിയൊരളവുവരെ തീർപ്പാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിർമ്മിതി ബുദ്ധി ആദ്യമായി വിദ്യാഭ്യാസമേഖലയിൽ കൊണ്ടുവന്ന സംസ്ഥാനമാണ്
കേരളമെന്ന്
പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിലെ ഫയലുകളുടെ
പ്രത്യേകത അതിസങ്കീർണമാണെന്നുള്ളതാണ്.
എന്നാൽ, എറണാകുളത്തും കൊല്ലത്തും നടന്ന അദാലത്തുകളിൽ
വർഷങ്ങളായി കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് ഫയലുകളാണ് തീർപ്പാക്കിയത്. ഇത് വളരെ പോസിറ്റീവായ സമീപനമാണ്.
30,000 നിയമങ്ങളാണ് ഇടതുസർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പിൽ നടന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.
പരിപാടിയിൽ പത്തോളം
അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ മന്ത്രി നിയമന ഉത്തരവ് നേരിൽ കൈമാറി. ഇതിനുപുറമേ 20 വർഷമായി കെട്ടിക്കിടന്നിരുന്ന, മലപ്പുറം മങ്കട സ്കൂളിലെ വിരമിച്ച പ്രധാന അധ്യാപകന്റെ പെൻഷൻ സംബന്ധിച്ച കാര്യങ്ങളും തീർപ്പാക്കിയുള്ള ഉത്തരവും കൈമാറി.
കോഴിക്കോട് അദാലത്തിൽ 1780 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
മേയർ ബീന ഫിലിപ്പ്,
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ,
കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ, മുൻ എംഎൽഎ എ പ്രദീപ്കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് സ്വാഗതവും
വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആർ എസ് ഷിബു നന്ദിയും പറഞ്ഞു.
പരിപാടിയിൽ പ്രൈവറ്റ് ഏജന്റ്സ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
അദാലത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാല് ജില്ലകൾക്കും വേണ്ടി പ്രത്യേക ഫ്രണ്ട് ഓഫീസ്, സഹായ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഫയലിന്റെ സ്വഭാവമനുസരിച്ച് ടോക്കൺ കൊടുത്തു അതാത് വിഭാഗത്തിലേക്ക് നയിക്കും.
ഹയർസെക്കൻഡറി സംബന്ധിയായ ഫയലുകളുടെ തീർപ്പാക്കലിന് സ്കൂളിലെ ഒന്നാം നിലയിലാണ് സൗകര്യമൊരുക്കിയത്.
ഭിന്നശേഷി വിഭാഗത്തിലെ 1204 പേരെ സ്കൂളുകളിൽ നിയമിച്ചതായി മന്ത്രി ശിവൻകുട്ടി

