കോഴിക്കോട്: ജില്ലാ പഞ്ചായത്തിൻ്റെ ലിംഗപദവി പഠന ജില്ലാ റിപ്പോർട്ട് ‘ജ്വാല’ പ്രകാശനവും ശിൽപ്പശാലയും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി നിർവഹിച്ചു. പഠന റിപ്പോർട്ട് ജ്വാലയുടെ ലോഗോ പ്രകാശനവും അധ്യക്ഷ നിർവഹിച്ചു.
ലൈംഗിക ന്യൂനപക്ഷ സമൂഹത്തെ കൂടി ചേർത്തുനിർത്തുന്നതും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതും അവരുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്നതും ലിംഗനീതിയിലേക്ക് എത്തിച്ചേരുന്നതിൻ്റെ ഭാഗമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ആദ്യ ട്രാൻസ്ജെൻഡർ പോളിസി രൂപീകരിക്കാനും കഴിഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാൽ, സമസ്ത മേഖലയിലും ലിംഗനീതി കൈവരിക്കാൻ നിയമനിർമ്മാണം മാത്രം പോര സമൂഹത്തിൻറെ മനോഭാവവും കാഴ്ചപ്പാടും മാറേണ്ടത് ഏറ്റവും പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ജില്ലയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും മനസ്സിലാക്കി തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നേതൃത്വത്തിൽ ജില്ലാ വനിത ശിശു വികസന വകുപ്പിന്റെ ഏകോപനത്തോടെ ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റിയാണ് ലിംഗ പദവി പഠന റിപ്പോർട്ട് തയ്യാറാക്കിയത്. സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, കലാ-കായികം- സംസ്കാരിക ഇടപെടൽ, സ്ത്രീകൾ നേരിടുന്ന വിവേചനം, അതിക്രമം തുടങ്ങി പ്രധാന മേഖലകളിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.
70 ഗ്രാമപഞ്ചായത്തുകളിൽ നിന്നും 12 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുമുള്ള സ്ത്രീകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അഡ്വ. പി ഗവാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി സുരേന്ദ്രൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വി പി ജമീല, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ് സബീന ബീഗം, കില കോ- ഓർഡിനേറ്റർ എൻ വി അനിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ പി എ അഞ്ജന, സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് അസാപ് കേരള അനഘ കമൽ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്തിൻ്റെ ലിംഗപദവി പഠന റിപ്പോർട്ട് ‘ജ്വാല’ പ്രകാശനം ചെയ്തു

