കാലിക്കറ്റ് എഫ്.സി നാളെ തൃശൂർ മാജിക് എഫ്.സിയുമായി ഏറ്റുമുട്ടും

കോഴിക്കോട്: ആവേശം പൊടിപാറുന്ന മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി നാളെ (ശനി) തൃശൂർ മാജിക് എഫ്.സിയുമായി ഏറ്റുമുട്ടും. ആദ്യ സീസണിൽ പരാജയപ്പെടുത്താൻ സാധിക്കാത്ത ടീമിനെതിരെ വിജയം നേടുകയാണ് കാലിക്കറ്റ് എഫ്.സി ഇത്തവണ ലക്ഷ്യം വയ്ക്കുന്നത്.

ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം.

നിലവിൽ പട്ടികയിൽ കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാരിയേഴ്സ്, മലപ്പുറം എഫ്.സി എന്നിവർ മൂന്ന് പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പമാണ്. നിർണ്ണായക മത്സരത്തിൽ സര്‍വകഴിവും പുറത്തെടുത്ത് വിജയിക്കാനാണ് സിഎഫ്സിയുടെ ശ്രമം.

സൂപ്പര്‍ ലീഗ് കേരളയുടെ ഒക്ടോബർ 2-ന് നടന്ന ആദ്യമത്സരത്തില്‍ ശക്തരായ ഫോർക്കാ കൊച്ചി എഫ്.സിയെ 2-1 ന് സിഎഫ്സി പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ആദ്യ സീസണിലെ ഫൈനലിൽ ഫോര്‍ക്കാ കൊച്ചിയെ പരാജയപ്പെടുത്തിയ അതേ സ്കോർ നില തന്നെയായിരുന്നു രണ്ടാം സീസണിലെ ആദ്യ മത്സരത്തിലും ആവർത്തിച്ചത് എന്നത് യാദൃഛികമായി.

ഉദ്ഘാടന സീസണിൽ കാലിക്കറ്റ് എഫ്.സിക്ക് പരാജയപ്പെടുത്താൻ കഴിയാതിരുന്ന ഏക ടീം തൃശ്ശൂർ മാജിക് എഫ്.സിയായിരുന്നു. അന്ന് ഇരുടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ആദ്യ മത്സരം സമനിലയിൽ അവസാനിക്കുകയും മലപ്പുറത്ത് നടന്ന രണ്ടാം മത്സരത്തിൽ തൃശ്ശൂർ വിജയിക്കുകയും ചെയ്തിരുന്നു. ഈ ചരിത്രം തിരുത്തിക്കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാലിക്കറ്റ് എഫ്സി ഇന്ന് ബൂട്ടണിയുന്നത്.

മത്സരത്തിനുള്ള ടിക്കറ്റുകൾ Quickerala.com-ൽ ലഭ്യമാണ്. കളി കാണാനെത്തുന്ന ഭാഗ്യശാലികളായ ആരാധകര്‍ക്ക്  നറുക്കെടുപ്പിലൂടെ ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമ്പോള്‍ ടിക്കറ്റ് നല്‍കാനും കാലിക്കറ്റ് എഫ്സി തീരുമാനമെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *