മത്സ്യബന്ധന മേഖലയിലെ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കേരളം മാതൃക -കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ
കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ മത്സ്യബന്ധന മേഖലയിലെ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കേരളം മാതൃകയാണെന്ന് കേന്ദ്ര മത്സ്യബന്ധന, ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍. കോഴിക്കോട് കോര്‍പറേഷന്‍ ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫിഷറീസ് മേഖലക്കായി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയില്‍ ഉള്‍പ്പെടുത്തി 1347.5 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ മാര്‍ക്കറ്റാണിതെന്നും അന്താരാഷ്ട്ര തലത്തില്‍ മറ്റു രാജ്യങ്ങളോട് കിടപിടിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മത്സ്യബന്ധന, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. ദുബൈ മത്സ്യ മാര്‍ക്കറ്റിനേക്കാള്‍ വലിയ മാര്‍ക്കറ്റ് കേരളത്തില്‍ വരാന്‍ പോകുന്നതായി മന്ത്രി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുള്ള 57 മാര്‍ക്കറ്റുകള്‍ കേരളത്തില്‍ കിഫ്ബി വഴി സര്‍ക്കാര്‍ നിര്‍മിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമത്തിനൊപ്പം അടിസ്ഥാന വികസനം ഉറപ്പുവരുത്താനും സാധിച്ചതായി അദ്ദേഹം പറഞ്ഞു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയായി.
എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കെ.എസ്.സി.എ.ഡി.സി മാനേജിങ് ഡയറക്ടര്‍ പി എ ഷെയ്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളായ ഡോ. എസ് ജയശ്രീ, പി സി രാജന്‍, ഒ പി ഷിജിന, പി ദിവാകരന്‍, പി കെ നാസര്‍, സി രേഖ, കൗണ്‍സിലര്‍മാരായ എസ് കെ അബൂബക്കര്‍, സദാശിവന്‍, സെക്രട്ടറി കെ യു ബിനി, മുന്‍ മേയര്‍ എം ദാസന്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി കെ സുധീര്‍ കിഷന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ പി.എം.എസ്.എസ്.വൈയില്‍ 55.17 കോടി രൂപ ചെലവിട്ടാണ് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. 10,543 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നാല് നിലകളിലായി നിര്‍മിക്കുന്ന മാര്‍ക്കറ്റ് കെട്ടിടത്തില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യം, ചില്ലറ വില്‍പ്പന കടകള്‍, മത്സ്യ ലേലത്തിലുള്ള സൗകര്യം, ഇറച്ചി കച്ചവട കേന്ദ്രങ്ങള്‍, സ്റ്റോര്‍ റൂമുകള്‍, ശൗചാലയങ്ങള്‍, ഡോര്‍മെറ്ററി, ഫ്രോസണ്‍ മാര്‍ക്കറ്റ്, ഓഫീസ് മുറി, ലബോറട്ടറി, ഫുഡ് സ്റ്റാള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണുണ്ടാവുക. ഖരമാലിന്യ സംസ്‌കരണത്തിനുള്ള നൂതന സംവിധാനങ്ങളായ സിവേജ് പ്ലാന്റ്, ഇഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ് സൗകര്യം എന്നിവയും ഒരുക്കുന്നുണ്ട്. 24 മാസമാണ് മാര്‍ക്കറ്റ് നിര്‍മാണ കാലാവധി.
കോര്‍പറേഷന്‍ ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം

