ഫാം ടൂറിസം, ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി, ക്യാൻസർ കെയർ സൊസൈറ്റി, സ്നേഹസ്പർശം- ജില്ലാ പഞ്ചായത്തിന്റെ നടപ്പാക്കിയ അഭിമാന പദ്ധതികൾ
കോഴിക്കോട്:സാമൂഹികനീതിയിൽ അധിഷ്ഠിതമായ വികസന മുന്നേറ്റമാണ് കഴിഞ്ഞ നാല് വർഷങ്ങളായി ജില്ലാ പഞ്ചായത്ത് കാഴ്ച വെച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. 2025 – 26 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ഫാം ടൂറിസം, ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി, ക്യാൻസർ കെയർ സൊസൈറ്റി തുടങ്ങിയവ സംസ്ഥാനത്തിന് തന്നെ മാതൃകയായ ജില്ലാ പഞ്ചായത്തിന്റെ സവിശേഷ പദ്ധതികളാണ്.
കാർഷിക, ഉൽപ്പാദന മേഖലകളിൽ വലിയ മുന്നേറ്റം ഇക്കാലയളവിൽ സാധ്യമാക്കാനായി. ജില്ലാ പഞ്ചായത്തിന് കീഴിലെ അഞ്ച് ഫാമുകളിലെയും പശ്ചാത്തലസൗകര്യം മികച്ച നിലയിൽ മെച്ചപ്പെടുത്തി ഉൽപ്പാദനവും വരുമാന വർദ്ധനവും ഉറപ്പാക്കി. മേഖലയിലെ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ഉറപ്പാക്കാനും സാധിച്ചു. ഈ ഭരണകാലത്ത് നിരവധി തരിശ് നിലങ്ങൾ പ്രയോജനപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഫാം ടൂറിസം പരിപാടികൾ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളുകളിലേക്കും വിപുലീകരിക്കാനാണ് ശ്രമം. വിത്തുദ്പാദന കേന്ദ്രങ്ങളിൽ ഉൾപ്പെടെ മികച്ച പ്രവർത്തനം കാഴ്ചവെക്കാനായി.
കാർഷിക മേഖലയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിന് ആരംഭിച്ച ‘കൃഷിപാഠം’ പരിപാടിക്ക് മികച്ച പ്രതികരണമാണ് വിദ്യാർത്ഥികളിൽ നിന്നുള്ളത്.
വിദ്യാഭ്യാസ മേഖലയിൽ പശ്ചാത്തല സൗകര്യത്തിന് മികച്ച ശ്രദ്ധ നൽകുന്നതോടൊപ്പം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട ഇടപെടൽ ഉറപ്പാക്കി. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസവും ആരോഗ്യവും ഉറപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച ‘പുലർകാലം’, ഉന്നത വിദ്യാഭ്യാസ രംഗത്ത് മാർഗ്ഗനിർദ്ദേശം നൽകുകയും വിദേശ ഭാഷ പഠനത്തിന് ഊന്നൽ നൽകുകയും ചെയ്യുന്ന ‘എജുകെയർ’ തുടങ്ങിയ പദ്ധതികൾ ശ്രദ്ധേയമാണ്.
ക്ഷേമരംഗത്ത് സ്നേഹസ്പർശം ഉൾപ്പെടെയുള്ള അഭിമാനകരമായ പദ്ധതികൾ ഒട്ടേറെയാണ്. സമൂഹത്തിൽ പാർശ്വവൽകരിക്കപ്പെടുന്ന എല്ലാ സാമൂഹ്യവിഭാഗങ്ങളെയും ചേർത്ത് നിർത്തിയും സമഗ്ര നിലയിലുള്ള ക്ഷേമവും ഉറപ്പാക്കിയാണ് എല്ലാ വികസന പ്രവർത്തനങ്ങളും നിർവഹിച്ചു വന്നിട്ടുള്ളത്. വനിതകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ഭിന്നലിംഗക്കാർ തുടങ്ങിയ സാമൂഹ്യ വിഭാങ്ങളെ ഉൾക്കൊണ്ടുള്ള ബഹുമുഖങ്ങളായ പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർവഹിച്ചു വരുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഈ രംഗങ്ങളിലെ മാതൃക ഇടപെടലുകൾ അംഗീകരിക്കുന്നതാണ് ഇക്കാലയളവിൽ തേടിയെത്തിയ നിരവധി സംസ്ഥാന, അന്തർ സംസ്ഥാന പുരസ്കാരങ്ങൾ.
സമഗ്ര പരിരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള വിവര ശേഖരണവും പൂർത്തിയാക്കുകയാണ്. *ഭിന്നലിംഗ വിഭാഗത്തിൽ പെടുന്നവരെ കേന്ദ്രീകരിച്ചുള്ള ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി നടത്തുന്ന ആദ്യ ജില്ലാ പഞ്ചായത്താണ് കോഴിക്കോട്.*
പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് നിരവധി ക്ഷേമ, ശാക്തീകരണ പദ്ധതി പരിപാടികൾ നടപ്പിലാക്കി വരുന്നുണ്ട്. പശ്ചാത്തല വികസന രംഗത്തും മികച്ച ഇടപെടൽ ഉറപ്പാക്കുന്നുണ്ട്. പഠനമുറി ഉൾപ്പെടെയുള്ള പരിപാടികൾ വരും വർഷങ്ങളിലും തുടരും. കൂട്ടായ നീക്കത്തിലുടെ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ മുഖ്യധാര പ്രവേശനം ഉറപ്പാക്കും. വിദ്യാഭ്യാസ രംഗത്തും സ്വയം സംരംഭകത്വ മേഖലയിലും പിന്തുണ നൽകും.
ക്യാൻസർ രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ നേരത്തെയുള്ള കണ്ടെത്തൽ, പ്രാഥമിക പരിശോധനകൾ, തുടർ ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികൾ, ആവശ്യമായ മാർഗനിർദ്ദേശങ്ങൾ, സേവനങ്ങൾ തുടങ്ങിയവ ഉറപ്പാക്കുന്നതിന് ക്യാൻസർ കെയർ സൊസൈറ്റി രൂപീകരിക്കും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടപ്പിൽ വരുത്താനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ പഞ്ചായത്ത് അതിനാവശ്യമായ പിന്തുണ നൽകും.
കിഡ്നി മാറ്റൽ ശാസ്ത്രക്രിയക്ക് സമ്പൂർണ തുക അനുവദിക്കുന്ന ‘ജീവജ്യോതി’ പദ്ധതിയിലുടെ 82 ഓളം രോഗികളുടെ സർജറി പൂർത്തിയാക്കി.
ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഒറ്റ യൂനിറ്റായി നിലക്കൊള്ളണമെന്നും ജില്ലയുടെ ആകെ വികസനത്തിന് കൂട്ടായി പ്രയത്നിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരുടെ അസോസിയേഷൻ സെക്രട്ടറി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജവഹർ പൂമംഗലം, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ഏലിയമ്മ നൈനാൻ എന്നിവർ സംസാരിച്ചു.
വിവിധ വർക്കിങ്ങ് കമ്മിറ്റികൾ നടത്തിയ ചർച്ചകൾ ആസൂത്രണ സമിതി അധ്യക്ഷൻ അബ്ദുൽ ലത്തീഫ് ക്രോഡീകരിച്ചു സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻ പി സുരേന്ദ്രൻ സ്വാഗതവും സീനിയർ സൂപ്രണ്ട് ടി അബ്ദുനാസർ നന്ദിയും പറഞ്ഞു.
സാമൂഹിക നീതിയിലധിഷ്ഠിതമായ വികസന മുന്നേറ്റമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

