കോഴിക്കോട്: സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 30ന് കാസര്‍ഗോഡ് ചട്ടഞ്ചാലില്‍ പ്രഖ്യാപിക്കും. മാലിക് ഇബ്‌നു ദീനാർ നഗരിയില്‍ തുടക്കം കുറിക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ മൂന്നു വര്‍ഷം നീണ്ടുനില്‍ക്കും. വിദ്യാഭ്യാസ -തൊഴില്‍ -നൈപുണി വികസന മേഖലകളില്‍ ഗുണ നിലവാരവും സ്വയംപര്യാപ്തതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിക്കൊണ്ടുള്ള ഒട്ടേറെ പദ്ധതികള്‍ക്ക് വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി തുടക്കം കുറിക്കും. വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികൾ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കും.
ആത്മീയ ഔന്നത്യവും ക്ഷേമോന്മുഖമായ ജീവിതവും കൈവരിക്കാന്‍ മുസ്ലിം വിശ്വാസികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനമാണ് സമസ്ത. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രബോധന ദൗത്യങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം സമസ്ത ഒരേ മനസ്സോടെ ശ്രദ്ധ ചെലുത്തി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ സവിശേഷമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഉടലെടുക്കുന്നത്. മലബാര്‍ സമരത്തിനു ശേഷമുണ്ടായ മുസ്ലിം സമൂഹിക സാഹചര്യമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒരു ഘടകം. ദുരന്തപൂര്‍ണമായ ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടു മതനിഷേധ പ്രസ്ഥാനങ്ങളും മത വ്യതിയാനപ്രസ്ഥാനങ്ങളും മറ്റ് നിക്ഷിപ്ത താല്പര്യമുള്ള വിവിധ വിഭാഗങ്ങളും മുസ്ലിം സമൂഹത്തിന്റെ ആഭ്യന്തരമായ കെട്ടുറപ്പിലും പൊതു സമൂഹവുമായുള്ള ബന്ധങ്ങളിലും വിള്ളലുകള്‍ വീഴ്ത്താന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് സാമുദായികമായ സമുദ്ധാരണം ലക്ഷ്യമിട്ട് 1926 ല്‍ സമസ്ത പ്രവര്‍ത്തനം ആരംഭിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിന്നതീതമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം രാഷ്ട്ര നിര്‍മ്മാണത്തിന്റെയും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും ഒത്തൊരുമയുടെയും വഴിയില്‍ മുസ്ലിം സമൂഹത്തെ വഴിനടത്തുകയായിരുന്നു സമസ്ത. ലോകത്തെവിടെയുമുള്ള മുസ്ലിം സാമൂഹിക ചരിത്രത്തിലുണ്ടായതു പോലെ മതപണ്ഡിതന്മാരാണ് കേരളത്തിലും സമുദായ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ സാമുദായിക ശാക്തീകരണ രംഗത്തും സാമൂഹിക വികസന മേഖലകളിലും പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടായിരിക്കും സമാപിക്കുക. അതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ സമസ്ത ഒരുക്കും. റഈസുല്‍ ഉലമ സുലൈമാന്‍ മുസ്ല്യാര്‍ സമസ്തയുടെ പ്രസിഡന്റും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയും കോട്ടൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ ട്രഷററും ആയ കമ്മറ്റിയാണ് ഈ പണ്ഡിത സഭക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.
വാർത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍:
1. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍
(ജന: സെക്രട്ടറി, സമസ്ത )
2. സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി
(സെക്രട്ടറി ,സമസ്ത)
3. പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി
(സെക്രട്ടറി, സമസ്ത)
4. വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി
(സമസ്ത : കേന്ദ്ര മുശാവറ അംഗം)

