കോഴിക്കോട്: ഇ പി എഫ് പെൻഷൻകാരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പെൻഷൻകാർ പുതുവത്സര ദിനമായ ജനുവരി ഒന്നിന് തിങ്കളാഴ്ച കോഴിക്കോട് ആദായനികുതി ഓഫീസ് ഉപരോധിക്കും. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും.
രാജ്യവ്യാപകമായി ഉപരോധസമരത്തിനുള്ള പെൻഷൻ സംഘടനകളുടെ ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് കേരളത്തിൽ പി എഫ് പെൻഷനേഴ്സ് അസോസിയേഷന്റെ സമരം. മിനിമം പെൻഷൻ 9000 രൂപയാക്കുക, ഡിഎ ഏർപെടുത്തുക, സുപ്രീം കോടതി വിധിപ്രകാരം ഹയർ ഓപ്ഷൻ പെൻഷൻ അനുവദിക്കുക, സൗജന്യ ചികിത്സാ പദ്ധതി ഏർപെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.
രാജ്യത്തെ 76 ലക്ഷം പെൻഷൻകാരിൽ 32 ലക്ഷം പേർക്കും ശരാശരി 802 രൂപയാണ് പ്രതിമാസ പെൻഷൻ ലഭിക്കുന്നത്.
ക്ഷാമബത്ത ഏർപ്പെടുത്താത്തതും സമയാസമയം പെൻഷൻ പരിഷ്കരിക്കാത്തതും മുഴുവൻ സർവീസ് കാലാവധിയും പെൻഷന് പരിഗണിക്കാത്തതുമാണ് ഈയൊരു ദയനീയ അവസ്ഥയ്ക്ക് കാരണം.
പാർലമെന്റിലെ കോഷിയാരി സബ് കമ്മിറ്റി മിനിമം പെൻഷൻ 3000വും ക്ഷാമബത്തയും ശുപാർശ ചെയ്തു 10 വർഷമായിട്ടും, ഉടൻ പരിഗണിക്കും എന്ന് പറഞ്ഞു പെൻഷൻകാരെ കേന്ദ്രസർക്കാർ നിരന്തരം കബളിപ്പിക്കുകയാണ്.
ഹയർ ഓപ്ഷന്‍ പെൻഷനു വേണ്ടി അസോസിയേഷൻ സുപ്രീംകോടതിയിൽ കേസ് നടത്തി വിധി വന്നെങ്കിലും അത് യഥാസമയം നടപ്പാക്കുന്നതിലും മെല്ലെ പ്പോക്കും കള്ളക്കളിയും തുടരുകയാണ്.
2014 സെപ്തം. 4 മുതൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് വേതന ആനുപാതിക പെൻഷൻ റദ്ദാക്കിയത് പുന:സ്ഥാപിക്കുക, പെൻഷൻകാർക്ക് സൗജന്യ ചികിത്സാ പദ്ധതി ഏർപ്പെടുത്തുക , സീനിയർ സിറ്റിസൺസിന് ഉണ്ടായിരുന്ന ട്രെയിൻ യാത്ര സൗജന്യം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കുന്നുണ്ട് .
2024 തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണം. ഇതിനായി തുടർ സമര പരിപാടികൾക്ക് ദേശീയ കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്.
ജനുവരി ഒന്നിന് രാവിലെ 10.30ന് ടൗൺഹാൾ പരിസരത്ത് കേന്ദ്രീകരിച്ച് പ്രകടനമായി പിഎഫ് പെർഷൻകാർ ആദായനികുതി ഓഫീസിനു മുമ്പിലെത്തും. പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് പിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

