കോഴിക്കോട്: നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിലേക്കായി പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ – എസ്‌ഐആര്‍) നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നാളെ (04) മുതല്‍ എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍(ബിഎല്‍ഒ)മാര്‍ വീട് വീടാന്തരം കയറി ഫോമുകള്‍ നല്‍കി വിവരങ്ങള്‍ പൂരിപ്പിച്ച് തിരികെ ശേഖരിക്കുന്ന പ്രവൃത്തി ഡിസംബര്‍ നാലിന് പൂര്‍ത്തിയാക്കും. എസ്‌ഐആര്‍ ജില്ലയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ല കലക്ടര്‍.
അര്‍ഹരായ സമ്മതിദായകര്‍ മാത്രം ഉള്‍പ്പെട്ട, അനര്‍ഹരായ വ്യക്തികള്‍ ആരുമില്ലാത്ത ഏറ്റവും ശുദ്ധമായ സമ്മതിദായകപ്പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം-2025 നടത്തുന്നത്. എസ്ഐആറിന്റെ ഭാഗമായുള്ള ഇആര്‍ഒ, ബിഎല്‍ഒ പരിശീലന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. എസ്‌ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കരട് വോട്ടര്‍പ്പട്ടിക ഡിസംബര്‍ ഒന്‍പതിനു പ്രസിദ്ധീകരിക്കും. ഇതിന്മേലുള്ള ഹിയറിങ്ങും പരിശോധനയും ഡിസംബര്‍ ഒന്‍പതു മുതല്‍ 2026 ജനുവരി 31 വരെ നടക്കും. അന്തിമ വോട്ടര്‍പ്പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. ജില്ലയില്‍ നിലവില്‍ 2303 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്.
ജോലിക്കോ പഠനത്തിനോ വേണ്ടി വിദേശത്തോ അന്യസംസ്ഥാനത്തോ പോയവര്‍, ഭവന സന്ദര്‍ശന സമയത്ത് വീട്ടിലില്ല എന്ന കാരണത്താല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെടില്ല. ഇവര്‍ക്ക് ഓണ്‍ലൈനായി ഫോം സര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഒരു വീട്ടില്‍ ആളില്ലാത്ത സമയത്താണ് ബിഎല്‍ഒ സന്ദര്‍ശനം നടത്തുന്നതെങ്കില്‍, രണ്ടോ മൂന്നോ തവണ കൂടി സന്ദര്‍ശിക്കാനും വീടിനുള്ളില്‍ ഫോം നിക്ഷേപിക്കാനും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, അര്‍ഹരായ ഒരു വ്യക്തിയുടെ പോലും പേര് നീക്കം ചെയ്യുന്നില്ലെന്നും കമ്മീഷന്‍ ഉറപ്പുവരുത്തും. തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബുത്ത് ലെവല്‍ ഏജന്റുമാരുടെ സേവനം ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍ പങ്കെടുത്തു.

