മാലിന്യ നിര്‍മാര്‍ജനം കൂടുതല്‍ കാര്യക്ഷമമാക്കണം -ജില്ലാ വികസന സമിതി

കോഴിക്കോട്: മാലിന്യ നിര്‍മാര്‍ജനവും സംസ്‌കരണവും കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണത്തിന്റെ നിലവിലെ സ്ഥിതി എല്‍എസ്ജിഡി മുഖേന സമര്‍പ്പിക്കണമെന്നും സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍നിന്ന് ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ഹരിത കര്‍മസേനക്ക് കൈമാറുന്നുണ്ടെന്ന് വകുപ്പ് തലവന്മാര്‍ ഉറപ്പ് വരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാരുടെ ഒഴിവ് നിക്കത്തണമെന്നും കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ആവശ്യം ഉന്നയിച്ചു.

മഴക്കൊപ്പം കടലേറ്റവും ശക്തമായതോടെ കടലോര മേഖലയിലെ പല വീടുകളും അപകടാവസ്ഥയിലാണെന്നും അടിയന്തര പ്രവൃത്തിക്ക് അനുവദിച്ച അഞ്ച് ലക്ഷം രൂപ അപര്യാപ്തമാണെന്നും കടല്‍ഭിത്തി നിര്‍മാണത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും കെ കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. 

അനുമതി ലഭിച്ച മാനാഞ്ചിറ-പാവങ്ങാട് റോഡിന്റെ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് അതത് പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുകയും ആവശ്യമായ ഫണ്ട് കലക്ടര്‍ മുഖേന പഞ്ചായത്തുകള്‍ക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതില്‍ ആവശ്യമായ നടപടിയെടുക്കണമെന്നും സമിതി നിര്‍ദേശിച്ചു.

യോഗത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷത വഹിച്ചു. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പിടിഎ റഹീം, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ കെ രമ, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം പി സുരേഷ്, പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സി പി സുധീഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *