മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ  അഞ്ചാം പത്തിയായി മാറുന്നു: ശശികുമാര്‍

കോഴിക്കോട് : ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തനം ഇന്ത്യയില്‍  ജനാധിപത്യത്തിന്റെ അഞ്ചാംപത്തിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന്  പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. ഇത് മാധ്യമരംഗത്തിന് മാത്രമല്ല, ജനാധിപത്യത്തിനും അതുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ക്കും വലിയ അപകടമാണ് ഉണ്ടാക്കാന്‍ പോകുന്നത്. പ്രശസ്ത കളിയെഴുത്തുകാരനും   സ്പോര്‍ട്സ് ജേര്‍ണലിസത്തിന് ദിശാമുഖം നല്‍കിയ പത്രപ്രവര്‍ത്തകനുമായ വിംസീയുടെ (വി എം ബാലചന്ദ്രന്‍) ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യന്‍ ജനാധിപത്യവും പത്രപ്രവര്‍ത്തനവും അപകടകരമാംവിധം താഴേക്ക് പോവുകയാണ്. പത്രപ്രവര്‍ത്തനം പലവിധത്തില്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന അവസ്ഥയുണ്ട്.
പത്രപ്രവര്‍ത്തനത്തിന്റെ നിലവാരം അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്നു. ആദരവല്ല, പത്രപ്രവര്‍ത്തകന്‍ പ്രകടിപ്പിക്കേണ്ടത്, മറിച്ച് അനാദരവാണ് അവര്‍ മുഖമുദ്രയായി കാണേണ്ടത്. അനാദരവ് ഇല്ലാത്ത പത്രപ്രവര്‍ത്തനം യഥാര്‍ഥത്തില്‍ പത്രപ്രവര്‍ത്തനമല്ല. ഇന്ന് പത്ര സ്ഥാപനങ്ങള്‍ ലാഭം മാത്രം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് അങ്ങനെയായിരുന്നില്ല. സ്വാതന്ത്ര്യസമരകാലത്ത് അഭിഭാഷകരും പത്രപ്രവര്‍ത്തകരുമാണ് പ്രധാനമായും രംഗത്തുണ്ടായിരുന്നത്. ആദര്‍ശങ്ങള്‍ക്കുവേണ്ടിയായിരുന്നു അന്നത്തെ പത്രപ്രവര്‍ത്തനം. ഇന്ന് സാമ്പത്തികം മാത്രമാണ് നോട്ടം. യഥാര്‍ത്ഥ പത്രപ്രവര്‍ത്തനമേഖലയെ തിരിച്ചു പിടിക്കേണ്ട അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.


സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡൻ്റ് പി.പി അബൂബക്കര്‍ അധ്യക്ഷനായി. വിംസീ അവാര്‍ഡ് നേടിയ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരം പി മാളവികക്ക് വേണ്ടി അമ്മ മിനി പ്രസാദ് ശശികുമാറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സി.പി വിജയകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ ഫുട്ബോള്‍ താരം വിക്ടര്‍ മഞ്ഞില, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ്, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി വിജയകുമാര്‍, വിംസീയുടെ സഹോദരന്‍ വി എം വേണുഗോപാല്‍, കൊച്ചുമകൾ അനുകൃഷ്ണ, മാളവികയുടെ കോച്ച് ധനീഷ് ബങ്കളം  എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് എം. സുധീന്ദ്രകുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അശോക് ശ്രീനിവാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *